ഇഷ്ടമല്ലാത്ത സത്യമെഴുതിയാല്‍ ആക്രമിക്കപ്പെടുന്ന കാലം -എം.വി. ശ്രേയാംസ്‌കുമാര്‍

കോഴിക്കോട്: ഇഷ്ടമല്ലാത്ത സത്യങ്ങളെഴുതിയാല്‍ ആക്രമിക്കപ്പെടുന്ന കാലമാണിതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍. എഴുത്തിലും പൊതുരംഗത്തെ മറ്റ് ഇടപെടലുകളിലും സാറാ ജോസഫ് സത്യം പറയാനുള്ള ധൈര്യം കാട്ടുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സാഹിത്യ പുരസ്കാരദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജവാര്‍ത്തകള്‍ സത്യമെന്ന് വലിയ വിദ്യാഭ്യാസമുള്ളവര്‍പോലും വിശ്വസിക്കുന്നു. സമൂഹത്തിലെ മോശം പ്രവണതകള്‍ക്കെതിരേ നിലപാടെടുക്കാനും അത് സധൈര്യം വിളിച്ചുപറയാനും എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും തയ്യാറാവണം.
സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായാണ് മാതൃഭൂമി ഉണ്ടായത്. രാജ്യം സ്വാതന്ത്ര്യം നേടി. എന്നാല്‍, നാം പൂര്‍ണരൂപത്തില്‍ സ്വതന്ത്രരോ എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്.
അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതാവുന്ന സ്ഥിതിയാണ് ഇന്ത്യയില്‍. സ്വാതന്ത്ര്യം ഉറപ്പാക്കാന്‍വേണ്ടി ഇടപെടാന്‍ അസാമാന്യധൈര്യം വേണം. അത് മാതൃഭൂമിക്കുണ്ട് -ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
Content Highlights: Truth Under Attack: Journalist`s Courage in India