കഥകളുടെ കെട്ടഴിക്കാം, പാട്ടിലലിയാം; സാഹിത്യനഗരത്തിലുണ്ട് അക്ഷരങ്ങളേയും ഭക്ഷണത്തെയും ചേർത്തുപിടിച്ച ഒരിടം

#എൻ. സൗമ്യ
ചേവരമ്പലം 'കഥ'യിലെ വായനമുറിയിൽ നിന്ന്
ചേവരമ്പലം 'കഥ'യിലെ വായനമുറിയിൽ നിന്ന്

കോഴിക്കോട്: ‘അക്ഷരങ്ങൾ കഴിക്കാനിരിക്കാമോ... എങ്കിൽ പറയുവാനുണ്ട് കഥകളോരോന്ന്... ചുട്ടുപൊള്ളിടാം കഥകളെങ്കിലും തന്നതൊക്കെയും കൈക്കിലത്തുണികൂട്ടി എടുത്തുവെച്ചിടാം മേശപ്പുറത്തേക്ക്...’, താളുകളിൽ കുറിച്ചിട്ട ഈ വരികൾപോലെയാണ് ‘കഥ’. ജനാലപ്പടിയിലും മേശമേലുമെല്ലാം നിറയെ പുസ്തകങ്ങൾ, എം.ടി.യും മാധവിക്കുട്ടിയുമെല്ലാം അങ്ങനെ ഓരോ അടുക്കിലുമുണ്ട്. അതിനിടയിലിരിക്കാം, വായിക്കാം, പാട്ടുകേൾക്കാം, കൂട്ടത്തിൽ കാപ്പിയുംകുടിക്കാം. ഇടയ്ക്ക് മുറ്റത്തെ കഥമരച്ചോട്ടിലെ പാട്ടിലലിയാം. അതിനപ്പുറം ഞാറ്റുപുരയിൽ സ്വപ്നത്തിലേക്കമരാം. അവിടെ റാന്തലുകൾ സ്വപ്നത്തിന് കൂട്ടിരിക്കും.

ചേവരമ്പലത്തെ ‘കഥ’യാണിത്. സാഹിത്യനഗരത്തിൽ എഴുത്തിനെയും പുസ്തകങ്ങളെയും കലയെയും ഭക്ഷണത്തെയും ചേർത്തുപിടിച്ചുള്ള ഒരിടമാണ് കഥ. ശാന്തിനികേതനിൽനിന്നുള്ള കലാസൃഷ്ടികളും തുണികളുംവരെ സാഹിത്യവുമായി ചേർന്നുനിൽക്കുന്നു. പാത്തുമ്മയുടെ ആടും മാധവിക്കുട്ടിയുടെ നീർമാതളവുമെല്ലാം ചുമരിലെ ചിത്രങ്ങളിൽമാത്രമല്ല, എല്ലായിടത്തുമുണ്ട്.

നാടകവും പാട്ടും നിറഞ്ഞ വീട്ടിൽനിന്ന് മുളച്ച സ്വപ്നം, ശാന്തിനികേതനിൽനിന്ന് പൂവിട്ടു, ഒടുവിൽ ചേവരമ്പലത്ത് അത് പടർന്നുപന്തലിച്ചെന്ന് ‘കഥ’യെക്കുറിച്ച് പറയും ശ്രീസൂര്യ. സഹോദരൻ ശ്രീഹർഷനൊപ്പമാണ് കഥ തുടങ്ങിയത്.

മണ്ണിലും മരത്തിലുമെല്ലാം കലാസൃഷ്ടികൾ നിറഞ്ഞുനിൽക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലും എല്ലാമായി കഥയെന്ന് പേരുകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണിത്. ‘എല്ലാവർക്കും ഇരുന്ന് കഥകൾപറയാനും പുസ്തകങ്ങൾ വായിക്കാനുമൊക്കെയുള്ള പൊതു ഇടങ്ങൾ ഇന്നില്ലാതായിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരിടമെന്ന രീതിയിലാണ് കഥ തുടങ്ങിയത്. വീട്ടിൽ കഥകളും നാടകവും പാട്ടുമൊക്കെ നിറഞ്ഞ അന്തരീക്ഷമായിരുന്നു. അതിന്റെയൊരു തുടർച്ചയാണിത്’ -ശ്രീസൂര്യ പറഞ്ഞു. എഴുത്തുകാരൻ രാജൻ തിരുവോത്തിന്റെയും ജയലക്ഷ്മിയുടെയും മക്കളാണിവർ.

ശ്രീസൂര്യ ശാന്തിനികേതനിൽ പിഎച്ച്ഡി കഴിഞ്ഞശേഷം അധ്യാപനജോലിയിലായിരുന്നു. അതൊഴിവാക്കിയാണ് കഥയിലെത്തിയത്. പലതരം പുസ്തകങ്ങൾ കഥയിലെ ഉമ്മറപ്പടിമുതൽ ഓരോ കോണിലുമുണ്ട്. അവിടെയിരുന്ന് സ്വസ്ഥമായി വായിക്കാം, കൊണ്ടുപോകാൻപറ്റില്ല. വേണമെങ്കിൽ പുസ്തകങ്ങൾ അവിടേക്ക് സമ്മാനിക്കാം. കല-സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെയാണ് ഭക്ഷണത്തെയും ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പഴഞ്ചൻ പുസ്തകച്ചട്ടയുള്ള ‘രുചിയുടെ പുസ്തകം’ തുറന്നാൽ നിറയെ ഭക്ഷണത്തെക്കുറിച്ചുള്ള കൗതുകംനിറഞ്ഞ കുറിപ്പുകളും ഒപ്പം ബഷീറിന്റെയും ചുള്ളിക്കാടിന്റെയുമെല്ലാം വരികളും കാണാം. വായിക്കാം, അനുഭവിക്കാം. ശാന്തിനികേതനിൽനിന്നുള്ള ട്രൈബൽ ഉത്‌പന്നങ്ങളും ആഭരണങ്ങളുമെല്ലാം ഇവിടെയുണ്ട്. അതിലുമെല്ലാം സാഹിത്യം ഇഴപിരിയാതെ ചേർന്നുകിടക്കുന്നുണ്ട്. പഴയവീടിനെ ആർട്ടിസ്റ്റിക് രീതിയിൽ മാറ്റിയെടുക്കുകയായിരുന്നു.

ക്രിയേറ്റീവ് എക്കണോമിയെന്ന കാഴ്ചപ്പാടിലേക്കുനീങ്ങുന്ന സാഹിത്യനഗരത്തിന്റെ മറ്റൊരുചിത്രംകൂടിയാണിത്.

ഒരു സ്ഥിരം കലാവേദിയാക്കി കഥയെ മാറ്റുകയാണ് ലക്ഷ്യം. അതിനായാണ് മുറ്റത്തെ മാഞ്ചോടും ഞാറ്റുപുരയും. കഴിഞ്ഞദിവസങ്ങളിൽ ബാവുൾസംഗീതവും ബാംസുരിയുമെല്ലാം അവിടെനിന്ന് ഒഴുകിയെത്തി.

ഡിസംബറിൽ തിയേറ്റർ ശില്പശാല നടത്താനൊരുങ്ങുകയാണിവർ. സന്ധ്യയിൽ കഥയുടെ പടിയിറിങ്ങുമ്പോൾ പിന്നിൽനിന്ന് പാട്ടൊഴുകി, പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...

Content Highlights: 'Katha': Kozhikode Gets a Unique Cafe That Blends Books, Art, Music, and Food; A Cultural Hub in Chevarambalam