റോയല്റ്റിയില്ല, കൈയെഴുത്തുപ്രതികള്‍ കാണാനില്ല - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കെ.കെ.എൻ കുറുപ്പ്

കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്നും മലയാളത്തിനാവശ്യമായ ഒരു സാംസ്കാരിക
കേന്ദ്രം നശിച്ചുപോവുകയാണെന്നും കെ.കെ.എന്‍ കുറുപ്പ് ആരോപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടിക്കാനായി നല്കുന്ന പുസ്തകങ്ങളുടെ കോപ്പികള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതുമൂലം നഷ്ടപ്പെട്ടുപോവുന്നുവെന്നും തന്റെ രണ്ട് കൈയെഴുത്തുപ്രതികളുടെ കോപ്പികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അലംഭാവം മൂലം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
'മലയാളഭാഷയില്‍ ശാസ്ത്രീയ ഗ്രന്ഥരചന, സാങ്കേതിക പുസ്തകങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കുവാനാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. 50 വര്‍ഷത്തെ അതിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സ്റ്റോക്ക് ടേക്കിംഗ് നടത്തേണ്ടത് ആവശ്യമാണ്. ഈ പ്രവര്‍ത്തനത്തില്‍ ഒരു കൂട്ടം നല്ല എഴുത്തുകാരും സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും ഉള്ള ഒരു സ്ഥാപനമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്.
സര്‍ക്കാര്‍ സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ത്തന്നെ ഏത് സ്വകാര്യ സ്ഥാപനത്തിനേക്കാളും നന്നായി പ്രവര്‍ത്തിക്കുവാന്‍ കഴിയേണ്ടതാണ്, എന്നാല്‍ ഇത് വേണ്ടത്ര നല്ല നിലയില്‍ നടക്കുന്നുണ്ടോ എന്നതും അതിന്റെ രേഖകളില്‍ സംതൃപ്തരാണോ എന്നതും വിറ്റഴിഞ്ഞ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി കൊടുക്കുന്നുണ്ടോ എന്നും അവിടെ ലഭിക്കുന്ന കയ്യെഴുത്തു പ്രതികള്‍ നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നും അതിന്റെ ക്വാളിറ്റിവേണ്ടത്ര ഉണ്ടോ എന്നും ഒരു പീര്‍ കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയില്‍ വൈസ് ചാന്‍സിലര്‍മാര്‍ ഉണ്ടെന്നാണ് വെപ്പ്. പക്ഷേ ഞാന്‍ ഒരിക്കലും പങ്കെടുത്തിരുന്നില്ല. 2015-ല്‍ എന്റെ ഒരു പുസ്തകമായ 'പഴശ്ശി' പുനഃപ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്. മുന്പ്രസിദ്ധീകരണത്തിന്റെ റോയല്‍റ്റി പോകട്ടെ, പിന്നീട് അച്ചടിച്ച ഈ പുസ്തകത്തിന്റെ ഒരു കോപ്പി പോലും ഗ്രന്ഥകര്‍ത്താവായ എനിക്ക് അയച്ചുതന്നിട്ടില്ല. മറ്റൊരാളില്‍ നിന്നാണ് ഞാന്‍ ഈ പുസ്തകം കണ്ടത്.''- കെ.കെ.എന്‍ കുറുപ്പ് ആരോപിക്കുന്നു.
ഗ്രന്ഥകര്‍ത്താക്കളെ സ്നേഹിക്കാത്ത, ബഹുമാനിക്കാത്ത ഒരു പ്രസിദ്ധീകരണശാലക്ക് വളര്‍ച്ചയില്ലെന്നും അതാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''ഗവണ്മെന്റ് കാശ് മുടക്കുന്ന പുസ്തകങ്ങള്‍ 50 വര്‍ഷം കഴിഞ്ഞിട്ടും വിറ്റുപോകുന്നില്ലെങ്കില്‍ അത് വായനശാലകള്‍ക്ക് സൗജന്യമായി കൊടുക്കേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്തരം പാഠപുസ്തകങ്ങള്‍ വി സിയുടെ കാറില്‍ കൊണ്ടുപോയി വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിനാവശ്യമായ ഒരു സാംസ്കാരിക കേന്ദ്രം ഇങ്ങിനെ നശിച്ചുകാണുന്നതില് പരിതപിക്കുന്നു വേദനിക്കുന്നു.''- കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
താന്‍ പ്രൊഫസര്‍ ആയിരിക്കെ 'എസി കണ്ണന് നായര്‍ ഒരു പഠനം' എന്ന ഗ്രന്ഥം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ആവശ്യപ്പെട്ടതു പ്രകാരം അന്നത്തെ വി സി ടി. എം ജയചന്ദ്രന് കണ്‍സള്‍ട്ടന്റായി പരിശോധിച്ച കാര്യം ആ പുസ്തകത്തിന്റെ പുറംചട്ടയില്‍ കാണാമെന്നും അത്തരത്തില്‍ ഗ്രന്ഥ പരിശോധനകള്‍ ഇപ്പോള്‍ ആരെങ്കിലും നടത്തുന്നുണ്ടോയെന്നും കുറുപ്പ് ചോദിച്ചു. ''എന്റെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് ഈ സ്ഥാപനം വഴിയാണ്. കഷ്ടകാലത്തിന് ഒരു കോപ്പി വെച്ചതുമില്ല.''- കെ.കെ.എന്‍ കുറുപ്പ് പറയുന്നു.
Content Highlights: kkn kurup allegations kerela bhabsha institute