ഭാരതപര്യടനം എഴുതുന്നത് ഇന്ത്യാ-പാക് വിഭജന കാലത്ത്, മാരാരെ മലയാളി മറക്കരുത് - കെ.സി നാരായണന്‍

#കെ.സി നാരായണൻ
കുട്ടികൃഷ്ണ മാരാർ, ഭാരതപര്യടനം കവർ
കുട്ടികൃഷ്ണ മാരാർ, ഭാരതപര്യടനം കവർ

കുട്ടികൃഷ്ണമാരാര്‍ക്ക് സാഹിത്യനഗരത്തില്‍ സ്മാരകം വേണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാവേണ്ട കാര്യമില്ല. തീര്‍ച്ചയായും, സാഹിത്യവിമര്‍ശനത്തിലെ ആ അതികായന്‍ അതര്‍ഹിക്കുന്നു. ആ സ്മരണപോലും നമുക്ക് പ്രചോദനമാവുന്നു. വ്യാസന്റെയും കാളിദാസന്റെയും കൃതികളെ മലയാളിയുടെ ഹൃദയത്തിലേക്ക് പകര്‍ന്നുവെന്നതാണ് മാരാരുടെ പ്രധാനസംഭാവന.

ഇന്ത്യ-പാക് വിഭജനവും അതെത്തുടര്‍ന്ന് കൂട്ടക്കൊലകളും നടക്കുന്ന കാലത്താണ് മാരാര്‍ ഭാരതപര്യടനം എഴുതുന്നത്. സഹോദരങ്ങള്‍ തമ്മിലുള്ള വിഭജനവും അതേത്തുടര്‍ന്നുണ്ടാവുന്ന യുദ്ധവും രക്തച്ചൊരിച്ചിലുമൊക്കെ മാരാരുടെ കൃതിയില്‍ പ്രതിഫലിച്ചു. ബന്ധങ്ങളിലെ മുറിവിന്റെ വേദന അദ്ദേഹം അക്ഷരങ്ങളില്‍ ചാലിച്ചു. മഹാഭാരതത്തിലെ 18 പര്‍വങ്ങളെയും അദ്ദേഹം തന്റെ കാലഘട്ടത്തിനനുസൃതമായി മനോഹരമായി വ്യാഖ്യാനിച്ചു. അനേകം പതിപ്പുകളിറങ്ങിയിട്ടും മാരാരുടെ രചന ഇന്നും മലയാളി ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. മാരാരുടെ മകന്‍ കവര്‍ വരച്ച ആ പുസ്തകം ഇന്നും ജീവിക്കുന്നു. തീര്‍ന്നില്ല, മഹാഭാരതത്തെ അടിസ്ഥാനമാക്കി സാഹിത്യകൃതികളുടെ പരമ്പരതന്നെ പില്‍ക്കാലത്ത് മലയാളത്തിലുണ്ടായി. അത് ഇന്നും തുടരുന്നു.

കാളിദാസകൃതികളുടെ മനോഹര പരിഭാഷ ഇത്ര മധുരമുള്ളതാക്കിയതിന് കൈരളി മാരാരോട് കടപ്പെട്ടിരിക്കുന്നു. മേഘസന്ദേശത്തിന്റെ പരിഭാഷ എത്രനല്ല ഗദ്യരചനയാണെന്നത് വിവരിക്കാന്‍ എളുപ്പമല്ല. ആ വലിയ മനുഷ്യന്‍ തന്റെ പ്രതിഭാവിലാസവും കഠിനാധ്വാനവും സമംചേര്‍ത്ത് ക്ലാസിക് കൃതികളെ മലയാളിയുടെ ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചു എന്നുമാത്രം ഇവിടെ കുറിക്കട്ടെ.

സമകാലിക കൃതികളെ വിമര്‍ശിക്കുക എന്നതിലുപരി പുരാതനകൃതികളിലെ പഴയകാല മൂല്യങ്ങളെ മനസ്സുകളിലേക്ക് പുനരാനയിക്കാന്‍ മാരാര്‍ക്ക് കഴിഞ്ഞു, അസാധാരണമായവിധം. അത്തരം മൂല്യങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും ആ ധിഷണാശാലിയുടെ രചനാപാടവം കണ്ടില്ലെന്ന് നടിക്കാനാവില്ല. യുക്തിയുക്തമായ പ്രതിപാദനരീതിയാണ് മാരാരുടേത്. ആ വ്യക്തതയും കൃത്യതയും യുക്തിഭദ്രതയും ആര്‍ക്കും അനുകരിക്കാവുന്നതുമല്ല.
 

Content Highlights: kc narayanan kuttikrishnamarar bharathaparyatanam india pakistan