പുസ്തകങ്ങൾക്കൊപ്പം വളരുന്ന ദക്ഷിണ: ഒൻപതാംക്ലാസുകാരി വായിച്ചുതീർത്തത് മൂവായിരത്തോളം പുസ്തകങ്ങൾ!

തിരൂർ: ഉറങ്ങാതെകിടക്കുന്ന ചില രാത്രികളിൽ അച്ഛനമ്മമാർ ഉറങ്ങിയാൽ ആരുടെയെങ്കിലും മൊബൈൽഫോൺ തപ്പിയെടുക്കാറുണ്ട് ദക്ഷിണ. ഫോണിന്റെ സ്ക്രീൻ ഓണാക്കി ഇത്തിരിവെട്ടത്തിൽ, പുതുതായി വായിക്കാൻ കിട്ടിയ പുസ്തകം വായിച്ചുതീർക്കാൻ വേണ്ടിയാണത്. ഇങ്ങനെ ‘അസമയത്തും സമയത്തു’മായി എസ്.എൻ. ദക്ഷിണ എന്ന ഒൻപതാംക്ലാസുകാരി വായിച്ചുതീർത്തത് മൂവായിരത്തോളം പുസ്തകങ്ങൾ! ദക്ഷിണ താമസിക്കുന്ന തിരൂർ പൂക്കയിലിലെ വാടകക്വാർട്ടേഴ്‌സിൽ ചെന്നാൽ മുറിനിറയെ പുസ്തകങ്ങളാണ്.
കെ.എസ്.ഇ.ബി. താനാളൂർ സെക്‌ഷനിൽ ഓവർസിയറായ സി. നോബിളിന്റെയും താനൂർ ഫിഷറീസ് സ്കൂൾ അധ്യാപികയായ ഷൈനി നോബിളിന്റെയും ഏകമകളാണ് തിരുനാവായ വിദ്യാഭവൻ സ്കൂളിലെ ഒൻപതാംക്ലാസുകാരിയായ ദക്ഷിണ.
കുഞ്ഞായിരിക്കുമ്പോൾ ഉറങ്ങാൻനേരം അമ്മ പറഞ്ഞകഥകളാണ് ദക്ഷിണയിൽ വായനയ്ക്കു വിത്തിട്ടത്. പിന്നെ മാതൃഭൂമി മിന്നാമിന്നിയിലെ ചിത്രകഥകളും കഥകളുമെല്ലാം വായിച്ചു. യു.കെ.ജി. വിദ്യാർഥിയായിരിക്കേ അച്ഛനമ്മമാരുടെ സ്ഥലംമാറ്റത്തിനൊപ്പം ദക്ഷിണയും തിരൂരിൽ താമസമായി. അതുവരെ സ്വന്തം നാടായ തിരുവനന്തപുരത്തായിരുന്നു. തുഞ്ചൻപറമ്പ് ബാലസമാജം വായനശാല, പച്ചാട്ടിരി ഗ്രാമബന്ധു വായനശാല, തിരൂർ നഗരസഭാ വായനശാല തുടങ്ങിയ ലൈബ്രറികളെല്ലാം പ്രയോജനപ്പെടുത്തി. മലയാളത്തിലെ പ്രമുഖരുടെയെല്ലാം കിട്ടാവുന്നത്ര പുസ്തകങ്ങൾ വായിച്ചു. ഒപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും.
ഒരു വഴിയല്ല, പല വഴിയേ...
വൈവിധ്യമുള്ള വായനയാണ് ഇഷ്ടം കഥയോ നോവലോ മാത്രം വായിച്ചിരുന്നാൽ മതിയോ, ശാസ്ത്ര, വിജ്ഞാന പുസ്തകങ്ങൾവേണം, സാമൂഹികപ്രസക്തിയുള്ളവ വേണം... എങ്കിലേ വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും അറിവുകളും ലഭിക്കൂ. അപ്പോഴേ വായന പൂർണമാകൂ -ദക്ഷിണ പറയുന്നു.
ചിത്രരചനയിലും മിടുക്കിയാണ് ദക്ഷിണ. 2019-ൽ പ്രളയകാലത്ത് ദക്ഷിണ വരച്ച ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട്ട് നടത്തിയിരുന്നു. അന്ന് ചിത്രങ്ങൾ വിറ്റുകിട്ടിയ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
2021-ൽ സംസ്ഥാന വനിതാശിശുവികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് ഉൾപ്പെടെ മൂന്നുതവണ സോളോ എക്സിബിഷനുകൾ നടത്തി. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിൽ മൂന്നുതവണ അതിഥിയായി പങ്കെടുത്തു. സാഹിത്യ അക്കാദമി ലിറ്ററേച്ചർ ഫെസ്റ്റ്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് എന്നിവയിൽ പ്രഭാഷകയായിരുന്നു.
Content Highlights: S.N. Dakshina, a ninth-grade student from Tirur, has achieved the remarkable feat of reading over 3,000 books, while also being an accomplished artist and recipient of the state's 'Ujjwala Balyam' award.