കന്നഡ-മലയാളം നിഘണ്ടുവുമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

കാസര്‍കോട്: കന്നഡഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി തയ്യാറാക്കിയ നിഘണ്ടു ഭാഷാപ്രേമികളുടെ കൈകളിലേക്ക്. സംസ്ഥാന നികുതിവകുപ്പില്‍നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശിയായ ബി.ടി. ജയറാമാണ് ആറ് വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ ഏറെ ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിച്ചത്. 1650 പേജുള്ളതാണ് നിഘണ്ടു. ഇതില്‍ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാളം ലിപിയില്‍ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാര്‍ഥങ്ങള്‍ മലയാളികള്‍ക്ക് മനസ്സിലാകുംവിധത്തിലും പ്രത്യേകിച്ച് കാസര്‍ക്കോട്ടുകാര്‍ക്ക് വേണ്ടി നാടന്‍ശൈലിയിലും മൊഴിമാറ്റി ചേര്‍ത്തിട്ടുണ്ട്.
രണ്ടുവര്‍ഷത്തോളമെടുത്താണ് മൂവായിരം പേജ് കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. ഇപ്പോള്‍ കന്നഡ-മലയാള നിഘണ്ടു വെളിച്ചം കാണുകയാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കന്നഡയിലെ വാക്കുകള്‍ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ എഴുത്തുകാരന്‍ ഉദുമയിലെ പ്രൊഫ. എം.എ. റഹ്‌മാനുമാണ് പരിശോധിച്ചത്. ഇരുഭാഷകളുടെയും സങ്കലനം പ്രശസ്ത വിവര്‍ത്തകനും കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ജയറാമിന്റെ ഗുരുവുമായ കാസര്‍കോട്ടെ കെ.വി. കുമാരനാണ് നിര്‍വഹിച്ചത്.
കന്നഡഭാഷയ്ക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായൊരു റഫറന്‍സ് ഗ്രന്ഥം രചിക്കാന്‍ പ്രാപ്തനായ ഒരു ദ്വിഭാഷാ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ബി.ടി. ജയറാമിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. വി. കാര്‍ത്തികേയന്‍ നായര്‍ കണ്ടുമുട്ടിയത്. മാതൃഭാഷയ്‌ക്കൊപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യുമെന്നതിനാല്‍ നികുതി വകുപ്പില്‍നിന്ന് അന്യത്ര സേവനവ്യവസ്ഥയില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ജോലി ചെയ്തിരുന്നു ജയറാം.
നിഘണ്ടു പ്രകാശനം 18-ന്
നിഘണ്ടു 18-ന് ഉച്ചയ്ക്ക് 2.30-ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്യും. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഏറ്റുവാങ്ങും. ബി.ടി. ജയറാം, എം. റാഫി, വി.വി. പ്രഭാകരന്‍, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Kannada-Malayalam Dictionary Prepared by BT Jayaram