ഇംഗ്ലീഷുൾപ്പെടെ ഒൻപത് ഭാഷകളിൽ ഒരുമിച്ച് പുസ്തകരൂപത്തിൽ; ഗാഡ്ഗിലിന്റെ ആത്മകഥയുടെ പിറവി

മാധവ് ഗാഡ്‌ഗിലിനും ഭാര്യ സുലോചനയ്ക്കുമൊപ്പം വിനോദ് പയ്യട.
മാധവ് ഗാഡ്‌ഗിലിനും ഭാര്യ സുലോചനയ്ക്കുമൊപ്പം വിനോദ് പയ്യട.

പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ അഡ്വ. വിനോദ് പയ്യട ഗാഡ്ഗിലിനെ അനുസ്മരിക്കുന്നു. 

2012-ൽ കോഴിക്കോട്ട് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു മാധവ് ഗാഡ്ഗിലിനെ പരിചയപ്പെടുന്നത്. തുടർന്നങ്ങോട്ട് കൂടുതൽ അടുത്തതോടെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിരുന്നത്.

2013 ഡിസംബറിൽ കണ്ണൂർ ജവാഹർ ലൈബ്രറിയിൽ നടന്ന ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യാനുള്ള കൺവെൻഷന് അദ്ദേഹമെത്തിയിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്ന കാലമായിരുന്നു.

യഥാർഥവസ്തുതകൾ പുറത്തുകൊണ്ടുവരാനും ചർച്ചചെയ്യാനുമാണ് വന്നത്. മലയോരമേഖലയിൽനിന്ന് ആശങ്കയുമായി ഒട്ടേറെ കർഷകർ വന്നിരുന്നു. ഗാഡ്ഗിൽ മലയോരം സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആത്മകഥയുടെ പിറവി
പലതവണ പുണെയിലെ വീട്ടിൽ പോകുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് രണ്ടുപേർക്കും ചേർന്ന് ഒരു പുസ്തകം തയ്യാറാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മകഥയായിരിക്കും നല്ലതെന്ന നിർദേശം ഞാൻ മുന്നോട്ടുവെച്ചു. അങ്ങനെയാണ് ആത്മകഥയുടെ പിറവി. അത് ആദ്യം അച്ചടിമഷി പതിഞ്ഞത് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു.

ഇംഗ്ലീഷിൽ എഴുതിക്കൊണ്ടിരുന്ന സമയത്തുതന്നെ കൈയെഴുത്തുപ്രതി എനിക്ക് അയച്ചുതരികയായിരുന്നു. ഞാൻ മലയാളത്തിലാക്കുകയാണ് ചെയ്തത്. ഇംഗ്ലീഷുൾപ്പെടെ ഒൻപത് ഭാഷകളിൽ ഒരുമിച്ചാണ് ആത്മകഥ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. 2013 സെപ്റ്റംബർ ഒന്നിന് പുണെയിൽ നടന്ന പ്രകാശനത്തിന് പോയിരുന്നു. 

അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു, വിനോദില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പുസ്തകമുണ്ടാകില്ലായിരുന്നുവെന്ന്. അത് കേട്ടപ്പോൾ അഭിമാനം തോന്നി.

ജനകീയ ജൈവവൈവിധ്യപട്ടിക
പരിസ്ഥിതി ശാസ്ത്രജ്ഞൻ എന്നതിനപ്പുറം ഗ്രാമീണ ജനവിഭാഗങ്ങളുടെയും ആദിവാസികളുടെയും വിഭവങ്ങളുടെ അധികാരത്തെ അടിസ്ഥാനമാക്കി പരിസ്ഥിതിശാസ്ത്രത്തിന് പുതിയ ദിശ നൽകിയെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.

പുസ്തകത്തിന്റെ കവർ പേജ്

പ്രാദേശിക ജനകീയ ജൈവവൈവിധ്യ പട്ടിക തയ്യാറാക്കുകയെന്ന ആശയം ആദ്യമായി ലോകത്ത് അവതരിപ്പിച്ചത് അദ്ദേഹമാണ്. അതാണ് തദ്ദേശസ്ഥാപനങ്ങളിൽ കേരളം നടപ്പാക്കിയത്. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്. ഗ്രാമസഭകൾക്ക് പ്രാദേശിക വികസനത്തിൽ അഭിപ്രായം പറയാനും തീരുമാനമെടുക്കാനുമുള്ള നിർദേശം ഗാഡ്ഗിൽ റിപ്പോർട്ടിലുണ്ട്.

അവസാനം വരെ ആദിവാസികൾക്കായി
അദ്ദേഹത്തെക്കുറിച്ച് പുണെ ഐസർ ഡോക്യുഫിക്ഷൻ തയ്യാറാക്കുമ്പോൾ എന്റെകൂടി അഭിമുഖം വേണമെന്ന് അവരോട് നിർദേശിച്ചത് അദ്ദേഹമാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 29-ന് പുണെയിൽ പോയപ്പോഴാണ് അവസാനമായി കണ്ടത്.

അപ്പോൾ സംസാരിച്ചത്, പിന്നാക്ക ഗ്രാമീണമേഖലയിലെയും ആദിവാസി വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് പാഠഭാഗം സരളമായി പറഞ്ഞുകൊടുക്കുന്ന പദ്ധതി രൂപപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു. അതിനായി രാജ്യത്തെ വിദ്യാഭ്യാസവിദഗ്ധരുമായി ചർച്ചചെയ്ത കാര്യവും പറഞ്ഞു.

ആ സമയത്ത് ആരോഗ്യപരമായി അവശതയുണ്ടായിരുന്നു. അദ്ദേഹം ഭാര്യക്കായി വാങ്ങിയ ചെരുപ്പ് രോഗ ബാധിതയായതുകാരണം അവർക്ക് ഇടാനായില്ല. അതുകൊണ്ട്, വിനോദിന്റെ ഭാര്യക്ക് നൽകിക്കോളൂവെന്ന് പറഞ്ഞ് എനിക്ക് തന്നു. കേരളത്തിലെ പരിസ്ഥിതിവിഷയങ്ങളിൽ ഇടപെടേണ്ടിവരുമ്പോഴൊക്കെ എന്നോട് വസ്തുതകളും വിവരങ്ങളും അന്വേഷിക്കുമായിരുന്നു. 

Content Highlights: Remembering Madhav Gadgil, the environmental and social activist. Discover his autobiography, translated into nine languages, and his contributions to people`s biodiversity registers.