മേതില് രാധാകൃഷ്ണന് പ്രഥമ ഇ-മലയാളി പുരസ്കാരം

ന്യൂയോര്ക്ക്: ന്യൂയോര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രസിദ്ധീകരണസ്ഥാപനമായ ഇ-മലയാളി ഏര്പ്പെടുത്തിയ പ്രഥമ ഇ-മലയാളി പുരസ്കാരം എഴുത്തുകാരനും കോളമിസ്റ്റുമായ മേതില് രാധാകൃഷ്ണന്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്ഡ്. ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്മ്മിതബുദ്ധി മുഖ്യവിഷയമാക്കി 1999-ല് പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യന്, യന്ത്രം' എന്ന കൃതിയെ മുന്നിര്ത്തിയാണ് പുരസ്കാരം നല്കുന്നത്.
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില് മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്കിയ എഴുത്തുകാരനാണ് മേതില് രാധാകൃഷ്ണനെന്നും എഴുത്തില് മലയാളി എന്നും സ്നേഹത്തോടെ ഓര്ക്കേണ്ട അപൂര്വ്വ രചനകള് മേതിലിനു മാത്രം സ്വന്തമാണെന്നും പുരസ്കാര സമിതി വിലയിരുത്തി.
തൃശ്ശൂര് പ്രസ് ക്ല്ബ്ബില് ഒക്ടോബര് 19 ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില് വെച്ച് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു പുരസ്കാരത്തുകയും സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന് ഫലകവും സമ്മാനിക്കുമെന്ന് ഇ മലയാളി എഡിറ്റര് ജോര്ജ് ജോസഫ് അറിയിച്ചു.