കാരണവരായി സമൂഹം സ്വയംഭാവിക്കുന്നു; സഹിക്കാതെ കുട്ടികൾ 'തൊപ്പി'വഴികള്‍ തേടുന്നു- മനോജ് കുറൂർ

തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബര്‍ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി നിഹാദ് എന്ന ഇരുപത്തിനാലുകാരന കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അശ്ലീലവാക്കുകള്‍ പ്രയോഗിച്ച തൊപ്പിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയിലൂടെ നിരവധി കുട്ടികള്‍ രംഗത്തെത്തിയത് സാംസ്‌കാരിക സമൂഹം ആശങ്കയോടെയാണ് നോക്കിക്കണ്ടത്. തൊപ്പിയുടെ സ്വഭാവത്തെയും പ്രവൃത്തികളെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹം കാരണവരുടെ മനോഭാവം വെച്ചുപുലര്‍ത്തുമ്പോഴാണ് കുട്ടിള്‍ 'തൊപ്പി'വഴികള്‍ തിരഞ്ഞെടുക്കുന്നതെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍ അഭിപ്രായപ്പെടുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുറൂര്‍ 'തൊപ്പി' വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മനോജ് കുറൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
'തൊപ്പി'യാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അയാളുടെ ബാല്യകൗമാരങ്ങളിലെ അരക്ഷിതാവസ്ഥയും മനോനിലയുമൊക്കെയാണ് ഹൈലൈറ്റ്. ടാലന്റഡ് ആയ ആ ചെറുപ്പക്കാരനെ സമൂഹത്തിന്റെ 'പൊതുധാര'യിലേക്ക് എത്തിക്കാനുള്ള തിടുക്കമാണ് എല്ലായിടത്തും.
'തൊപ്പി'യുടേത് ഒരു ഒറ്റപ്പെട്ട വിഷയമായിരുന്നു എങ്കില്‍ ഇപ്പറയുന്നതൊക്കെ ഒന്നു ശ്രമിച്ചുനോക്കാമായിരുന്നു. പക്ഷേ ഇവിടെ തൊപ്പിയെക്കാള്‍, അയാള്‍ക്കൊപ്പം കൂടുന്ന നൂറുകണക്കിനു കുട്ടികളെക്കൂടി കണക്കിലെടുക്കണമല്ലൊ. അപ്പോള്‍ തൊപ്പിയില്‍നിന്നുള്ള മോചനത്തിനായി കുറേയേറെ കൗണ്‍സിലിംഗ് സെന്ററുകള്‍തന്നെ തുറക്കേണ്ടി വരും. എന്തിന്? എല്ലാവരെയും 'പൊതുധാര'യിലെത്തിക്കാന്‍. എന്താണ് ഈ പൊതുധാര? മോട്ടിവേഷനല്‍ ക്ലാസ്സുകള്‍ക്ക് ഇരുന്നുകൊടുക്കുക, ഏതെങ്കിലും മതത്തിന്റെ വിശ്വാസങ്ങളും സദാചാരനിയമങ്ങളും പിന്തുടരുക, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി വാദിക്കുക, നിലവിലുള്ള ഒന്നിനും പരിക്കേല്‍പ്പിക്കാതെ ജീവിക്കുക. 'തൊപ്പി'യുടെ മനോനിലയുള്ള കുട്ടികള്‍ ഇതൊക്കെ കേട്ടാല്‍ ചിരിക്കുകയേയുള്ളൂ.
വാസ്തവത്തില്‍ ഈ മനോനിലയ്ക്കുമുണ്ട് ഒരു ചരിത്രം; അല്ല, വൈവിധ്യമാര്‍ന്ന പല ചരിത്രങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ രംഗത്തുവന്ന അമേരിക്കയിലെ ബീറ്റ്‌നിക്കുകളും തുടര്‍ന്നുവന്ന ഹിപ്പികളും പിന്നത്തെ ഹിപ് ഹോപ് സംസ്‌കാരത്തിന്റെ ഭാഗമായ റാപ്പര്‍മാരും ജമൈക്കയിലെ റൂഡ് ബോയ്‌സും ഇംഗ്ലണ്ടിലെ ആംഗ്രി യങ് മെനും അണ്ടര്‍ഗ്രൗണ്ട് സീനുമെല്ലാം ഉള്‍പ്പെടുന്ന സംസ്‌കാരവൈവിധ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു നോക്കൂ. (വിവിധ നാടുകളിലെ പോപ് സംഗീതത്തെക്കുറിച്ച് എഴുതേണ്ടിവന്നപ്പോള്‍ ഇത്തരം സംസ്‌കാരങ്ങളുടെ സ്വഭാവത്തെപ്പറ്റി ഞാന്‍ കുറേ എഴുതിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, മലയാളം തുടങ്ങിയ ആനുകാലികങ്ങളില്‍ വന്ന ആ ലേഖനങ്ങള്‍ 'നിറപ്പകിട്ടുള്ള നൃത്തസംഗീതം' എന്ന പുസ്തകവും ആക്കിയിട്ടുണ്ട്. 'ദൈവിക'മായ 'സര്‍ഗാത്മകാനുഭൂതി'കളെ ഹാര്‍മോണിയത്തിലേക്കാവാഹിച്ച് ഒരുക്കിയ സംഗീതത്തില്‍, യേശുദാസിന്റെയും ജയചന്ദ്രന്റെയുമൊക്കെ 'സ്വര്‍ഗ്ഗീയ'നാദത്തിലൂടെ പുറത്തുവന്ന ഗാനങ്ങളെ 'ആത്മാവി'ലേറ്റുന്ന തിരക്കില്‍ അവ അധികം പേര്‍ ശ്രദ്ധിച്ചില്ല എന്നേയുള്ളൂ. സാരമില്ല.) ഈ അധോതല/ പ്രതിസംസ്‌കാര ഗ്രൂപ്പുകളെല്ലാം പൊതുസമൂഹത്തിന്റെ പതിവുനിയമങ്ങളെ നിരാകരിക്കുന്നു എന്നു മാത്രം തത്കാലം സൂചിപ്പിക്കാം. ലഹരിയും ലൈംഗികതയും കലയുമെല്ലാം കലരുന്ന ഇത്തരം സംസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ തരളമനസ്സുകള്‍ക്കു താങ്ങാനായെന്നു വരില്ല. പൊതുസമൂഹത്തില്‍ അധികാരം പ്രബലമാകുമ്പോള്‍, സാമൂഹികനിയമങ്ങള്‍ അപ്രസക്തമെന്നു യുവതലമുറയ്ക്കു തോന്നുമ്പോള്‍ ഒക്കെയാണ് ഇങ്ങനെയുള്ള അധോതലസംഘങ്ങള്‍ക്കു പ്രചാരമുണ്ടാകുന്നത് എന്നു മാത്രം ഓര്‍ക്കുക.
ഡിജിറ്റല്‍ ഗെയിമുകള്‍ മുതല്‍ റാപ് സംഗീതം വരെ ഇക്കാലത്തെ യുവത്വത്തെ നിര്‍ണ്ണയിക്കുന്ന നിരവധി സംഗതികള്‍ ചേര്‍ന്നാണ് 'തൊപ്പി'കള്‍ ഉണ്ടാകുന്നത്. അവര്‍ക്കു മേല്‍പ്പറഞ്ഞ സംസ്‌കാരങ്ങളുടെ ഭാഗമായ റാപ് സംഗീതവും മറ്റും പരിചിതമാണ്. 'തൊപ്പി'യിലൂടെ അതു മലയാളത്തിലും കേള്‍ക്കുമ്പോള്‍ അവര്‍ അയാള്‍ക്കൊപ്പം ചേരുന്നു എന്നേയുള്ളൂ. അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ ഏറെ വെറുക്കുന്ന അമ്മാവന്‍ മട്ടിലുള്ള ഉപദേശങ്ങള്‍ വിലപ്പോയെന്നു വരില്ല. തൊപ്പിയെ അയാളുടെ വഴിക്കുവിടുക; ആ കുട്ടികളെയും. റാപ്പര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന തൊപ്പിയുടെ 'ടാലന്റ്' എന്നെങ്കിലും കലയായി പുറത്തുവരുമെങ്കില്‍ അതിനായി കാത്തിരിക്കാം. ഉപദേശിക്കാന്‍ നോക്കി വഷളാകുന്നതിലും ഭേദം അവരവര്‍ സ്വയം നന്നാവുന്നതാണ്. കാരണം, അമ്മാവന്‍മട്ടിലുള്ള നമ്മളെ, കാരണവരെന്നു സ്വയം ഭാവിക്കുന്ന സമൂഹത്തെ, സഹിക്കാനാവാതെ വരുമ്പോഴാണ് അവര്‍ മറ്റു 'തൊപ്പി' വഴികള്‍ തേടുന്നത് എന്നതുതന്നെ!
Content Highlights: Manoj Kuroor, Thoppi, Young Generation, Mathrubhumi