തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു

കവി കെ. സച്ചിദാനന്ദന്‍ | ഫോട്ടോ:മാതൃഭൂമി
കവി കെ. സച്ചിദാനന്ദന്‍ | ഫോട്ടോ:മാതൃഭൂമി

തൃശ്ശൂർ: ‘വലതു കൈയും ശ്വാസകോശവും പ്രവർത്തിക്കുംവരെ എഴുത്ത് തുടരുമെന്ന് കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുതാനും വായിക്കാനുമാണ് കേരളത്തിലെത്തിയത്. ഡൽഹിയിൽനിന്ന് പോരാൻ മറ്റുരണ്ടു കാരണവുമുണ്ടായിരുന്നു. രണ്ടും മാലിന്യപ്രശ്നം. ഒന്ന് പാർലമെന്റിലേക്ക് ചേക്കേറിയ രാഷ്ട്രീയമാലിന്യം. രാജ്യമൊട്ടാകെ പടരുന്ന ആ മാലിന്യം അസഹനീയമാണ്. രണ്ടാമത്തേത് ഡൽഹിയിലെ പരിസ്ഥിതിമാലിന്യം. അതും ദുസ്സഹം.

നാട്ടിലെത്തിയപ്പോഴാണ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകാനുള്ള ക്ഷണം. ആദ്യം നിരാകരിച്ചെങ്കിലും സമ്മർദമുണ്ടായി. ഒരു വിദ്യാർഥിയും ഒരു വേണ്ടപ്പെട്ട കൂട്ടുകാരനും നിർബന്ധിച്ചപ്പോൾ സ്ഥാനമേറ്റെടുത്തു. 2022 മാർച്ച് ഒൻപതുമുതൽ 2026 മേയ് എട്ടിന് രാജിവെച്ചതുവരെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

‘‘വയസ്സ് 80 ആകുന്നു. 30 വർഷം ഡൽഹിയിലായിരുന്നു. 14 വർഷം കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായി. 11 ജോലികൾ ചെയ്തിട്ടുണ്ട്, ചെറുതും വലുതുമായവ. 13 വീടുകളിൽ താമസിച്ചു. അടുത്തകാലത്ത് ഒന്നരവർഷം ആരോഗ്യപ്രശ്നങ്ങളായിരുന്നു. പരാലിസിസ് വന്നു. മരിച്ചുപോകുമെന്ന് ഡോക്ടർമാർപോലും കരുതി.

ഒരു കാലത്തും ഒരു പാർട്ടിയിലും അംഗമായിട്ടില്ല. പൊളിറ്റിക്കൽ ജസ്റ്റിസ് നോക്കി അഭിപ്രായം തുറന്നു പറയും. ജനാധിപത്യത്തിന്റെ പൊതുതത്ത്വമാണ് മാറ്റം. തുടർഭരണം വന്നാൽ സ്ഥിരം അധികാരി ആണെന്ന േതാന്നലുണ്ടാകും. തുടർഭരണം അതിനാൽ നല്ലതല്ല. കോൺഗ്രസ് തുടർന്നാലും അതു പറയും. ജനാധിപത്യത്തിന്റെ സത്തയിൽ അധിഷ്ഠിതമായി പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’’ -സച്ചിദാനന്ദൻ പറഞ്ഞു.

Content Highlights: K. Satchidanandan resigned as Kerala Sahitya Akademi President on May 8, 2026., He cited health reasons and the desire to focus on writing as primary motivations.,