ഹമീദ് ചേന്നമംഗലൂരിന് 75 വയസ്സ്, ഇന്ന് ജന്മനാടിന്റെ ആദരം

കോഴിക്കോട്: ആരോഗ്യകരമായ സംവാദങ്ങളുമായി വര്‍ഗീയതയ്‌ക്കെതിരേ അക്ഷരങ്ങള്‍ ആയുധമാക്കുന്ന ഹമീദ് ചേന്നമംഗലൂരിന്റെ 75-ാം ജന്മദിനത്തില്‍ ജന്മനാടിന്റെ ആദരം
കോളേജ് അധ്യാപകനായിരുന്ന ഹമീദ് ചേന്നമംഗലൂരിന്റെ എഴുത്തും പ്രഭാഷണങ്ങളും എന്നും വര്‍ഗീയതയ്ക്കും മതമൗലിക വാദങ്ങള്‍ക്കും എതിരായിരുന്നു. ന്യൂനപക്ഷവര്‍ഗീയത, ഭൂരിപക്ഷവര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്ന വാദമാണ് ഹമീദ് എക്കാലത്തും ഉന്നയിച്ചത്. മതേതര ബഹുസ്വര ജനാധിപത്യ മൂല്യങ്ങളുടെ വക്താവ് എന്നനിലയില്‍ ഒരുകാലത്ത് ധാരാളം ഇടത് വേദികള്‍ അദ്ദേഹം പങ്കിട്ടിരുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് മാര്‍ക്‌സിയന്‍മൂല്യങ്ങളോട് ആദരം പുലര്‍ത്തിയ വ്യക്തിയാണ് താനെന്ന് ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു.
''മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടല്ല, മാര്‍ക്‌സിന്റെ ആശയങ്ങളോടാണ് എനിക്ക് അനുഭാവം. മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കാഴ്ചപ്പാടാണ് ഏറ്റവും നല്ലതെന്നും വിശ്വസിക്കുന്നു...'' -അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരേ 1981-ല്‍ മുഖ്യധാരയില്‍ വന്ന ആദ്യവിമര്‍ശനം ഹമീദ് ചേന്നമംഗലൂരിന്റേതായിരുന്നു. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍വന്ന ആ ലേഖനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ശരീഅത്തിനെതിരേയും മതത്തിനുള്ളിലെ സ്ത്രീവിവേചനത്തിനെതിരേയും ശക്തമായ നിലപാടുകളുമായി ഹമീദ് ഒട്ടേറെ ലേഖനങ്ങള്‍ എഴുതി. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളുയര്‍ത്തി. മതത്തില്‍നിന്നും സമുദായത്തില്‍നിന്നും രാഷ്ട്രീയലോബികളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. വോട്ടുബാങ്കിന് വേണ്ടിയുള്ള രാഷ്ട്രീയപ്രീണനനയങ്ങളോട് പൊരുത്തപ്പെടാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രസങ്കല്പവും ഉന്മൂലനസിദ്ധാന്തം മുറുകെപ്പിടിക്കുന്ന വംശീയരാഷ്ട്രീയവും എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. മതേതരത്വ നിലപാടുള്ള പാര്‍ട്ടിയോട് ചേര്‍ന്ന് അതിനെ സമ്പുഷ്ടമാക്കുന്ന സമീപനമാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. മതേതരത്വ പാര്‍ട്ടികള്‍ ഭിന്നത മറന്ന് ഒന്നിച്ചെങ്കില്‍ മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ താഴെ ഇറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചേന്നമംഗലൂര്‍ ഗ്രാമത്തിലെ മുസ്ലിം സാംസ്‌കാരിക പരിസരത്താണ് വളര്‍ന്നതെങ്കിലും കുടുംബത്തില്‍ മതത്തെകുറിച്ചൊക്കെയുള്ള ലിബറല്‍ കാഴ്ചപ്പാട് തന്നെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 1964-65 കാലത്ത് ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ മതേതരത്വകാഴ്ചപ്പാടും സ്വാധീനിച്ചു. ഏക സിവില്‍കോഡായാലും വര്‍ഗീയപ്പാര്‍ട്ടികളോടുള്ള സമീപനത്തിന്റെ പ്രശ്‌നമായാലും താന്‍ ഒരിക്കലും നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഹമീദ് ചേന്നമംഗലൂര്‍ വ്യക്തമാക്കുന്നു.
2003-ലാണ് ആര്‍ട്‌സ് കോളേജില്‍നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി അദ്ദേഹം വിരമിച്ചത്. പരേതനായ അധികാരി അബ്ദുള്‍സലാമിന്റെ ഇളയമകനാണ്. ചേന്നമംഗലൂരിലെ അരീപ്പറ്റമണ്ണില്‍ വീട്ടിലെ എ.എം. ഹമീദാണ് ആശയലോകത്ത് ഹമീദ് ചേന്നമംഗലൂരായി പിന്നീട് അറിയപ്പെട്ടത്.
Content Highlights: hameed chennamangaloor 75 birth day