ജന്മവാര്‍ഷികങ്ങള്‍ കടന്നുപോകുന്നു, തിക്കോടിയന് ഇനിയും സ്മാരകമുയര്‍ന്നില്ല

കോഴിക്കോട്:കോഴിക്കോടിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന തിക്കോടിയന് നഗരത്തില്‍ ഇനിയും ശ്രദ്ധേയമായൊരു സ്മാരകമുയര്‍ന്നില്ല. ഫെബ്രുവരി 15-ന് അദ്ദേഹത്തിന്റെ 106-ാം ജന്മവാര്‍ഷികം അധികമാരും ഓര്‍ക്കാതെ കടന്നുപോയി.
കോഴിക്കോടിന്റെ സ്‌നേഹശാഠ്യങ്ങള്‍ക്ക് വഴങ്ങിയാണ് തിക്കോടിയന്‍ നാടകങ്ങളും നോവലുകളും എഴുതിയത്. ചുവന്നകടലും അശ്വഹൃദയവും അരങ്ങുകാണാത്ത നടനുമൊക്കെ തിക്കോടിയന്‍ എഴുതിയത് 'മാതൃഭൂമി'യില്‍നിന്ന് എം.ടി. നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന് മകള്‍ പുഷ്പ ഓര്‍ക്കുന്നു.
ആകാശവാണിയില്‍ ജോലിചെയ്യുമ്പോള്‍ത്തന്നെ നാടകം ഓരോ പേജായി എഴുതി പ്രൊഡ്യൂസര്‍ക്ക് നല്‍കുന്ന രീതിയായിരുന്നു അച്ഛന്റേതെന്ന് പുഷ്പ പറഞ്ഞു.
സൗഹൃദത്തില്‍ തലമുറകളുടെ വിടവ് തിക്കോടിയന്‍ എന്ന പി. കുഞ്ഞനന്തന്‍ നായര്‍ക്കുണ്ടായിരുന്നില്ല. മിക്കദിവസങ്ങളിലും വൈകീട്ട് എന്‍.ബി.എസിലെത്തുന്ന തിക്കോടിയന് അളകാപുരിയിലായിരുന്നു സൗഹൃദക്കൂട്ടായ്മ. കെ.എ. കൊടുങ്ങല്ലൂര്‍, പട്ടത്തുവിള കരുണാകരന്‍, എന്‍.പി. മുഹമ്മദ്, ഇളമുറക്കാരായ അക്ബര്‍ കക്കട്ടില്‍, വി.ആര്‍. സുധീഷ് തുടങ്ങിയവരൊക്കെ ആ സ്‌നേഹവലയത്തിലുണ്ടാവും.
പുഷ്പശ്രീ ട്രസ്റ്റിന്റെ പേരില്‍ അവാര്‍ഡ് ദാനവും തിക്കോടിയന്‍ അനുസ്മരണവും നടത്തിവരാറുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളും മറ്റുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി അതും മുടങ്ങിയിരിക്കയാണെന്ന് ട്രസ്റ്റ് സെക്രട്ടറിയും കസ്റ്റംസ് ജോയന്റ് കമ്മിഷണറുമായിരുന്ന പി. രാധാകൃഷ്ണന്‍ പറഞ്ഞു. പി.വി. ഗംഗാധരനും എം.ബി. കൃഷ്ണക്കുറുപ്പുമൊക്കെയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്.
തിക്കോടിയന് ഇവിടെ ഉചിതമായൊരു സ്മാരകം വേണമെന്നത് അക്ഷരസ്‌നേഹികളുടെയെല്ലാം ഏറെക്കാലമായുള്ള ആഗ്രഹമാണ്. 2005-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിന്റെ ആലോചന സജീവമായി നടന്നിരുന്നു. പക്ഷേ, നഗരത്തില്‍ അതിന് സൗകര്യപ്രദമായൊരു സ്ഥലം കണ്ടെത്താന്‍ ഇനിയുംകഴിഞ്ഞിട്ടില്ല.
1952-ല്‍ തിക്കോടിയന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ദേശപോഷിണി കലാസമിതി കേരളത്തിലെ നാടകസംസ്‌കാരത്തിന് വലിയസംഭാവനകളാണ് നല്‍കിയത്. ആ പൈതൃകം ഏറ്റെടുത്ത പുതിയതലമുറയും മലയാള നാടകവേദിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളസംഗീത നാടകഅക്കാദമിയുടെ ചെയര്‍മാനായും തിക്കോടിയന്‍ പ്രവര്‍ത്തിച്ചിരുന്നു.
തിക്കോടിയന്റെ നാട്ടിലും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒന്നുമില്ല. പയ്യോളി ഹൈസ്‌കൂളിന് തിക്കോടിയന്റെ പേര് നല്‍കണമെന്നൊരു ആവശ്യം മുമ്പുയര്‍ന്നിരുന്നു. അതും നടപ്പായില്ല.
കോഴിക്കോട് ആകാശവാണിയില്‍നിന്ന് പ്രൊഡ്യൂസറായാണ് തിക്കോടിയന്‍ വിരമിച്ചത്. ഏകമകള്‍ പുഷ്പയും ആകാശവാണിയില്‍ത്തന്നെ പ്രോഗ്രാം എക്‌സിക്യുട്ടീവായിരുന്നു. പറയഞ്ചേരിയിലെ 'പുഷ്പശ്രീ' ഒരുകാലത്ത് സാംസ്‌കാരിക നായകന്‍മാരുടെ സംഗമസ്ഥാനമായിരുന്നു. അവിടെയിപ്പോള്‍ അച്ഛന്റെ ഓര്‍മകളാണ് പുഷ്പയ്ക്ക് കൂട്ട്.
അക്ഷരപ്രേമികളുടെ മനസ്സില്‍ തിക്കോടിയന് എന്നും സ്മാരകമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Monument to Thikkodiyan has not been erected yet
Content Highlights: