മാവോയുടെ മരണത്തിന് അൻപതു വർഷങ്ങൾ തികയുമ്പോൾ/ആഴ്ചപ്പാടുകൾ

അൻപതാണ്ടുകൾക്കു മുൻപ് ഈ ദിവസമാണ്, അതായത് 1976 സെപ്റ്റംബർ പത്താം തീയതിയാണ് ലോകമാകമാനമുള്ള പത്രങ്ങൾ വായനക്കാരെ അറിയിച്ചത് മാവോ സെതുങ് അന്തരിച്ചുവെന്ന്. സെപ്റ്റംബർ ഒൻപതാം തീയതി പിറന്ന് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് എൺപത്തിരണ്ടാം വയസ്സിൽ അദ്ദേഹം വിട പറഞ്ഞത്. ലോകചരിത്രം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഒരാളുടെ മൃതദേഹത്തിനു മുന്നിൽ നിന്ന് ലക്ഷക്കണക്കിനുവരുന്ന ചൈനാക്കാർ പറഞ്ഞു, 'ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'. ഇന്നും ലോകമാകമാനമുള്ള കമ്മ്യൂണിസ്റ്റുകാർ അങ്ങനെ കരുതുന്നു, ഒളിപ്പോരാളികളായ മാവോയിസ്റ്റ് ഗറില്ലകളാകട്ടെ, തെളിപ്പോരാളികളായ കമ്മ്യൂണിസ്റ്റുകാരാകട്ടെ.
മാവോയ്ക്കുള്ള ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഇ. എം. എസ് . നമ്പൂതിരിപ്പാട് എഴുതിയ ലേഖനത്തിൽ ഇന്ത്യയിലെ കർഷകരേയും തൊഴിലാളികളേയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായിരുന്ന ദേശീയ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച മഹാത്മാഗാന്ധിയെ ലെനിനും മാവോയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും എന്തെല്ലാം കഴിവുകൾ ഉണ്ടായിരുന്നെങ്കിലും ഗാന്ധിയ്ക്ക് ഒരു ബൂർഷ്വ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവിന്റേതായ എല്ലാ ബലഹീനതകളും ഉണ്ടായിരുന്നുവെന്നും എഴുതി. ആ ലേഖനത്തിൽ ഇ.എം. എസ് ലോകവിപ്ലവപ്രസ്ഥാനത്തിൽ ലെനിന് ഒന്നാം റാങ്കും മാവോയ്ക്ക് രണ്ടാം റാങ്കും നൽകി, ഗാന്ധിയെ പക്ഷേ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ പൊതുമണ്ഡലത്തിൽ ഏറ്റവും കൂടുതൽ പറയുന്ന പേര് ഗാന്ധിയുടേതായി. 1936 ൽ മാവോ സെതുങ് എഴുതിയ 'മഞ്ഞ്' എന്ന കവിതയിൽ ഇങ്ങനെയൊരു വരിയുണ്ട് :
'മഹാനായ ചെങ്കിസ് ഖാന് ഒരമ്പു കൊണ്ട്
കഴുകനെ വീഴ്ത്താനേ അറിയാമായിരുന്നുള്ളൂ.
യഥാർത്ഥ വീരന്മാരെ കാണണമെങ്കിൽ
നമുക്ക് ചുറ്റും നോക്കേണ്ടിവരും'.
ഗാന്ധി മരിച്ചത് ഭരണകൂടത്തിൻ്റെ ഭാഗമായി നിൽക്കുമ്പോഴായിരുന്നില്ല. ജനമദ്ധ്യത്തിൽ വെച്ച് മൂന്നുവെടിയുണ്ടകളിൽ പരസ്യമായി അവസാനിച്ചു ആ ജീവിതം. എന്നാൽ മാവോ സെതുങ്ങിന് അത്തരമൊരന്ത്യം സാദ്ധ്യമല്ലായിരുന്നു. അദ്ദേഹം ഒരു ഭരണകൂടത്തിൻ്റെ എല്ലാമെല്ലാമായിരുന്നു. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന, സംസാരശേഷി നഷ്ടപ്പെട്ടിരുന്ന, പല ദിവസങ്ങളിലും ഒരു നേരം മാത്രം കണ്ണുതുറന്നു നോക്കിയിരുന്ന മാവോയുടെ അവസാനമാസങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെയെങ്കിലും നിലനിർത്തേണ്ടത് ചൈനീസ് ഭരണകൂടത്തിന് അത്യന്താപേക്ഷിതമായിരുന്നു, ചെയർമാൻ മാവോ എല്ലാം മറന്നു കഴിഞ്ഞിട്ടും.
അധികാരം ഒരു ദുരൂഹസമസ്യയാണ്. ആ സമസ്യാപൂരണത്തിലെ ഉൾപാർട്ടി സമരങ്ങൾ നന്നേ തിരിച്ചറിഞ്ഞതിനാലാണ് പുത്തൻ രാഷ്ട്രത്തിന്റെ പിതാവായിരുന്നിട്ടും മഹാത്മാഗാന്ധി ഭരണകൂടത്തിൻ്റെ ഭാഗമാകാൻ തയ്യാറാകാതെ ഒരവധൂതനെപ്പോലെ പിൻവാങ്ങി നടന്നത്. ഒറ്റയ്ക്കുനടന്നാൽ ജീവിക്കാനും മരിക്കാനും കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം കരുതി. എന്നാൽ ഏകാന്തപഥികനെ വെടിവെച്ചുകൊല്ലാൻ എളുപ്പമാണെന്ന് ഹിന്ദുമഹാസഭയ്ക്കും അറിയാമായിരുന്നു.
മാവോയും ഗാന്ധിയെപ്പോലെ അരോഗദൃഢഗാത്രനായിരുന്നു. രണ്ടുപേരുടേയും അസാമാന്യ ശാരീരികശേഷി രണ്ടുപേരേയും അവരവരുടെ മഹാരാജ്യങ്ങളുടെ ജനവിസ്തൃതികളിൽ എത്തിച്ചേരാൻ സഹായിച്ചത് തെല്ലൊന്നുമായിരുന്നില്ല. ഗാന്ധി കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് എഴുപത്തെട്ടു വയസ്സായിരുന്നു. ആ പ്രായത്തിലായിരുന്നു 1948 ജനുവരി പന്ത്രണ്ടു മുതൽ ആറു ദിവസങ്ങൾ അദ്ദേഹം നിരാഹാരസമരം നടത്തിയത്. പിന്നീട് ചരിത്ര പഠനങ്ങളിൽ കുപ്രസിദ്ധമായിത്തീർന്ന ചൈനയിലെ സാംസ്‌കാരിക വിപ്ലവം തുടങ്ങിയ നാളുകളിൽ 1966 ജൂലായ് പതിനാറാം തീയതി യാങ്‌സി നദി കുറുകേ നീന്തിക്കടന്നപ്പോൾ മാവോ സെതുങ്ങിന് എഴുപത്തിരണ്ടുവയസ്സായിരുന്നു പ്രായം. അദ്ദേഹം പതിനഞ്ചുകിലോമീറ്റർ ദൂരം 65 മിനിറ്റുകളിൽ നീന്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ അക്കാലത്ത് അവകാശപ്പെട്ടിരുന്നത്.
ആറു ദിവസങ്ങളിലെ നിരാഹാരസമരം പിൻവലിക്കപ്പെട്ടതിനുശേഷം ജനുവരി ഇരുപതാം തീയതി ഡൽഹിയിലെ പ്രാർത്ഥനാവേളയിൽ സംസാരിക്കവെ ഗാന്ധിയുടെ നേരേ ഹിന്ദു തീവ്രവാദികൾ ബോംബെറിഞ്ഞു. അപാരമായ ശാന്തി വിളയാടി നിന്നു അപ്പോൾ ഗാന്ധിയുടെ മുഖത്ത്. ജനുവരി ഇരുപത്തിയൊൻപതാം തീയതി ഗാന്ധി സന്തതസഹചാരിയായിരുന്ന മനുവിനോട് പറഞ്ഞു , ഒരു സാധാരണമരണമാണ് തന്റേതെങ്കിൽ താൻ ജീവിതത്തിൽ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നുവെന്ന് ജനങ്ങളോട് പറയണമെന്നും എന്നാൽ ജനമദ്ധ്യത്തിൽ വെച്ച് താൻ ഒരാളുടെ വെടിയുണ്ടയാൽ കൊല്ലപ്പെടുമ്പൊഴും ദൈവനാമം ഉച്ചരിക്കാൻ കഴിഞ്ഞാൽ മാത്രമേ താൻ ജീവിച്ച രീതിയ്ക്ക് എന്തെങ്കിലും മൂല്യമുള്ളൂ എന്നും. പിറ്റേന്ന് ഗാന്ധി വെടിയേറ്റുമരിച്ചു. അപ്പോൾ മാവോയ്ക്ക് അൻപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. അദ്ദേഹം ചൈനയെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. 1949 ലെ ഗാന്ധി ജയന്തിയുടെ തലേന്നായിരുന്നു ടിയാനൻമെൻ മട്ടുപ്പാവിൽ നിന്ന് ചെയർമാൻ മാവോ ജനകീയ ചൈനാ റിപ്പബ്ലിക്കിന്റെ ഉദയം ലോകത്തോട് പ്രഖ്യാപിച്ചത്.
ഇരുപത്തിയേഴു വർഷങ്ങൾ അദ്ദേഹം ചൈനയുടെ ഭരണത്തലവനായിരുന്നു. തുടർച്ചയായ പുകവലി അദ്ദേഹത്തിന് ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മാവോ ഏറ്റവും അവസാനമായി പൊതുസഭയിൽ വന്നത് 1976 മെയ് ഇരുപത്തിയേഴാം തീയതി പാകിസ്താൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ ചൈന സന്ദർശിച്ചപ്പോഴായിരുന്നു. മാവോയോട് വീരാരാധന ഉണ്ടായിരുന്ന ഭൂട്ടോ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി കണ്ട് വേദനിച്ചിരുന്നു. മാവോ ഇടയ്ക്കിടയ്ക്ക് ചുമയ്ക്കുന്നുണ്ടായിരുന്നു. പാർക്കിൻസൺ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. തിമിരമേഘങ്ങൾ മൂടിയ കണ്ണുകൾക്ക് തിളക്കവും ചലനവും നഷ്ടപ്പെട്ടിരുന്നു. ആ യോഗത്തിന് ശേഷമാണ് ചൈനീസ് കമ്മ്യൂണിസ്സ് പാർട്ടി തീരുമാനിച്ചത് ചെയർമാൻ മാവോ ഇനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടേണ്ട എന്ന്.
അവസാനകാലത്ത് അദ്ദേഹത്തിന് സെക്രട്ടറി ഷ്ഴാങ് യുഫെങ് (Zhang Yufeng) ആയിരുന്നു പത്രങ്ങളും ഔദ്യോഗികരേഖകളും വായിച്ചുകൊടുത്തിരുന്നത്. അദ്ദേഹത്തിൻ്റെ സംഭാഷണത്തിന്റെ വേഗം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയും ആർക്കും മനസ്സിലാകാതിരിക്കുകയും ചെയ്തു. ഉറങ്ങണമെങ്കിൽ കൃത്രിമ ഓക്സിജൻ സഹായം വേണ്ടിയിരുന്നു. ദീർഘകാലത്തെ പുകവലി മൂലം ദുർബലമായ ശ്വാസകോശത്തിന് തുണയായത് 1971 ൽ ഹെൻട്രി കിസിഞ്ചർ അദ്ദേഹത്തിന് നൽകിയ Respirator (കൃത്രിമശ്വസനസഹായി ) ആയിരുന്നു.
ഇരുപത്തിയൊന്നു വർഷങ്ങളോളം അദ്ദേഹത്തിൻ്റെ ഡോക്ടറായിരുന്ന ലി ഷിസൂയി (Li Zhisui) യെപ്പോലെ മാവോയുടെ അധികാരജീവിതത്തെ അടുത്തുകണ്ടവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. സാംസ്‌കാരിക വിപ്ലവ കാലത്തെ ക്രൂരതകളിലും, ലക്ഷക്കണക്കിന് ചൈനക്കാർ കൊല്ലപ്പെടാൻ കാരണമായ മഹാഭക്ഷ്യ ക്ഷാമകാലത്തും, പാർട്ടിയിലും മാവോയുടെ രാഷ്ട്രീയജീവിതത്തിലും ഭാര്യ ജിയാങ് കിങ് ( Jiang Qing ) പിടിമുറുക്കിയ കാലത്തും, തീവ്രമായ ഉൾപാർട്ടി സമരങ്ങളിൽ പക്ഷം ചേരാതെ മാവോ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി തുടരുമ്പോഴും അദ്ദേഹത്തെ മറ്റാരേക്കാളും അടുത്തറിഞ്ഞത് ഡോക്ടർ ലി ഷിസൂയി ആയിരുന്നു. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ജീവഭയത്താലും കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തെ ഓർത്തും ഡോക്ടർ പിൻവലിഞ്ഞു നിന്നു, നിശ്ശബ്ദനായ സർവ്വസാക്ഷിയായി.
1976 ൽ മാവോയ്ക്ക് രണ്ട് ഹൃദയാഘാതങ്ങൾ ഉണ്ടായി, ഒന്ന് മാർച്ചിലും രണ്ടാമത്തേത് ജൂലായ് മാസത്തിലും. എന്നാൽ ഏറ്റവും നിർണ്ണായകമായ ഹൃദയാഘാതം ഉണ്ടായത് 1976 സെപ്റ്റംബർ രണ്ടാം തീയതിയായിരുന്നു.
രാജ്യകാര്യങ്ങൾ ഒന്നും മനസ്സിലാകാത്ത, ഒന്നും അറിയാത്ത രാഷ്ട്രത്തലവനായി മാവോ തുടർന്ന നാളുകളായിരുന്നു അത്. പാർട്ടിയിൽ ഭാര്യ ജിയാങ് കിങ് നേതൃത്വം കൊടുത്തിരുന്ന നാൽവർ സംഘവും ഹുവാ ഗുവോഫെങ് ( Hua Guofeng ), ഡെങ് സിയാവോപിങ് (Deng Xiaoping) എന്നിവരുടെ നേതൃത്വം അംഗീകരിക്കുന്നവരുടെ വിഭാഗവും തമ്മിലുള്ള ശക്തിയായ ഉൾപ്പാർട്ടി സമരം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു മാവോയുടെ അന്ത്യകാലം. എന്നാൽ ഡോക്ടർ ലി ഷിസൂയി അടക്കമുള്ള മെഡിക്കൽ സംഘത്തെ ഭയപ്പെടുത്തി മാവോയുടെ ആരോഗ്യകാര്യങ്ങളിൽ ജിയാങ് കിങ് തീരുമാനങ്ങൾ എടുത്തിരുന്നു എന്ന ആരോപണം പിൽക്കാലത്തുണ്ടായി. ഇടതുവശം ചെരിഞ്ഞു കിടന്നാൽ മാത്രം ശ്വസിക്കുവാൻ കഴിഞ്ഞിരുന്ന മാവോയെ വലതു വശം ചെരിച്ചു കിടത്താൻ ജിയാങ് കിങ് നിർബന്ധിച്ചുവെന്നും അതാണ് സെപ്റ്റംബർ ഒൻപതാം തീയതിയിലെ മരണത്തിന് കാരണമായതെന്നും പറയപ്പെടുന്നു. ചെയർമാന്റെ മരണത്തിന്റെ നേരത്തും അധികാരം തങ്ങൾക്കാണ് എന്നു കാണിയ്ക്കാനുള്ള വ്യഗ്രതയായിരുന്നു നാൽവർ സംഘത്തിന്റേത്. മാവോയുടെ ശരീരം ഒരു വൈദ്യപ്രേരണയോടും പ്രതികരിക്കാതെ വന്നപ്പോൾ സെപ്റ്റംബർ ഒൻപതാം തീയതി അർദ്ധരാത്രി പന്ത്രണ്ടുമണിയ്ക്ക് ഡോക്ടർമാരുടെ സംഘം മാവോയ്ക്കുള്ള കൃത്രിമ ശ്വാസോച്ഛാസ സഹായം പിൻവലിച്ചു. പത്തുമിനിറ്റുകൾക്കു ശേഷം മരണം സ്ഥിരീകരിച്ചു. എന്നാൽ പതിനാറു മണിക്കൂറുകൾക്കു ശേഷമാണ് ചെയർമാൻ മാവോ അന്തരിച്ചു എന്ന വിവരം ചൈനീസ് റേഡിയോ ലോകത്തോട് പറഞ്ഞത്.
1976 ഒക്ടോബർ ആറാം തീയതി മാവോയുടെ ഭാര്യ ജിയാങ് കിങും മറ്റു മൂന്നുപേരുമടങ്ങിയ നാൽവർ സംഘം തടവിലായി. അധികാരം അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ പരാജയപ്പെടുത്താനും ശ്രമിച്ചുവെന്നതായിരുന്നു ആരോപണം. ജിയാങ് കിങ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും പിന്നീട് അത് ജീവപര്യന്തം തടവായി ലഘൂകരിച്ചു. 1991 ൽ തടവുമുറിയിൽ അവർ തൂങ്ങിമരിച്ചു.
കസ്തൂർബാ ഗാന്ധി മരിച്ചത് 1944 ൽ പൂനയിലെ ആഗാഖാൻ ജയിലിൽ തടവിൽ കിടക്കുമ്പോഴായിരുന്നു. ജയിലിൽ ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തിരുന്ന ജയിൽ സൂപ്രണ്ട് അവിടെ തടവിലുണ്ടായിരുന്ന ഗാന്ധിയോട് ചോദിച്ചു, കുറച്ച് ചന്ദനത്തടി ജയിലിലുണ്ട് അത് ചിതയിൽ ഉപയോഗിക്കട്ടെ ?
ഗാന്ധി ചോദിച്ചു , ജയിലിൽ എവിടെനിന്നാണ് ചന്ദനത്തടി എന്ന്.
ജയിൽ സൂപ്രണ്ട് മറുപടി പറഞ്ഞു : 'അങ്ങ് ഇവിടെ 1943 ഫെബ്രുവരി പത്തുമുതൽ ഇരുപത്തൊന്നുദിവസങ്ങൾ നിരാഹാരസത്യഗ്രഹം നടത്തിയപ്പോൾ ആവശ്യം വരുമെന്ന് കരുതി വരുത്തിവെച്ചതാണ്'.
Content Highlights: Comprehensive comparison of Mao Zedong and Mahatma Gandhi's political paths and physical endurance., Details of Mao Zedong's final days, declining health, and the power struggles within the Chinese Communist Party in 1976., Analysis of EMS Namboodiripad's perspective on Gandhi, Lenin, and Mao., Insights into historical figures like Dr. Li Zhisui, Jiang Qing, and the Gang of Four.