ചിരിയുടെ മര്‍മ്മമറിഞ്ഞ ജോര്‍ജ് കുമ്പനാട്, കേരളത്തെ ചിരിപ്പിച്ച ഉപ്പായിമാപ്ല

കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട്
കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട്

പത്തനംതിട്ട: മലയാളികളുടെ മനസ്സില്‍ മായാതെനില്‍ക്കുന്ന 'ഉപ്പായി മാപ്ല' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സ്രഷ്ടാവാണ് അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് (എം.വി.ജോര്‍ജ്-94). ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഒരു സംഭവം അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. കോട്ടയം ബേക്കര്‍ ജങ്ഷനിലെ പതിവുസായാഹ്ന നടത്തത്തിനിടെ ജോര്‍ജ് കുമ്പനാടിനോടും വേളൂര്‍ കൃഷ്ണന്‍കുട്ടിയോടും ഒരു പോലീസുകാരന്‍ ദേഷ്യപ്പെട്ടതായിരുന്നു അത്. ആ സമയത്തത്തിറങ്ങിയ കേരളധ്വനി പത്രത്തിലെ 'ഉപ്പായി മാപ്ല' ബോക്‌സ് കാര്‍ട്ടൂണിലെ കഥാപാത്രത്തിന് തന്റെ രൂപമാണ് എന്നതായിരുന്നു ദേഷ്യത്തിനുകാരണം. കോട്ടയം പട്ടണത്തിലെ യാത്രയില്‍ കണ്ടതും കേട്ടതുമായ മനുഷ്യരായിരുന്നു ജോര്‍ജ് കുമ്പനാടിന്റെ തൂലികത്തുമ്പിലൂടെ കഥാപാത്രങ്ങള്‍. തലയില്‍ മൂന്നുമുടി നീട്ടിവളര്‍ത്തി നര്‍മംചാലിച്ച് വായനക്കാരന്റെ മനസ്സില്‍ ഉപ്പായി മാപ്ല ഇരിപ്പുറപ്പിച്ചു. അക്കാലത്ത്, ഉപ്പായി മാപ്ലയുടെ രസികന്‍ കാര്‍ട്ടൂണുകള്‍ക്കായി മലയാളികള്‍ കാത്തിരുന്നു.

1931 മേയ് 15-ന് കുമ്പനാട് മറ്റത്തുമലയില്‍ എം.വി.വര്‍ക്കിയുടെയും ശോശാമ്മയുടെയും മകനായി ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോഴാണ് ജോര്‍ജ് വരയുടെ വഴിയിലേക്ക് തിരിഞ്ഞത്. 1957-ല്‍ മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി തൊഴില്‍ജീവിതം ആരംഭിച്ചു. 1959-ല്‍ കേരളധ്വനിയില്‍. കേരളധ്വനി രണ്ടാംലക്കം മുതല്‍ ആദ്യപേജില്‍ ഒരു ബോക്‌സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. പേര് ഉപ്പായി മാപ്ല. ആദ്യത്തെ നാല് കാര്‍ട്ടൂണില്‍ ജോര്‍ജ് കുമ്പനാട് ഒപ്പിട്ടു. ഇനി കാര്‍ട്ടൂണിന് താഴെ ഒപ്പിടേണ്ടാ, ധ്വനി എന്ന് എഴുതിയാല്‍ മതിയെന്ന് പത്രാധിപര്‍ പറഞ്ഞു. ദിവസവും നല്ല തമാശ ഉണ്ടാക്കുക വിഷമമായി. കാര്‍ട്ടൂണിന് തമാശ ഉണ്ടാക്കാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയെ കൂടെക്കൂട്ടി. അങ്ങനെ ഉപ്പായിമാപ്ലയും കൂട്ടരും മലയാളിയെ ചിരിപ്പിച്ചു. 

ഉപ്പായി മാപ്ലയെ പിന്നീട് മറ്റ് പല കാര്‍ട്ടൂണിസ്റ്റുകളും അവരുടെ രചനകളില്‍ കടംകൊണ്ടു. കാര്‍ട്ടൂണിസ്റ്റ് ടോംസ് ബോബനും മോളിയിലും, പി.കെ.മന്ത്രി പാച്ചുവും കോവാലനിലും, കെ.എസ്.രാജന്‍ ലാലു ലീലയിലുമാണ് ഉപ്പായി മാപ്ലയെ വരച്ചുചേര്‍ത്തത്. ജോര്‍ജിന്റെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമി, അദ്ദേഹത്തിന് അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ ജോര്‍ജിന് ആഫ്രിക്കയിലെ സോമാലിലാന്റില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ലഭിച്ചതോടെ 1962-ല്‍ കേരളധ്വനി വിട്ടു. അറേബ്യന്‍ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് പുറത്തിറക്കിയ അറബി പ്രസിദ്ധീകരണത്തിലും അബുദാബി ടി.വി.യിലും ഫോട്ടോഗ്രാഫറായി. 1991-ലാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജോര്‍ജ് മറയുമ്പോള്‍ ഒപ്പം മായുന്നത് ചിരിനിറഞ്ഞ കാര്‍ട്ടൂണുകളുടെ ഒരധ്യായം കൂടിയാണ്.

തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ഭൗതിക ശരീരം വീട്ടില്‍ കൊണ്ടുവരും. രണ്ടിന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൂന്നിന് ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്‌കാരം. കല്ലൂപ്പാറ കാവനാകുഴിയില്‍ പരേതയായ ജോയമ്മയാണ് ഭാര്യ. മക്കള്‍: ഉഷ ചാണ്ടി, സുജ രാജു, ഷേര്‍ളി റോയ്, സ്മിത സുനില്‍. മരുമക്കള്‍: കെ.ചാണ്ടി (അച്ചന്‍കുഞ്ഞ്), രാജു പി.ജേക്കബ്, റോയ് എബ്രഹാം, സുനില്‍ എം.മാത്യു.

ചിരിയുടെ മര്‍മ്മമറിഞ്ഞയാള്‍ -കാര്‍ട്ടൂണ്‍ അക്കാദമി

ജോര്‍ജ് കുമ്പനാട് ചിരിയുടെ മര്‍മ്മവും പുതുകാലത്തിന്റെ വരവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച പ്രതിഭയായിരുന്നുവെന്ന് കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് പറഞ്ഞു.  ഉപ്പായി മാപ്ല എന്ന കഥാപാത്രത്തെ, പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ രചനകളില്‍ കടംകൊണ്ടു. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ത്തന്നെ ഇത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.
 

Content Highlights: cartoonist George Kumbanad, creator of Malayalam cartoon character `Uppai Mapla`passed away