സംസ്‌കാരത്തിന്റെ സത്ത ഭാഷയിൽ- വി. മധുസൂദനൻ നായർ

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഭാഗമായി മാതൃഭൂമി ആഴ്ചപ്പതിപ്പും സംസ്ഥാന വന്യജീവി വകുപ്പും ചേര്‍ന്ന് കലാലയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'അക്ഷരപ്രകൃതി' സാഹിത്യ ക്യാമ്പില്‍ ഉദ്ഘാടകന്‍ കവി വി. മധുസൂദനന്‍ നായര്‍ ക്യാമ്പ് അംഗങ്ങള്‍ക്കൊപ്പം. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, കവയിത്രി പ്രമീളാദേവി, ക്യാമ്പ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍, തിരുവനന്തപുരം ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് എന്നിവര്‍ സമീപം

തിരുവനന്തപുരം: സാഹിത്യം മനോഹരമാകാൻ പ്രകൃതിയെ അറിയുന്നത് എത്രത്തോളം സഹായകരമാകുമെന്ന് ഓർമിപ്പിച്ച് മാതൃഭൂമി 'അക്ഷരപ്രകൃതി' ക്യാമ്പിനു തുടക്കമായി. നെയ്യാർഡാമിൽ കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.

കനകക്കുന്നിൽ ജനുവരി 29മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഭാഗമായി വനം, വന്യജീവി വകുപ്പുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏറ്റവും നല്ല ഭാഷ കൈവരിക്കാനാണ് എഴുത്തിലേക്കു കടന്നുവരുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് മധുസൂദനൻ നായർ പറഞ്ഞു. സംസ്‌കാരത്തിന്റെ മുഴുവൻ സത്ത ഭാഷയിലാണ്. എഴുത്തുകാർ ചിന്തിക്കുന്നവരാകണമെന്നും മധുസൂദനൻ നായർ പറഞ്ഞു.

നവാഗതരായ എഴുത്തുകാർക്ക് കാടിനെയും സാഹിത്യകാരൻമാരെയും അടുത്തറിയാൻ അവസരമൊരുക്കുന്ന ക്യാമ്പിൽ തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള ജില്ലകളിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 27 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

കാട് സ്വന്തം വീടായി കാണാൻ ക്യാമ്പിലൂടെ കഴിയുമെന്ന് ക്യാമ്പ് ഡയറക്ടറും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കാടാണ് മനുഷ്യന്റെ ഈറ്റില്ലം. അക്ഷരവും പ്രകൃതിയും തമ്മിൽ പൗരാണികകാലം മുതലേ ബന്ധമുണ്ട്. അതിനാൽ 'അക്ഷരപ്രകൃതി' എന്ന ക്യാമ്പിന്റെ പേരുതന്നെ ഏറ്റവും യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ അധ്യക്ഷനായി. വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, കവയിത്രി പ്രമീളാദേവി, മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി. അനിൽകുമാർ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ ആർ. മുരളി, വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ജോഷിൽ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനശേഷം ഡോ. പ്രമോദ് ജി. കൃഷ്ണൻ 'പരിസ്ഥിതിയും സാഹിത്യവും' എന്ന വിഷയത്തിലും പ്രമീളാദേവി 'കവിതയുടെ ലോകാന്തരങ്ങൾ' എന്ന വിഷയത്തിലും ചർച്ചകൾ നയിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

'മാതൃഭൂമി ഒരുക്കുന്നത് വലിയ അവസരം'
നല്ല വാക്കുകൾ എഴുതണമെന്ന് കവി വി. മധുസൂദനൻ നായർ. വാക്കുകൾകൊണ്ട് ഇന്ദ്രിയങ്ങൾക്കതീതമായ ദർശനങ്ങളെ ആവിഷ്‌കരിക്കാം. ഭാവസാഗരങ്ങളും സൃഷ്ടിക്കാം. അക്ഷരത്തെ നല്ലരീതിയിൽ വിന്യസിക്കുന്നയാൾ നല്ല എഴുത്തുകാരനാകും.

സാഹിത്യത്തിലും പ്രകൃതിസംരക്ഷണത്തിലും മാതൃഭൂമിക്കു വളരെ വലിയ പാരമ്പര്യമാണുള്ളതെന്ന് മധുസൂദനൻ നായർ പറഞ്ഞു. പ്രകൃതിയുടെ മടിത്തട്ടിലേക്കു വരാൻ നിങ്ങളോരോരുത്തരെയും മാതൃഭൂമി ക്ഷണിച്ചിരിക്കുകയാണ്. ഭാവിയിലെ മികച്ച എഴുത്തുകാരും പരിസ്ഥിതിസംരക്ഷകരും ആകാൻ എല്ലാവർക്കും കഴിയട്ടെയെന്നും മധുസൂദനൻ നായർ ആശംസിച്ചു.

Content Highlights: Mathrubhumi`s `AksharaPrakruthi` camp blends nature and literature. Inaugurated by V. Madhusoodanan Nair, it`s a unique opportunity for aspiring writers.