'കൊന്ന് കെട്ടിത്തൂക്കുന്നത് ആത്മഹത്യ, നേരുനടിക്കുന്നത് വിപ്ലവം'; സാധാരണ മനുഷ്യർ നിസ്സഹായർ- കെ.ജി.എസ്

നീതിക്കുനേരെ കണ്ണുകളടയ്ക്കുന്ന അധികാരവൃന്ദത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കെ.ജി. ശങ്കരപ്പിള്ളയുടെ കവിത ചര്‍ച്ചയായിരിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് കെ.ജി.എസിന്‍റെ 'കൂര്‍മം' എന്ന കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ സമകാലിക സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നതാണ് കവിത.
ചുറ്റിലും നീതികേടുകള്‍ നടക്കുമ്പോള്‍ അവയ്ക്കുനേരെ കണ്ണടയ്ക്കുന്ന അധികാരികളും ഏതോ ഒരു ഭയത്തോടെ ജീവിക്കുന്ന പൗരരേയും കവിതയിൽ കെജിഎസ് ആവിഷ്കരിക്കുന്നു. ഇന്ന് 'നേര് പറയുന്നതല്ല നേര് നടിക്കുന്നതായി വിപ്ലവം' എന്ന് കവി പറയുന്നു. കൊന്ന് കെട്ടിത്തൂക്കുന്നത് ആത്മഹത്യയാവുന്നു. വാഗ്ദാനം വഞ്ചനയായിത്തീരുന്നു. നേരിന്റെ ജീവന്‍ പിക്കാസ് കൊണ്ട് വെട്ടിപ്പൊളിക്കുന്നത് ജീവരക്ഷാപ്രവര്‍ത്തനവുമായിരിക്കുന്നുവെന്ന് കവിതയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"പൊതുമുഖത്തുനിന്ന് സത്യത്തെ അകറ്റിക്കൊണ്ടുപോകുന്ന ഒരു പ്രവണത സമൂഹത്തിലുണ്ടായിട്ടുണ്ട്. അതേക്കുറിച്ചാണ് 'കൂര്‍മം'. വെറും കൈകാലുകളും തലയും ഉള്‍വലിക്കുകയാണ് 'കൂര്‍മം' ചെയ്യുന്നതെങ്കില്‍ യഥാര്‍ഥ മനസ്സ് ഒരിക്കലും പുറത്തേക്ക് കാണിക്കാതിരിക്കലാണ് ഇന്ന് മനുഷ്യര്‍ ചെയ്യുന്നത്. യാഥാര്‍ഥ്യത്തിന് പകരം അയഥാര്‍ഥവും നീതിക്ക് പകരം അനീതിയുമാണ് കാണാനാവുക. പ്രത്യക്ഷത്തിലെന്തുണ്ടോ അതിന് നേര്‍വിപരീതമാണ് സത്യം എന്ന് അനുമാനിക്കേണ്ട തരത്തിലുള്ള, വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന വേദനയില്‍ നിന്നാണ് ഈ കവിതയുണ്ടായത്", കവിത എഴുതാനുണ്ടായ സാഹചര്യത്തേക്കുറിച്ച് കെ.ജി.എസ്. മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു.
കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള ആസൂത്രിതമായ ഒളിപ്പിക്കലുകളും കളവുകളും മറ്റും കവിതയിലുള്‍പ്പെടുത്തിയിട്ടുണ്ട്. നന്മയും നീതിയും സത്യവുമുള്ള ഒരാള്‍ ആത്മഹത്യചെയ്തു. അയാള്‍ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ട് എതിരെയുള്ളവര്‍ക്ക് അദ്ദേഹത്തോടുണ്ടായ പകയും ഗൂഢാലോചനയും ആത്മഹത്യയിലേക്ക് വഴിതെളിച്ചു എന്നതിന് സാധ്യത കൂടുതലാണ്. തെളിവുകള്‍ നശിപ്പിക്കുക എന്ന ഒരു അതിവേഗയന്ത്രം നമ്മുടെ കാലത്ത് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചരിത്രത്തില്‍ ഏറ്റവും സജീവമായ വിനിമയരംഗമാണ് ഇന്നത്തേത്. ഇത്രയധികം ആവിഷ്‌കാരസംവിധാനങ്ങളുണ്ടായിട്ടും പറയേണ്ടത് പറയുന്നില്ല. ആവിഷ്‌കരിക്കപ്പെടേണ്ടത് ആവിഷ്‌കരിക്കപ്പെടുന്നില്ല. സത്യം പറയേണ്ടതിന് പകരം അത് ആസൂത്രിതമായി ഒളിപ്പിക്കപ്പെടുന്നു. അങ്ങനെയൊരു ഗൂഢതലം നമ്മുടെ ലോകത്തുണ്ട്. 'കൂര്‍മം' ചെയ്യുന്നപോലെ എല്ലാം ഉള്‍വലിക്കുന്ന സ്വഭാവം സമൂഹത്തിനുണ്ട്. ധൈര്യമായി എന്തിനോടെങ്കിലും പ്രതികരിക്കുന്നതിന് പകരം വിദഗ്ധമായി ഉള്‍വലിക്കുന്നതാണ് വിജയവും ധീരതയും എന്ന് കരുതുന്ന ഒരു പൊതുമണ്ഡലത്തിന്റെ അനുഭവത്തില്‍നിന്നാണ് ഈ കവിതയുണ്ടായത്, കെ.ജി.എസ്. വ്യക്തമാക്കി.
"എഴുത്തുകാര്‍ക്കിടയിലുള്ള സ്വയം വിലക്കുകള്‍ പോലും ഭയത്തില്‍നിന്ന് വരുന്നതാണ്. ഒരു ഫാസിസ്റ്റ് പൊതുസാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നതുകൊണ്ടാണത്. ആരെങ്കിലും പ്രതികരിച്ചാല്‍ 'ചോദിക്കാനാരും ഇല്ല, ഞങ്ങള്‍ എവിടെയെങ്കിലും വെച്ച് നേരിട്ടോളാം' എന്നുപറയുന്ന കുറ്റവാളികള്‍ക്ക് തടവറയില്‍ സുഖസൗകര്യവും പരിഗണനകളും നല്‍കിവരുന്ന ഒരു കാലത്ത് ആളുകള്‍ക്ക് ധീരമായി പ്രതികരിക്കാന്‍ സാധിക്കുന്നില്ല. സാധാരണ മനുഷ്യര്‍ നിസ്സഹായരാണ്. എന്നാല്‍, ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്ന ന്യൂനപക്ഷം സമൂഹത്തിലും സര്‍ഗാത്മകമേഖലകളിലുമെല്ലാം ഉണ്ട്. പ്രചാരം ലഭിക്കുന്നത് അവയ്ക്കല്ലെന്നുമാത്രം. സത്യത്തിനും നീതിക്കും ഇവിടെ നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നു. നിയമവ്യവസ്ഥയും അധികാരവും എല്ലാം ഒരു വിഭാഗം അവരുടെ ലാഭത്തിനായി ഉപയോഗിക്കുന്നു.
പാതിരാത്രി പെരുവഴിയിലിട്ട് ടി.പി. ചന്ദ്രശേഖരനെ കൊലചെയ്തത് നമ്മളെത്ര നടുക്കത്തോടെയാണ് കേട്ടത്. ആ നടുത്തില്‍നിന്നാണ് 'വെട്ടുവഴി' എന്ന കവിത എഴുതിയത്. ഏറ്റവും വലിയ മനുഷ്യസ്‌നേഹത്തിന്റെ പ്രസ്ഥാനത്തില്‍പെട്ട ആളുകളാണ് അത് ചെയ്തത്. ഏറ്റവും വലിയ മനുഷ്യസ്‌നേഹത്തിന്റെ, പ്രസ്ഥാനത്തിന്റെ പ്രത്യശാസ്ത്രത്തില്‍നിന്ന് ഏറ്റവും വലിയ മനുഷ്യഹിംസയുടേതായ ഒരു ഫാസിസ്റ്റ് പൈശാചികത വരുന്നു എന്നതിലുണ്ടായ ഞെട്ടലാണ് എന്നെക്കൊണ്ട് ആ കവിത എഴുതിച്ചത്. ഇപ്പോള്‍ 'കൂര്‍മം' എന്ന കവിതയ്ക്ക് ഒരുപാട് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത് എവിടെയൊക്കെയോ സജീവത നിലനില്‍ക്കുന്നു എന്നൊരു പ്രത്യാശ നല്‍കുന്നതാണ്", കെ.ജി.എസ്. പറഞ്ഞു.
Content Highlights: KGS responds poem 'Koormam'