‘എത്ര വിളമ്പിയാലും കൊതി തീരാത്ത രുചികളേറിയ സദ്യയിലെ വിഭവങ്ങൾ പോലെ, മാതൃഭാഷ’

സംസ്‌കാരത്തിന്റെ ആത്മാവാണ് ഭാഷ. മനുഷ്യൻ ഉണ്ടായ കാലം മുതൽ അല്ലെങ്കിൽ മനനം ചെയ്യാൻ തുടങ്ങിയ നിമിഷം മുതൽ മനുഷ്യൻ ഭാഷയെ കൂട്ടു പിടിച്ചിരുന്നു. ക്യൂണിഫോം മുതൽ ആംഗലേയം വരെ എത്തിനിൽക്കുന്ന ഭാഷാ വൈവിധ്യങ്ങൾ ലോകത്ത് പല കോണിലും ഓരോ മനുഷ്യനെയും സ്വാധീനിക്കുന്നുണ്ട്. ഒരാൾ ജനിക്കുമ്പോൾ ഏതു ഭാഷയിലാണ് ആദ്യക്ഷരങ്ങൾ ശ്രവിക്കുന്നത് അന്നുമുതൽ ഒരുപക്ഷേ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ ഭാഷയുമായുള്ള സംവാദത്തിൽ ഒരു മനുഷ്യൻ ഇടപെടുന്നുണ്ടായിരിക്കും.
ലോകത്തെ ഓരോ മനുഷ്യപരമ്പരകൾക്കും അവരുടേതായ മാതൃഭാഷ ഉണ്ടാകും. നമുക്ക് മലയാളം പോലെ തമിഴർക്ക് തമിഴ് പോലെ ആഫ്രിക്കയിൽ ഐബോ ഭാഷ പോലെ ഭാഷകൾ ദേശങ്ങളിൽ പലവിധമായ രീതികളിൽ പ്രകടമാണ്.
നമ്മുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന അക്ഷരങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് നമ്മുടെ മാതൃഭാഷ. നാം ഏതു ഭാഷയിൽ ചിന്തിക്കുന്നു, ആലോചിക്കുന്നു, സംസാരിക്കുന്നു, എഴുതുന്നു എല്ലാത്തിലും മാതൃഭാഷയുടെ സ്വാധീനം കൂടിയേ തീരൂ. ഒരു ഇംഗ്ലീഷ് പ്രഭാഷണം നടത്തുമ്പോഴും എഴുതുമ്പോഴും നമ്മൾ നമ്മുടെ ഭാഷയിൽ ആണ് ചിന്തിക്കുന്നത്. അതിന്റെ തർജ്ജമയാണ് നമ്മൾ പ്രകടിപ്പിക്കുന്നത്.
‘മറ്റുള്ള ഭാഷകൾ കേവലം ദാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷ താൻ, മാതവിൻ വാത്സല്യ ദുഗ്തം നുകർന്നാലേ പൈതങ്ങൾ പൂർണവളർച്ച നേടൂ’ എന്ന വള്ളത്തോൾ വരികൾ മലയാളികൾക്ക് മാത്രമല്ല ലോകർക്ക് മുഴുവൻ അഭിമാനവും സ്വീകര്യപ്രദവുമാണ്. ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു കണക്ക്. മാതൃഭാഷയായി ഏറ്റവും കൂടുതൽപേർ സംസാരിക്കുന്നത് മൻഡാരിൻ ചൈനീസാണ്. എന്നാൽ, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താൽ ഇംഗ്ലീഷാണ് ഒന്നാം സ്ഥാനത്ത്. ഈ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം.
ബംഗ്ല ഭാഷയെ പാക്കിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശുകാർ (അന്നത്തെ കിഴക്കൻ പാകിസ്താൻ) നടത്തിയ പോരാട്ടത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെട്ടു. അതിന്റെ സ്മരണക്കയാണ് ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനമായി ആചരിക്കുന്നത്. യുനെസ്‌കോയാണ് 1999-ൽ മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനമെടുത്തത്. 2000 ഫെബ്രുവരി 21-നായിരുന്നു ആദ്യം മാതൃഭാഷാ ദിനമായി ആചരിച്ചത്. ലോക മാതൃഭാഷാ ദിനം ബംഗ്ലാദേശിൽ പൊതുഅവധി ദിനമായി നൽകുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തു നിലവിലുള്ള സംസാരഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
നമ്മുടെ പൂർവികരും ഭാഷാസ്‌നേഹികളും നൽകിയ പദസമ്പത്തുകളും ഭാഷാ വൈഭവവും എത്ര വിളമ്പിയാലും കൊതി തീരാത്ത രുചികളേറിയ സദ്യയിലെ കൂട്ടുകറികൾ പോലെ അവയെ രുചിക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും പുതുതലമുറയാണ്. അതിനുള്ള ദീപശിഖ ആകട്ടെ ഇത്തവണത്തെ ലോക മാതൃഭാഷ ദിനം. നമ്മുടെ ഭാഷ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.
Content Highlights: Explore the profound connection between language, culture, and identity. Discover why mother tongues are vital for thought, expression, and preserving heritage.