വിശക്കുമ്പോള്‍ ഭക്ഷണവും കിടക്കാന്‍ കട്ടിലും പഠിക്കാന്‍ സ്‌കൂളും തന്നത് കന്യാസ്ത്രീകള്‍- കെ.എസ് രതീഷ്

കെ.എസ് രതീഷ്‌
കെ.എസ് രതീഷ്‌

മിഷണറി പ്രവര്‍ത്തനം തന്നെപ്പോലുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനമാണെന്ന് എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാല്യകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചത്തീസ്ഗഡ്ഢില്‍ തടവിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചത്. 

കെ.എസ്. രതീഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മിഷണറി പ്രവര്‍ത്തനം മനുഷ്യക്കടത്തെന്നാണ് എന്റെ അനുഭവം...

 നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാല്‍ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു തള്ളയും മൂന്ന് മക്കളും ചാവും. പുറത്ത് പെരു മഴയും കാറ്റും. ആകെയുള്ള ഒരു സാരിയില്‍ മൂന്നിനേയും പുതപ്പിച്ചു കിടത്തി കര്‍ത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ  അമ്മ. വാറ്റും കള്ളത്തടി വെട്ടും അംബാസിഡര്‍ കാറും തലയിണയില്‍പ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പന്‍.

  അതിലെ നടുക്കത്തെ കരിമന്‍ ചെറുക്കനെ 'എന്റെ ഏറ്റവും എളിയ മനുഷ്യന് ചെയ്തതെല്ലാം എനിക്ക് ചെയ്തതാകുന്നു.' മത്തായി 25 ന്റെ 40 വാക്യം. അതായത് ഹിന്ദുക്കളുടെ മാനവ സേവ മാധവ സേവ ലക്ഷ്യമാക്കിയ മിഷണറിമാര്‍ മൂന്ന് നേരം തീറ്റിയും കിടക്കാന്‍ ഇരുമ്പ് കട്ടിലും പഠിക്കാന്‍ റിങ്കില്‍ റൗബെ എന്ന മിഷണറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാന്‍ ബൈബിളും.

  അവന്‍ പ്ലസ്ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്.

  ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.

 ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാന്‍ പോയ കന്യാസ്ത്രീകളെ ജയിലില്‍ കിടത്തിയെന്ന് കേട്ടത് മുതല്‍ നെഞ്ചിനുള്ളില്‍ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്.

 സത്യത്തില്‍ മിഷണറി പ്രവര്‍ത്തനം മനുഷ്യക്കടത്ത് തന്നെയാണ്. 'ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്ന ക്രിസ്തുവാക്യം തിരിച്ചറിയാത്ത കാസക്കാരനും, 'മാനവ സേവ മാധവ സേവ'തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികള്‍ക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല.
    
അങ്ങനെ അവര്‍ കടത്തിയ അക്കാലം ഓര്‍ക്കാന്‍ ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രം പോലും ഇല്ലാത്ത അവര്‍ വീട്ടില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വരുത്തിച്ചെടുത്ത ചിത്രമാണിത്. അടച്ചുറപ്പുള്ള വീടൊക്കെ ആയെങ്കിലും കാറ്റിലും മഴയിലും ആ അമ്മ ഇന്നും അതേ പ്രാര്‍ത്ഥനയും നിലവിളിയുമാണ്.
  
ഏതുകോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയില്‍ കിടക്കുന്ന അമ്മമാര്‍ക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ? ഇന്ത്യയുടെ അഭിമാനമായ മദര്‍ തെരേസ ഇന്നായിരുന്നെങ്കില്‍...


 

Content Highlights: KS Ratheesh Facebook post for supporting Nuns Missionary