സാഹിത്യസദസുകളിലേക്ക് തന്റെ അപരന്മാരായി അഭിനയിക്കാൻ നടന്മാരെ അയയ്ക്കുന്ന എഴുത്തുകാരൻ

#ജോജോ ആന്റണി
ബ്യൂട്ടി സലോൺ എന്ന കൃതിയുടെ കവർചിത്രം, മരിയോ ബെയാറ്റിൻ
ബ്യൂട്ടി സലോൺ എന്ന കൃതിയുടെ കവർചിത്രം, മരിയോ ബെയാറ്റിൻ

'ബ്യൂട്ടി സലോൺ' എന്ന ചെറുനോവൽ കയ്യിലെത്തുന്നതുവരെ മാരിയോ ബെയാറ്റിൻ (Mario Bellatin) എന്ന എഴുത്തുകാരനെ ഞാൻ കേട്ടിട്ടേയില്ലായിരുന്നു. വായന തുടങ്ങുന്നതിനു മുമ്പ് ഗൂഗിളിൽ ഒന്ന് പരതി, അപ്പോഴാണ് പെറുവിൽനിന്നുള്ള മാതാപിതാക്കൾക്ക് മെക്സിക്കോയിൽവച്ച് ജനിച്ചയാളാണെന്നും പേരിൻ്റെ ഉച്ചാരണം ബെലാറ്റിൻ എന്നല്ല ബെയാറ്റിൻ എന്നാണെന്നുമൊക്കെയുള്ള വിവരങ്ങൾ കിട്ടുന്നത്. മനസ്സ് ഒരമ്പത് വർഷം പുറകോട്ടു പോയി, എഴുപതുകളുടെ രണ്ടാം പകുതിയിൽ വായിച്ച ഒരു കവിതയിലേക്ക്.

അക്കാലത്ത് ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമായിരുന്നു പ്രശസ്ത കവി കെ. സച്ചിദാനന്ദൻ. സെംഗോറിൻ്റെയൊക്കെ (Léopold Sédar Senghor) കവിതകൾ അത്തരത്തിൽ വായിച്ച ഓർമ്മ ഇന്നും മങ്ങാതെ. അക്കൂട്ടത്തിൽ വായിച്ച ഒന്നാണ് 'ജനം' (Masses) എന്ന കവിത. ആ കൊച്ചു കവിത തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു.

"യുദ്ധം കഴിഞ്ഞപ്പോൾ, പോരാളി മരിച്ചപ്പോൾ
ഒരുവൻ അവന് നേരെ ചെന്ന് അവനോട് പറഞ്ഞു:
മരിക്കരുത് സഹോദരാ, എനിക്ക് നിന്നെ അത്രമാത്രം ഇഷ്ടമാണ്.
എന്നാൽ ശവം, അതിന് ദുഃഖമായിരുന്നു,
അത് മരിച്ചു കൊണ്ടേയിരുന്നു."(1)

സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട ഈ കവിതയെ കുറിച്ച് മനസ്സിൽ ഇപ്പോഴും ഊറിക്കിടക്കുന്ന മറ്റൊരു കാര്യവും കൂടിയുണ്ട്. ഈ കുറിപ്പിനൊടുവിൽ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷ ശ്രദ്ധിച്ചാൽ അത് തിരിച്ചറിയാം. ആദ്യ ഖണ്ഡികയിലെ അവസാന വാക്യത്തിൻ്റെ മലയാള പാഠം "എന്നാൽ ശവം, ഹാ കഷ്ടം, മരിച്ചു കൊണ്ടേയിരുന്നു" എന്നാവേണ്ടിയിരുന്നിടത്ത് സച്ചിദാനന്ദൻ പരിഭാഷയിൽ എടുത്ത സ്വാതന്ത്ര്യം ആ വരികളുടെ ഭംഗി കൂട്ടിയെന്ന് എനിക്ക് തോന്നിയിരുന്നു.

ഈ കവിത എഴുതിയത് സെസാർ വയേഹോ (Cesar Vallejo) എന്ന പെറുവിയൻ കവി. സ്പാനിഷ് ഭാഷയുടെ ഉച്ചാരണം ഇംഗ്ലീഷ് അക്ഷരങ്ങളുമായി ഇടയുന്നത് വെളിവാക്കി തന്നത് ഈ പേരുകളൊക്കെയാണ്. ഉച്ചാരണത്തിലെ ഈ പ്രത്യേകതയാണ് മാരിയോ ബെയാറ്റിൻ്റെ പേര് കേട്ടപ്പോൾ സെസാർ വയേഹോവിനെ ഓർമ്മയിൽ കൊണ്ടെത്തിച്ചതും.

അധികം പരിചയമില്ലാത്ത പേരായതിനാലാണ് ‘ബ്യൂട്ടി സലോൺ’ വായന തുടങ്ങുന്നതിന് മുമ്പ് എഴുത്തുകാരനെ കൂടുതൽ തിരഞ്ഞത്, ആ ശ്രമം വിചിത്രങ്ങളായ കൗതുകങ്ങളൊരുപാട് പുറത്തു കൊണ്ടുവന്നു.

മാരിയോ ബെയാറ്റിൻ ജനിച്ചത് ശാരീരികവൈകല്യത്തോടെയാണ്. വലതുകൈ മുട്ടുവരെ മാത്രം. കൈത്തണ്ടയും കൈപ്പത്തിയും ഉണ്ടായിരുന്നില്ല. ഗർഭിണികൾക്കു സുഖനിദ്രയ്ക്കായി കൊടുത്തിരുന്ന താലിഡോമൈഡ് എന്ന മരുന്ന് ഗർഭസ്ഥശിശുവിൽ അംഗവൈകല്യം- ഫോക്കോമീലിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക- ഉണ്ടാക്കുമെന്ന് അക്കാലങ്ങളിൽ തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻ്റെ "പൂക്കൾ" (Flowers) എന്ന ചെറുനോവലിൽ ഇക്കാര്യം പ്രധാന ചിന്തയായി കടന്നു വരുന്നുണ്ട്.

ഒരുപാട് മാനസിക വിഷമങ്ങളിലേക്ക് നയിക്കാമായിരുന്ന ഈ വൈകല്യത്തെ ആഘോഷിക്കാനായിരുന്നു ബെയാറ്റിൻ്റെ തീരുമാനം. അതിനായി അദ്ദേഹം വിചിത്രാകൃതിയിലുള്ള കൃത്രിമ കൈകൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. 2009 ജൂലൈയിൽ ബ്രസീലിൽ നടന്ന പരാട്ടി അന്താരാഷ്ട്ര സാഹിത്യമേളയിൽ, സോഫി കാലെ എന്ന ഫ്രെഞ്ച് കലാകാരി ഇരിക്കുന്ന വേദിയിലേക്ക് കൈയുടെ സ്ഥാനത്ത് പുരുഷലിംഗത്തിൻ്റെ ആകൃതിയിലുള്ള വെള്ളി നിറത്തിലെ വെച്ചുകെട്ടുമായി ബെയാറ്റിൻ കടന്നുചെന്നു. ബൗദ്ധിക വ്യായാമങ്ങളുടെ ഇടയിൽ അശ്ലീലതയുടെ കടന്നുകയറ്റം സംഘാടകരെ എത്രമാത്രം നാണം കെടുത്തി എന്നത് വൈകാതെ ലോകം അറിഞ്ഞു, ബെലാറ്റിന് അത് ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയമേ ആയിരുന്നില്ല എങ്കിലും.

സാഹിത്യ സദസ്സുകളിലേക്ക് പകരക്കാരെ അയയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു വിനോദം. അതിനായി അഭിനേതാക്കളെ പണം കൊടുത്ത് പല അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്കും അയച്ചിട്ടുണ്ട്. അവർ അവിടെ ബെയാറ്റിൻ എന്ന ഭാവേന ചോദ്യോത്തരവേളകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഈ സ്വഭാവരീതിയുടെ പാരമ്യമായിരുന്നു 2003-ൽ പാരിസിൽ നടന്ന ‘പകരക്കാരുടെ സമ്മേളനം’(Conference of Doubles). അത് സംഘടിപ്പിച്ചത് ബെയാറ്റിൻ ആയിരുന്നു, പങ്കെടുക്കുമെന്ന് അറിയിച്ചവരുടെ കൂട്ടത്തിൽ സെർജിയോ പിറ്റോൾ അടക്കമുള്ള പല പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരും. എന്നാൽ, അവരാരും എത്തിയില്ല, വന്നത് പകരക്കാർ. പ്രസംഗമാകട്ടെ, ചോദ്യോത്തരവേളകളാകട്ടെ, സാഹിത്യ സംവാദമാകട്ടെ, തങ്ങൾ അഭിനയിക്കേണ്ട വേഷങ്ങൾ ആ പകരക്കാർ ഭംഗിയായി ചെയ്തു.

ബെയാറ്റിൻ്റെ ഈ വേഷപ്പകർച്ച പലപ്പോഴും എഴുത്തിലേക്കും കടന്നുവരുന്നു. ജീവചരിത്രം എന്ന പേരിൽ അദ്ദേഹം എഴുതിയതിൽ പലതും അസത്യങ്ങളായിരുന്നു. ജീവിച്ചിരുന്നിട്ടില്ലാത്ത പലരുടേയും 'ജീവചരിത്രങ്ങൾ' അക്കൂട്ടത്തിൽപെടും. ഒരിക്കൽ ഒരു സമ്മേളനത്തിൽവച്ച് ഏറ്റവും സ്വാധീനിച്ച എഴുത്തുകാരനേത് എന്ന ചോദ്യത്തിന് മറുപടിയായി ഷിക്കി നാഗാവോക്ക എന്നൊരു സാങ്കൽപ്പിക എഴുത്തുകാരനെ സൃഷ്ടിച്ചു. ആ ചിന്ത വളർന്ന് Shiki Nagaoka: A Nose for Fiction എന്ന കൽപ്പിത ജീവചരിത്രത്തിലെത്തി. ഈ ത്വര വീണ്ടും മുന്നോട്ട് കയറി, ഭാവനയും അസത്യങ്ങളും കൂട്ടി ചേർത്ത് ഒന്നിലധികം ആത്മകഥകളുമെഴുതാൻ പ്രേരണയായി. അതിലൊന്നിൽ- The Large Glass എന്നാണാ കൃതിയുടെ പേര്- അദ്ദേഹം എത്തുന്നത് സ്പാനിഷ് ഭാഷയുടെ കാസ്റ്റീലിയൻ വകഭേദം സംസാരിക്കുന്ന 46 വയസ്സുകാരിയായ ഒരു സ്ത്രീ ആയിട്ടാണ്.

തീരുന്നില്ല, 2015-ൽ പ്രസാധകരായ ഗ്രൂപ്പോ പ്ലാനെറ്റ എന്ന സ്ഥാപനവുമായി ഉണ്ടായ നിയമയുദ്ധത്തിനിടയിൽ അവർ വഴി പ്രസിദ്ധീകരിച്ച ബ്യൂട്ടി സലോൺ എന്ന സ്വന്തം കൃതി ഇനിയാരും വാങ്ങരുതെന്നും വായിക്കരുതെന്നും വായനാലോകത്തോട് ആഹ്വാനം ചെയ്തയാളാണ് ബെയാറ്റിൻ. സൃഷ്ടിപരമായ എഴുത്ത് പരിശീലിപ്പിക്കാൻ അദ്ദേഹം തുടങ്ങിയ വിദ്യാലയത്തിൻ്റെ കാംപസിനുള്ളിൽ എഴുത്ത് നിരോധിക്കപ്പെട്ടിരുന്നു. അങ്ങനെ എന്തെല്ലാം!

യാഥാർത്ഥ്യത്തിൽനിന്ന് മൂന്നടി അകലം പാലിക്കാനുള്ള ഈ ത്വര, മൂലരൂപങ്ങളേക്കാൾ പതിപ്പുകളോടുള്ള ഈ ആഭിമുഖ്യം, അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് എന്ന് പൊതുവെ കരുതപ്പെടുന്ന ‘ബ്യൂട്ടി സലോണി’ൽ എത്തുമ്പോൾ മറ്റൊരു രൂപമെടുക്കുന്നു. അതറിയണമെങ്കിൽ ലോകസാഹിത്യത്തിലെ രണ്ട് ക്ലാസ്സിക്കുകളെ ഓർത്തെടുക്കേണ്ടി വരും. ‘ബ്യൂട്ടി സലോൺ’ വായനയ്ക്കായി കയ്യിലെടുത്താൽ- എനിക്ക് ലഭിച്ചത് മൈക്കൽ ഷുക്ക് തർജ്ജമയാണ്- കുറെയധികം സ്വാതന്ത്ര്യമെടുത്താണ് അത് ചെയ്തതെന്ന് ഒരു പിൻവാക്ക് പോലെ അദ്ദേഹം പറയുന്നുണ്ട്- പേജുകളധികം മറിയുന്നതിന് മുമ്പേതന്നെ നേരത്തേ സൂചിപ്പിച്ച രണ്ട് ക്ലാസ്സിക്കുകൾ ഓർമ്മയിലെത്താതിരിക്കില്ല.

നാൽപ്പത്താറ് വർഷം മാത്രം ജീവിച്ച്, ലോകസാഹിത്യത്തെ ഒരു പടി മേലേയ്ക്ക് ഉയർത്തി വച്ച്, വായനാലോകത്തിന് അർത്ഥധന്യമായ കുറച്ച് കൃതികൾ നൽകി, കടന്നുപോയ അൽബേർ കാമ്യുവിൻ്റെ പ്ലേഗ് എന്ന കൃതിയാണ് അതിൽ ആദ്യത്തേത്, ഒരു പക്ഷെ മലയാളികൾ ഏറ്റവുമധികം വായിച്ചിട്ടുള്ള യൂറോപ്യൻ നോവലുകളുടെ പട്ടികയിൽ മുകളിലെ സ്ഥാനങ്ങളിലൊന്നിൽ കാണാനാവുന്ന കൃതി, അസംബന്ധവാദം (absurdism) എന്ന ചിന്താരീതിയുടെ ഏറ്റവും വരിഷ്ഠമായ അടയാളങ്ങളിലൊന്ന്. മറ്റൊന്ന് അന്ധതയെ വെളുപ്പിൻ്റെ പുതപ്പിൽ പൊതിഞ്ഞ ‘ബ്ലൈൻ്റ്നെസ്.’ ഷൂസെ സാരമാഗുവിന് നോബൽ സമ്മാനം നൽകുന്നതിനായി ഏറ്റവും ശക്തമായി വാദിച്ചത് ഈ കൃതിയാണ്.

ഈ രണ്ട് കൃതികളിലെ പോലെ തന്നെ, അജ്ഞാതമായ ഏതോ പകർച്ചവ്യാധിയുടെ പിടിയിൽപെട്ട ഒരു നഗരമാണ്- നഗരമെന്ന് പറഞ്ഞുകൂടാ, തിരിച്ചറിയാൻ പാകത്തിൽ സൂചനകളൊന്നും കണ്ടുകിട്ടാത്ത ഏതോ ഒരിടം- ‘ബ്യൂട്ടി സലോണി’ൻ്റേയും ഭൂമിക. അവിടെ പ്രവർത്തിയ്ക്കുന്ന ഒരു ബ്യൂട്ടി പാർലറും അതിൻ്റെ സ്വവർഗ്ഗാനുരാഗിയായ ഉടമസ്ഥനും അയാൾ പരിപാലിക്കുന്ന രോഗികളും- ‘മരണം തെരഞ്ഞെടുത്ത ജീവിതങ്ങൾ’(2) എന്നാണ് എഴുത്തുകാരൻ പറയുന്നത്- അയാളുടെ ഫിഷ്‌ടാങ്കുകളും അതിനുള്ളിലെ അലങ്കാര മത്സ്യങ്ങളും- രോഗികളുടെ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബങ്ങൾ പോലെയാണ് മത്സ്യങ്ങൾ- ചേർന്ന് ഈ വിചിത്രലോകം സൃഷ്ടിക്കുന്നു. ഈ ലോകത്തിൻ്റെ പരിണാമം- ബെയാറ്റിൻ്റെ ഭാഷയിൽ ‘സൗന്ദര്യത്തിനായി സമർപ്പിക്കപ്പെട്ട ഒരിടം മരണത്തിനായി മാത്രം സമർപ്പിക്കപ്പെടുന്ന കാഴ്ച’(3)- അതാണ് ഈ കുഞ്ഞുകൃതിയിൽ കാണാനാകുക. പെൺവേഷത്തിൽ ബ്യൂട്ടിഷ്യൻ നടത്തുന്ന രാത്രിയാത്രകളും അന്തേവാസികളായ രോഗബാധിരരുടെ വരവും ഇനി വരാനാവാത്ത പോക്കും വന്നും പോയും വീണ്ടും വന്നും വീണ്ടും പോയുമിരിക്കുന്ന മത്സ്യങ്ങൾ, ഇതെല്ലാം ബ്യൂട്ടീഷ്യൻ്റെ ഓർമ്മയിൽ ക്രമമില്ലാതെ തെളിയുന്നു. കൃതിയുടെ അവസാനമടുക്കുമ്പോൾ മരണത്തിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ ചിന്തകൾ മങ്ങുന്നു. അതോടെ വാക്കുകളും തീരുന്നു.

ആരേയും രക്ഷപ്പെടാൻ അനുവദിക്കാത്ത പകർച്ചവ്യാധിയാണ് കഥാബീജം എന്നതിനപ്പുറം മറ്റു സാദൃശ്യങ്ങളൊന്നും കാമ്യുവിൻ്റേയും സാരമാഗുവിൻ്റേയും കൃതികളുമായി ഈ കൃതിയ്ക്കില്ല. മഹാമാരിയുടെ വ്യാപനം, അത് സൃഷ്ടിക്കുന്ന ആഘാതം, അതിൽപെട്ടു പോകുന്ന മനുഷ്യരുടെ ദയനീയാവസ്ഥ; പൊതുവായി പറഞ്ഞാൽ ഇതൊക്കെയാണ് കാമ്യൂവിൻ്റേയും സാരമാഗുവിൻ്റേയും കൃതികളുടെ അടിസ്ഥാന ഭാവങ്ങൾ. എന്നാൽ, ബെയാറ്റിൻ്റെ നോട്ടം അതിലൊന്നുമല്ല, കഥ പറയുന്നയാളുടെ ചിന്തകളിൽ മാത്രം അത് കുരുങ്ങിക്കിടക്കുന്നു. അതൊരു പോരായ്‌മയാണെന്നല്ല, എന്നിരുന്നാലും ആ രണ്ട് കൃതികളുടേയും ഗരിമ ബെയാറ്റിൻ്റെ കൃതിയ്ക്കില്ലെന്നു പറയേണ്ടി വരും. എന്നിരുന്നാലും മനുഷ്യായുസ്സുകളുടെ നിസ്സാരതയും നിസ്സഹായതയും ഇതിലും ഉടനീളം നിറഞ്ഞു നിൽക്കുന്നു.

‘ബ്ലൈൻ്റ്നെസ്സി’ൻ്റെ അവസാന ഭാഗം ഓർക്കുന്നില്ലേ ... അതുവരെ കൃതിയിൽ നിറഞ്ഞുനിന്ന ദുരിതങ്ങളിൽനിന്ന് വ്യത്യസ്തമായി ശാന്തമായി വർത്തിക്കുന്ന നഗരദൃശ്യത്തിലേക്ക് നോക്കിനിൽക്കുന്ന സ്ത്രീ അവശേഷിപ്പിക്കുന്നത് മനസ്സാകെ നിറഞ്ഞുനിൽക്കുന്ന ഏകാന്തതയാണ്. ഈ കൃതിയുടെ ഒടുക്കത്തിൽ ‘വരാനിരിക്കുന്ന ഏകാന്തതയെ അവർ മാനിക്കില്ലേ എന്ന ഒരു ചോദ്യമേ എനിക്കിനി ചോദിക്കാനുള്ളൂ’(4) എന്ന അവസാന വാചകം വായിച്ചുതീരുമ്പോൾ ഒരു തരം ഏകാന്തത നമ്മിലും ബാക്കിയാകുന്നു, ഒപ്പം നല്ല കൃതികളെല്ലാം ശേഷിപ്പിക്കുന്നത് ഏകാന്തത തന്നെയാണെന്ന തിരിച്ചറിവും.

ഈ ലോകവും അതിലെ മനുഷ്യജീവിതങ്ങളും സാമൂഹ്യനീതികളും, സ്വന്തം സ്വത്വം പോലും, എത്രമാത്രം വിലയില്ലാത്തതാണെന്ന് സഹജീവികളെ പഠിപ്പിക്കുക എന്നത് ജീവിതലക്ഷ്യമായി കരുതിയിട്ടുണ്ട് ബെയാറ്റിൻ എന്ന് മനസ്സിലാക്കിത്തരുന്നു ആ ജീവിതത്തിലേക്കുള്ള ഒരോ നോട്ടവും അദ്ദേഹത്തിൻ്റെ കൃതികളിലെ ഓരോ വാക്കുകളും.

1. At the end of the battle with the combatant dead
One man came up to him and said:
'Don't die brother! I love you so much!'
But the corpse, alas, went on dying.

2. Lives already chosen by death

3. Space once dedicated to beauty becomes dedicated to death

4. Now the only thing I can ask is that they respect the solitude now drawing near.

Content Highlights: Introduction to Peruvian-Mexican author Mario Bellatin and his novel The Beauty Salon., Exploration of Bellatin's physical disability, eccentric persona, and use of doubles and fictitious biographies., Comparative analysis of The Beauty Salon with Albert Camus's The Plague and José Saramago's Blindness., Themes of pandemic, human helplessness, and profound solitude in contemporary world literature.