'ആണ്ടോളംനീണ്ട വായന'; വായനയോട് കൂട്ടുകൂടി കുരുന്നുകള്‍, ഒപ്പം ചേര്‍ന്ന് മാതൃഭൂമി സീഡ്

ആണ്ടോളംനീണ്ട വായന പദ്ധതിയുമായി ദേവമാതാ എൽ.പി സ്കൂളിലെ കുട്ടികൾ
ആണ്ടോളംനീണ്ട വായന പദ്ധതിയുമായി ദേവമാതാ എൽ.പി സ്കൂളിലെ കുട്ടികൾ

കല്പറ്റ: ആണ്ടോളംനീണ്ട വായനയും പുസ്തകക്കുടുക്കയുമൊക്കെയായി വായനയെ ചേര്‍ത്തുപിടിക്കുകയാണ് കുരുന്നുകള്‍. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ വായനയോട് കൂട്ടുകൂടുന്നത്.

കൊളവയല്‍ സെയ്ന്റ് ജോര്‍ജ് എഎല്‍പി സ്‌കൂളിലാണ് 'ആണ്ടോളംനീണ്ട വായന' പദ്ധതി തുടങ്ങിയത്. വാര്‍ഡംഗം കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ വായനദിന പ്രതിജ്ഞയെടുത്തു. വിദ്യാര്‍ഥി എം.എസ്. ആത്മിക, സ്‌കൂള്‍ലൈബ്രറിയിലേക്ക് മാതൃഭൂമിപത്രം നല്‍കി. പ്രധാനാധ്യാപിക കെ.ജെ. മിന്‍സിമോള്‍, സീഡ് കോഡിനേറ്റര്‍മാരായ സി. റോസ്മിന്‍, അമ്പിളി ആന്റണി, റബിഹ്, അജില്‍ എന്നിവര്‍ സംസാരിച്ചു.

എസ്ഡിഎം എല്‍പിഎസില്‍ വായനപക്ഷാചരണം എസ്!!െകഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഷാജി മട്ടന്നൂര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ടി.എന്‍. പുഷ്പ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി. അധ്യാപകരായ വി.കെ. വിജയകുമാര്‍, എം.പി. ശ്രീപ്രിയ, പി. ജീജ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി: ജിഎച്ച്എസ്എസിലാണ് പുസ്തകക്കുടുക്ക പദ്ധതി നടപ്പാക്കിയത്. ക്ലാസുകളില്‍ കുടുക്കകള്‍ സ്ഥാപിച്ച് ചെറിയൊരു തുക അധ്യാപകരും കുട്ടികളും ചേര്‍ന്ന് നിക്ഷേപിക്കുകയും ഈ തുക ക്ലാസ് ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നതാണ് പദ്ധതി. സുഗന്ധഗിരി യുപിഎസ് പ്രധാനാധ്യാപകന്‍ ടി.കെ. അബ്ബാസ് ഉദ്ഘാടനംചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുള്ള, അധ്യാപകരായ ടി. ജസീം, പ്രവീണ്‍ ദാസ്, എസ്. ശ്യാമ, സുമയ്യ നര്‍ഗീസ്, എം.ബി. രേഷ്മ, സ്‌കൂള്‍ സീഡ് കോഡിനേറ്റര്‍ ശരത് റാം എന്നിവര്‍ നേതൃത്വം നല്‍കി.

വെണ്ണിയോട്: എസ്എഎല്‍പി സ്‌കൂളില്‍ പുസ്തകറാലി നടത്തി. ശേഷം, ക്ലാസ് ലൈബ്രറിയില്‍ പുസ്തകങ്ങള്‍ സജ്ജമാക്കി. കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകള്‍ കുട്ടികള്‍ പാടി.

കോട്ടത്തറ: വായിച്ചറിഞ്ഞും കേട്ടറിഞ്ഞതുമായ കഥകളിലെ കഥാപാത്രങ്ങളുടെയും കഥാകൃത്തുകളുടെയും വേഷം ധരിച്ചായിരുന്നു മെച്ചന ഗവ. എല്‍പിഎസിലെ കുട്ടികള്‍ വായനദിനം ആഘോഷിച്ചത്. ഓരോരുത്തരും ധരിച്ച വേഷത്തില്‍ കഥാപാത്രത്തിന്റെയും കഥാകൃത്തുകളുടെയും പേരുകളെഴുതിയ ബാഡ്ജും ഉണ്ടായിരുന്നു. വായനദിന പ്രതിജ്ഞ, വായനസഞ്ചി, വായനമത്സരങ്ങള്‍ എന്നിവയും നടത്തി. കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി. പ്രധാനാധ്യാപിക കെ.എ. അമ്മുജ വായനസന്ദേശം നല്‍കി. സീഡ് കോഡിനേറ്റര്‍ എം.ജെ. അരുണ്‍ പ്രകാശ്, സ്റ്റാഫ് സെക്രട്ടറി പി.ബി. സരിത, അധ്യാപകരായ മുഹമ്മദ് ഷെരീഫ്, ജെസ്ലിന്‍, അഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.

ആടിക്കൊല്ലി: ദേവമാത എഎല്‍പിഎസില്‍ വായനദിനാഘോഷവും പുസ്തകപ്രദര്‍ശനവും നടത്തി. കുട്ടികള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്ന പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു. മുന്‍ അധ്യാപകന്‍ കെ.എം. ജോസ് ഉദ്ഘാടനംചെയ്തു. മദര്‍ പിടിഎ പ്രസിഡന്റ് ദീപ്തി ബിന്റോ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ അലക്‌സ് മാത്യു, സി. ആഗ്‌നസ് മാത്യുസ്, സീഡ് കോഡിനേറ്റര്‍മാരായ അമ്പിളി മാത്യു, സിനി ഫ്രാന്‍സീസ്, വിദ്യാര്‍ഥി പ്രതിനിധികളായ എയ്‌വാന്‍ സന്തോഷ്, റിയാന്‍ സ്മിത്ത്, എ. കൃതിക എന്നിവര്‍ സംസാരിച്ചു.

കമ്പളക്കാട്: യുപിഎസില്‍ പുസ്തകപ്രദര്‍ശനവും പി.എന്‍. പണിക്കര്‍ അനുസ്മരണവും നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയും സീഡ് ക്ലബ്ബും ചേര്‍ന്നാണ് പരിപാടികള്‍ നടത്തിയത്. പ്രധാനാധ്യാപകന്‍ ഒ.സി. എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു.

Content Highlights: mathrubhumi seed organized reading projects in wayanad schools