'എന്താണ് 'മരണവംശ'ത്തിന്റെ കഥ?'; മമ്മൂട്ടിക്ക് നോവല്‍ സമ്മാനിച്ച് പി.വി. ഷാജികുമാര്‍

കോഴിക്കോട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മരണവംശം' എന്ന പുസ്തകം നടന് മമ്മൂട്ടിക്ക് സമ്മാനിച്ച് എഴുത്തുകാരന് പി.വി. ഷാജികുമാര്‍. 'അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ കണ്ടു. 'മരണവംശം' കൊടുത്തു. ഫോട്ടോ എടുത്തു'- ചിത്രത്തോടൊപ്പം പി.വി. ഷാജികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്താണ് 'മരണവംശ'ത്തിന്റെ കഥ എന്ന് തിരക്കികൊണ്ട് ഒരു മാസം മുമ്പ് മമ്മൂട്ടി, ഷാജികുമാറിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. പുസ്തകം നേരിട്ട് നല്‍കാം എന്ന് ഷാജികുമാര്‍ മറുപടി പറഞ്ഞെങ്കിലും തിരക്കുള്ള മമ്മൂട്ടിക്ക് അത് വായിക്കാന്‍ സമയമുണ്ടാകില്ലെന്ന് വിചാരിച്ചു.
പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍വെച്ച് നേരിട്ട് സംസാരിച്ചപ്പോള്‍ വീണ്ടും നോവലിനെക്കുറിച്ച് മമ്മൂട്ടി ചോദിച്ചു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച എറണാകുളത്ത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് മമ്മൂട്ടിക്ക് പുസ്തകം നല്‍കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'എന്താണ് മരണവംശത്തിന്റെ കഥ..?'
ഒരു മാസം മുമ്പ് വാട്സാപ്പില്‍ മമ്മൂക്കയുടെ മെസ്സേജ്.
'2016-ല്‍ പുത്തന്‍പണത്തിന്റെ ഷൂട്ട് സമയത്ത് ഞാനീ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു...'
'ഞാനത് മറന്നുപോയല്ലോ..'
'ഞാന്‍ നോവലും കൊണ്ടുവരാം.'
'വരൂ...'
തിരക്കിനിടയില്‍ മമ്മൂക്കക്ക് നോവല്‍ വായിക്കാനൊക്കെ എവിടെ നേരം എന്നാലോചിച്ച് ഞാന്‍ പോയിക്കണ്ടില്ല.
മൂന്നാഴ്ച മുമ്പ് മറ്റൊരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂക്ക വീണ്ടും ചോദിച്ചു.
'എവിടെ മരണവംശം..?'
അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ കണ്ടു.
മരണവംശം കൊടുത്തു.
ഫോട്ടോ എടുത്തു.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച് 2017-ല്‍ പുറത്തിറങ്ങിയ 'പുത്തന്‍പണം' എന്ന ചിത്രത്തിന് പി.വി. ഷാജികുമാര്‍ സംഭാഷണം എഴുതിയിരുന്നു. 'ടേക്ക് ഓഫ്', 'കന്യക ടാക്കീസ്', 'ദ ടീച്ചര്‍' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും എഴുതിയിട്ടുണ്ട്.
പി.വി. ഷാജികുമാറിന്റെ ആദ്യ നോവലാണ് 'മരണവംശം'. വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥയാണ് 'മരണവംശം'. ജൂലൈയില്‍ പുറത്തിറങ്ങിയ പുസ്തകം ഒരാഴ്ചയ്ക്കകംതന്നെ രണ്ടാം പതിപ്പിലെത്തിയിരുന്നു.
Content Highlights: Mammootty receives Maranavamsam novel by P.V. Shajikumar