ധീരർക്കുമാത്രമേ ഇനിയുള്ള കാലം വലിയ എഴുത്തുകാരോ, മനുഷ്യരോ, കലാകാരന്മാരോ ആയിത്തീരാനാകൂ- കെ.ജി.എസ്.

കോഴിക്കോട്: വെറുപ്പുകൊണ്ട് മനുഷ്യൻ വർഗീയഫാസിസംപോലുള്ള തീക്ഷ്ണതകൾ ആവിഷ്കരിക്കുന്ന ചരിത്രഘട്ടം എന്നുപറയുന്നത് വളരെ സംശയിക്കേണ്ട ഒന്നാണെന്ന് കവി കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു. കലാലയവിദ്യാർഥികൾക്കായുള്ള ഈ വർഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരവിജയികൾക്കുള്ള പുരസ്കാരസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“അവിടെ മൂല്യങ്ങളെല്ലാം മൂകസാക്ഷികളാകും. സ്നേഹം അലങ്കാരമാവും. അത്തരം ഒരവസ്ഥയിൽ എഴുത്തുകാരനായിരിക്കാൻ അല്ലെങ്കിൽ എഴുത്തുകാരിയായിരിക്കാൻ അസാമാന്യമായ, അതുല്യമായ സത്യധീരത വേണം. ധീരർക്കുമാത്രമേ ഇനിയുള്ള കാലം വലിയ എഴുത്തുകാരോ, വലിയ മനുഷ്യരോ, വലിയ കലാകാരന്മാരോ ആയിത്തീരാൻ പറ്റുകയുള്ളൂ”- കെ.ജി.എസ്. പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനായി. മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം അഭിമാനമുഹൂർത്തമാണിതെന്നും ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കാൻ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള മാധ്യമസ്ഥാപനമാണ് മാതൃഭൂമിയെന്നും അദ്ദേഹം പറഞ്ഞു.
കഥാമത്സരത്തിലെ ജൂറി അംഗം കൂടിയായ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം രചനകളെ വിലയിരുത്തിസംസാരിച്ചു. എഴുത്തുകാരന്റെ അടിത്തറയെന്ന് പറയുന്നത് ദുരിതവും കഷ്ടപ്പാടുകളും വേദനയും കണ്ണീരും തന്നെയാണെന്നും ഒരിക്കലും സന്തോഷവും സമാധാനവുമല്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ തലമുറയിൽനിന്ന് വ്യത്യസ്തമായി തീർത്തും പുതിയ ഒരു സാമൂഹികാന്തരീക്ഷത്തിലൂടെയാണ് പുതിയ തലമുറ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാലഘട്ടത്തെക്കുറിച്ച് കുറച്ചുകൂടി കൃത്യമായി അടയാളപ്പെടുത്തൽ കഥകളിൽ വേണം” -സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു.
ചുരുക്കപ്പട്ടികയിൽ ഇടംനേടിയ 50 യുവപ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇവരിൽനിന്ന് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവരുടെ പേരുകൾ സന്തോഷ് ഏച്ചിക്കാനം പ്രഖ്യാപിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസി.എഡിറ്റർ സുഭാഷ് ചന്ദ്രൻ ആമുഖപ്രഭാഷണവും കെ.സി. സുബിൻ നന്ദിയും പറഞ്ഞു.
Content Highlights: KG Sankara Pillai stresses the need for extraordinary courage in contemporary writing., Recognition of 50 young literary talents in the 2026 Mathrubhumi student competition., Santhosh Echikkanam highlights the importance of portraying social realities in modern stories., Mathrubhumi's ongoing commitment to fostering language and literary growth.