പുതിയ എഴുത്തുകാർ സാഹിത്യത്തിലെ തിരസ്കരണവും സ്വീകരിക്കാൻ തയ്യാറാകണം -ബെന്യാമിൻ

നവാഗത എഴുത്തുകാര്‍ക്കായി മാതൃഭൂമി ആഴ്ചപതിപ്പും വനം-വന്യജീവി വകുപ്പും ചേര്‍ന്ന് നടത്തുന്ന അക്ഷര പ്രകൃതി ശില്പശാല സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍, പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. സാജു എന്നിവര്‍ സമീപം.
നവാഗത എഴുത്തുകാര്‍ക്കായി മാതൃഭൂമി ആഴ്ചപതിപ്പും വനം-വന്യജീവി വകുപ്പും ചേര്‍ന്ന് നടത്തുന്ന അക്ഷര പ്രകൃതി ശില്പശാല സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍, പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. സാജു എന്നിവര്‍ സമീപം.

തേക്കടി: സമൂഹ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും പുതിയ എഴുത്തുകാർ വരുന്നത് പ്രതീക്ഷ നൽകുന്നെന്നും, എന്നാൽ, സാഹിത്യത്തിലെ തിരസ്‌കരണങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറാകണമെന്നും എഴുത്തുകാരൻ ബെന്യാമിൻ.

മാതൃഭൂമി ആഴ്ചപതിപ്പും വനം-വന്യജീവി വകുപ്പും ചേർന്ന് തേക്കടി ബാംബു ഗ്രോവിൽ, നവാഗത എഴുത്തുകാർക്കായി നടത്തുന്ന അക്ഷര പ്രകൃതി സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തിന്റെ ഭാഷയെന്താണ്, എഴുത്തെന്താണ് എന്നെല്ലാം അറിയണമെങ്കിൽ വായന വേണം. മറ്റ് സൂത്രപ്പണികളൊന്നുമില്ല. ഭാഷയെ ജീവിതവുമായി കൂട്ടിച്ചേർത്ത് എഴുതുമ്പോളാണ് നല്ല കൃതികളുണ്ടാകുന്നത്. മികച്ച സൃഷ്ടിയാണെങ്കിൽപ്പോലും ചിലപ്പോൾ തിരസ്‌കരിക്കപ്പെടാം. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് സ്വയം മെച്ചപ്പെടാൻ ശ്രമിക്കണം. സത്യത്തിന്റെ ദൈവികമായ വെളിപ്പെടുത്തലാണ് സാഹിത്യം. യുവ എഴുത്തുകാർ ആരെയും അനുകരിക്കാതെ സ്വന്തം ഇടങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

വാക്കുകൾക്കൊപ്പം പുതിയ എഴുത്തുകാർക്ക് കാടിനെ അറിയാനും ക്യാമ്പ് സഹായിക്കുമെന്ന് ആമുഖപ്രഭാഷണം നടത്തിയ ക്യാമ്പ് ഡയറക്ടറും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് അധ്യക്ഷനായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ മുഖ്യാതിഥിയായി. ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. യു. സാജു, വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, അസി.ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, മാതൃഭൂമി സീനിയർ കറസ്‌പോണ്ടന്റ് ജോർജ് തോമസ് എന്നിവർ സംസാരിച്ചു.

എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ജെ. പ്രമീളാ ദേവി, കണിമോൾ എന്നിവർ ക്ലാസ് നയിച്ചു. മാതൃഭൂമി വിഷുപ്പതിപ്പ്, കോളേജ് വിദ്യാർഥികൾക്കായി നടത്തിയ കഥ, കവിതാ മത്സരങ്ങളിൽ അവസാന ഘട്ടത്തിലെത്തിയ 50 പേരാണ് ക്യാമ്പിന് എത്തിയത്.

ശനിയാഴ്ച വിവിധ സെഷനുകളിലായി കോഴിക്കോട് ഡി.എഫ്.ഒ. ജോഷ്വിൽ, എഴുത്തുകാരായ കെ. രേഖ, വീരാൻകുട്ടി, പി.വി. ഷാജികുമാർ, മനോജ് കുറൂർ, ഗിരീഷ് പുലിയൂർ എന്നിവർ സംവദിക്കും. ജെയിംസ് സക്കറിയ, സൈമൺ ഫ്രാൻസിസ്, മനു സത്യൻ, ജോസഫ് ജെ. കരൂർ എന്നിവർ നയിക്കുന്ന പാനൽ ചർച്ചയുമുണ്ട്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Content Highlights: Benyamin emphasizes that reading is the only shortcut to understanding contemporary language., New writers are encouraged to embrace rejection as a learning tool for self-improvement., The Akshara Prakrithi workshop combines nature and literature for budding writers., The event is organized by Mathrubhumi Weekly and the Forest Department at Thekkady.