കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; മനസ്സുനിറയെ സന്തോഷം-മല്ലികാ യൂനിസ്

കൊല്ലം: 'മനസ്സുനിറയെ സന്തോഷം...സാഹിത്യ അക്കാദമി പുരസ്‌കാരം ആദരവോടെ സ്വീകരിക്കുന്നു...'-എഴുത്തുകാരി മല്ലികാ യൂനിസ് പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മല്ലികാ യൂനിസിനെ തേടിയെത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറുന്നു. മൂന്നരപ്പതിറ്റാണ്ടു പിന്നിട്ട എഴുത്തുജീവിതത്തിന് ലഭിക്കുന്ന ആദരം.
കുഞ്ഞുന്നാളിലേ അക്ഷരങ്ങളോടും പുസ്തകങ്ങളോടും കൂട്ടുകൂടിയാണ് മല്ലിക എഴുത്തുലോകത്തേക്കു വന്നത്. കോളേജ് പഠനകാലത്തുതന്നെ എംടിയുടെയും സി. രാധാകൃഷ്ണന്റെയും കെ. സുരേന്ദ്രന്റെയും രചനകള്‍ മല്ലികയ്ക്ക് കൂട്ടുകാരെപ്പോലെയായി.
കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ എഴുത്തിനു പ്രേരണയായി. വീടിനടുത്തുള്ള കൊല്ലംതോട്ടിലൂടെ പോയ കെട്ടുവള്ളങ്ങള്‍, തടിപ്പാലം, റാന്തല്‍വെളിച്ചത്തില്‍ വള്ളം കരയ്ക്കടിപ്പിച്ചു ആഹാരം പാകംചെയ്യുന്ന വള്ളക്കാര്‍....കൊല്ലത്തെ ഈ കാഴ്ചകള്‍ പലതും എഴുതിക്കൂട്ടി. എന്നാല്‍ ആദ്യകാല രചനകളൊന്നും ആരെയും കാണിച്ചില്ല. അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞതോടെയാണ് എഴുത്തില്‍ സജീവമായത്.
വയല്‍പ്പൂവ്, സഫര്‍, ഇടനാഴിയുടെ അവസാനം തുടങ്ങി മുസ്ലിം പശ്ചാത്തലത്തിലുള്ള ഒട്ടേറെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ആദ്യനോവലായ ഉപാസന, 'എന്റെ ഉപാസന' എന്നപേരില്‍ ഭരതന്‍ സിനിമയാക്കി. സ്ത്രീഹൃദയങ്ങളെ മുറിവേല്‍പ്പിച്ച സാമൂഹികപ്രശ്‌നങ്ങള്‍ നോവലിലൂടെ ആവിഷ്‌കരിച്ച മല്ലികയെത്തേടി ഒട്ടേറെ പുരസ്‌കാരങ്ങള്‍ കൊല്ലം രാമന്‍കുളങ്ങര മേടയില്‍മുക്ക് 'കല്‍പ്പാന്ത'ത്തിന്റെ പടികടന്നുവന്നിട്ടുണ്ട്.
സാഹിത്യ അക്കാദമിയുടെ അംഗീകാരം തേടിയെത്തുമ്പോള്‍ മകന്‍ സൂരജിന്റെ കുടുംബത്തിനൊപ്പം തിരുവനന്തപുരം കവടിയാറിനടുത്തുള്ള ഫ്‌ലാറ്റിലാണ് കൊല്ലത്തിന്റെ എഴുത്തുകാരിയുടെ താമസം.
Content Highlights: Author Mallika Yunus receives Kerala Sahitya Akademi Award for lifetime contribution to literature