പി.കെ. ഗോപിക്ക് സമഗ്രസംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു

കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്രസംഭാവനാ പുരസ്‌കാരം കവിയും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ. ഗോപിക്ക് സമ്മാനിച്ചു. അനാരോഗ്യംമൂലം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് മലാപ്പറമ്പിലെ 'നന്മ' വസതിയിലെത്തിയാണ് സാഹിത്യ അക്കാദമി പ്രവര്‍ത്തകര്‍ പുരസ്‌കാരം നല്‍കിയത്. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പുരസ്‌കാരം സമര്‍പ്പിച്ചു.
മലയാള കാവ്യപരമ്പരയുടെ മഹനീയമായ തുടര്‍ച്ച നിലനിര്‍ത്തുന്നതോടൊപ്പം തന്റേതായ വഴിയിലൂടെ മുന്നേറിയ കവിയാണ് പി.കെ. ഗോപിയെന്ന് അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.
ഗ്രാമീണശുദ്ധിനിറഞ്ഞ കവിതകളും കവിതപോല്‍ മനോഹരമായ ചലച്ചിത്രഗാനങ്ങളുമാണ് പി.കെ. ഗോപിയെ വേറിട്ടുനിര്‍ത്തുന്നതെന്ന് ചടങ്ങില്‍ അതിഥിയായെത്തിയ മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു.
അക്കാദമി നിര്‍വഹണസമിതി അംഗം എം.കെ. മനോഹരന്‍ അധ്യക്ഷനായി. സെക്രട്ടറി സി.പി. അബൂബക്കര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. മിനി പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ കെ.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കവി എഴുതിത്തയ്യാറാക്കിയ മറുമൊഴി മരുമകന്‍ ജോബി ജോസഫ് വായിച്ചു.
Content Highlights: kerala sahitya academy overall contribution pk gopi received award