യഥാര്‍ഥഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞാല്‍ എതിരാളികള്‍ ബോധംകെടും-സുഭാഷ് ചന്ദ്രൻ

കെ.എസ് ശബരീനാഥന്‍ ജ്ഞാനസ്‌നാനം പുസ്തകചര്‍ച്ചയില്‍
കെ.എസ് ശബരീനാഥന്‍ ജ്ഞാനസ്‌നാനം പുസ്തകചര്‍ച്ചയില്‍

കോഴിക്കോട്: ചെകുത്താന്മാര്‍ ഭീതിപ്പെടുത്തിവരുമ്പോള്‍, യഥാര്‍ഥഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞാല്‍ മറുഭാഗത്തുള്ളവര്‍ ബോധംകെട്ടുവീഴുമെന്ന് സുഭാഷ് ചന്ദ്രന്‍. പുതിയ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ത്രിവര്‍ണോത്സവത്തിന്റെ ഭാഗമായി സുഭാഷ് ചന്ദ്രന്റെ തന്നെ 'ജ്ഞാനസ്‌നാനം' പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കലും ഇല്ലാതാക്കുവാന്‍ സാധിക്കാത്ത ഇന്ത്യയുടെ നന്മയുടെ പ്രതീകമാണ് മഹാത്മാഗാന്ധി. ആര് ഇല്ലാതാക്കണമെന്ന് വിചാരിച്ച് ഇന്ത്യ ഒന്നാകെ വറ്റിച്ചാലും അവസാനം അതില്‍നിന്നും ഗാന്ധിജി ഉയര്‍ന്നുവരും - സുഭാഷ് ചന്ദ്രന്‍ പറഞ്ഞു

മതമെന്ന തീര്‍ത്തും വ്യക്തിപരമായി ഭരണഘടന നല്‍കിയ സ്വാതന്ത്ര്യമാണ്, വഖഫ് ബില്‍ ഭേദഗതിയോടെ നമ്മുടെ ഇന്ത്യയില്‍ തകര്‍ന്നതെന്ന് മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ പറഞ്ഞു.

ഈ കാലഘട്ടമിങ്ങനെ തുടര്‍ന്നുപോവുകയാണെങ്കില്‍ പാഠപുസ്തകങ്ങളിലൂടെപ്പോലും കുട്ടികളുടെ മനസ്സിലേക്ക് ഗാന്ധിജി ഒരു നെഗറ്റീവ് കഥാപാത്രമായി വരാന്‍ അധികം താമസമുണ്ടാവില്ലെന്ന് എഴുത്തുകാരനും മുന്‍ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍ പറഞ്ഞു.

പഴകുളം മധു, ആര്‍.എസ്. പണിക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പി.കെ. രാഗേഷ്, ബാബുരാജ് എന്നിവരും സംസാരിച്ചു.

Content Highlights: kozhikode dcc office inauguration subhash chandran book discussion jnanasnanam