സച്ചിദാനന്ദന്റെ 80-ാം പിറന്നാളാഘോഷം വ്യാഴാഴ്ച സാഹിത്യ അക്കാദമിയിൽ

തൃശ്ശൂർ: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സച്ചിദാനന്ദന്റെ 80-ാം പിറന്നാളാഘോഷം മാതൃഭൂമിയോടൊത്ത്. കവി, നാടകരചയിതാവ്, കഥാകൃത്ത്, പ്രഭാഷകൻ, പ്രതിരോധത്തിന്റെ മുന്നണിപ്പോരാളി എന്നിങ്ങനെ സാംസ്കാരികവും സർഗാത്മകവും സാമൂഹികവുമായ എല്ലാ വിഷയങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സച്ചിദാനന്ദന് ഒരു ദിവസം നീളുന്ന പരിപാടികളോടെയാണ് മാതൃഭൂമി ബുക്സ് സ്നേഹാദരം ഒരുക്കുന്നത്.
വെള്ളിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി എം.ടി. ഹാളിൽ നടക്കുന്ന ആഘോഷത്തിൽ സെമിനാർ, സമാദരണസമ്മേളനം, പുസ്തകപ്രകാശനം, കവിതാലാപനം എന്നിവയുണ്ടാകും.
രാവിലെ 10-ന് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തും. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര അധ്യക്ഷയാകും. 11-ന് നടക്കുന്ന സെമിനാറിൽ ‘സച്ചിദാനന്ദനും മലയാളത്തിന്റെ ഭാവുകത്വപരിണാമവും’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം സംസാരിക്കും. പി.കെ. രാജശേഖരൻ (സച്ചിദാനന്ദന്റെ സമാന്തരലോകം), ഇ.പി. രാജഗോപാലൻ (സച്ചിദാനന്ദന്റെ നാടകപർവം) എന്നിവരും സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കവിതാവിരുന്നിൽ റഫീഖ് അഹമ്മദ്, വീരാൻകുട്ടി, പി.പി. രാമചന്ദ്രൻ, പി. രാമൻ, പി.എൻ. ഗോപീകൃഷ്ണൻ, രാവുണ്ണി, മാങ്ങാട് രത്നാകരൻ, സർജു, ഷീജ വക്കം, പി.എ. നാസിമുദ്ദീൻ, ബി.കെ. ഹരിനാരായണൻ, ഒ.പി. സുരേഷ്, സെബാസ്റ്റ്യൻ, രോഷ്നി സ്വപ്ന, ലോപാമുദ്ര, അമ്മു ദീപ, വിജേഷ് എടക്കുന്നി, കമറുദ്ദീൻ ആമയം, നസീർ കടിക്കാട് എന്നിവർ സ്വന്തം കവിതകളും സച്ചിദാനന്ദന്റെ കവിതകളും അവതരിപ്പിക്കും.
4.30-ന് സമാദരണസമ്മേളനം സാറാ ജോസഫ് സമ്മേളനം ഉദ്ഘാടനംചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനാകും. ഇ.വി. രാമകൃഷ്ണൻ, എസ്.കെ. വസന്തൻ, ഡോ. പി.വി. കൃഷ്ണൻനായർ, അശോകൻ ചരുവിൽ തുടങ്ങിയവർ ആശംസകളർപ്പിക്കും. തുടർന്ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, സച്ചിദാനന്ദന്റെ ‘ജയിച്ചവരും തോറ്റവരും’, ‘ആൽബം’, ‘ഇടങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്യും. കെ.പി. മോഹനൻ, കെ.സി. നാരായണൻ, സുഭാഷ് ചന്ദ്രൻ, വിനീത മേക്കോത്ത് എന്നിവർ പങ്കെടുക്കും.
Content Highlights: Celebration of K. Satchidanandan's 80th birthday organized by Mathrubhumi Books., Full-day event at Sahitya Akademi Hall, Thrissur., Academic seminars on Satchidanandan's literary contributions., Poetry recital featuring prominent Malayalam poets., Release of new books: 'Jaichavarum Thottavarum', 'Album', and 'Idangal'.