കാന്തപുരത്തെ കുറിച്ച് എഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് എഴുത്തുകാരി; എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കാന്തപുരത്തിന്റെ ഓഫീസ്

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇംഗ്ലീഷ് ജീവചരിത്രത്തിന്റെ വലിയ ഭാഗം എഴുതി നല്‍കിയിട്ടും അര്‍ഹമായ പണമോ പുസ്തകത്തില്‍ പേരോ നല്‍കിയില്ലെന്ന പരാതിയുമായി എഴുത്തുകാരി. പ്രസാധകരായ മാജിക് മൂണ്‍ പബ്ലിഷേഴ്‌സിനെതിരെയാണ് എഴുത്തുകാരിയായ ആദില ഹുസൈന്റെ പരാതി.
മര്‍കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ കമ്പനിയിലെ ആളുകളാണ് പുസ്തകം എഴുതാന്‍ ആവശ്യപ്പെട്ടത്. വലിയൊരു ഭാഗം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ആകെ 10000 രൂപയാണ് പ്രതിഫലം നല്‍കിയത്. പിന്നീട് പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഷെയിഖ് അബൂബക്കര്‍ അഹമ്മദ് കമിങ് ഫോര്‍വേഡ്' എന്ന പേരില്‍ പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് മറുപടി കിട്ടി.
എന്നാല്‍ താന്‍ പകുതിയോളം എഴുതിയ പുസ്തകം 'വണ്‍ ടൈം വണ്‍ ലൈഫ്, ദി ഇന്‍ക്രെഡിബിള്‍ സ്റ്റോറി ഓഫ് ദി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ' എന്ന ടൈറ്റിലില്‍ മറ്റൊരാളുടെ പേരില്‍ പുറത്തിറക്കുകയാണെന്നും ആദില ഹുസൈന്‍ ആരോപിക്കുന്നു.
എന്നാല്‍ പുസ്തകവുമായി നേരിട്ട് ബന്ധമില്ലെന്നും ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ദേഹം കണ്ടെത്തിയ പ്രസാധകരും ലാഭേച്ഛയില്ലാതെ നടത്തുന്ന ഉദ്യമം എന്ന നിലയ്ക്ക് പുസ്തകവുമായി സഹകരിച്ചിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്‌നത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉടന്‍ കാണണമെന്നും അതിനുമുമ്പ് പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പ് പ്രസാധകരെ അറിയിച്ചെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
Content Highlights: kanthapuram ap aboobacker musliyar biography controversy