80s is back ട്രെൻഡാകുമ്പോൾ ബ്രസീലിൽ നിന്നൊരു 180 years back കഥയുണ്ട്...

#അഖിൽ കൃഷ്ണൻ

കേരളത്തിൽ എയ്റ്റീസ് ഫാഷൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സ്‌റ്റോൺവാഷ് ജീൻസും ജാക്കറ്റും കാൻവാസുമിട്ട , 100 cc ബൈക്കുകളിൽ ചാരിയും വിന്റേജ് കാറുകളുടെ പശ്ചാത്തലത്തിൽ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്നവരിൽ ജെൻ സീ മുതൽ സൈലന്റ് ജനെറേഷനും ബേബി ബൂമേഴ്സും വരെയുണ്ട്. എന്നാൽ ബ്രസീലിൽ നിന്നൊരു വാർത്തയുള്ളത് അവിടെ 180 വർഷം മുൻപുള്ള ഒരു സംഗതി ട്രെൻഡിങ് ആകുന്നു എന്നതാണ്. ഇത് ഫാഷനല്ല. ഒരു പുസ്തകമാണ്. ബ്രസീലിയനല്ല. റഷ്യനാണ്. സാക്ഷാൽ ഫയദോർ ദസ്തയോവ്സ്കിയുടെ 'വൈറ്റ് നൈറ്റ്സ്' എന്ന ചെറു നോവൽ. ബ്രസീൽ മുതൽ സ്പെയിൻ വരെ TikTok വഴി വൈറലായ പുസ്തകം വിൽപ്പനയിലും ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

1848 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ഏകാന്തതയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരു കുഞ്ഞു പുസ്തകമാണ്. ഇതിലെ നായകന് കൃത്യമായ ഒരു പേരില്ല. X എന്ന് വിളിക്കാമെന്നു വെച്ചാൽ അയാൾക്ക് ഒരു EX പോലുമില്ല. സെന്റ് പീറ്റേഴ്‌സ് നഗരത്തിലെ ആൾക്കൂട്ടങ്ങളിലും നഗരചത്വരങ്ങളിലും ഒറ്റയായിപ്പോയൊരു ചെറുപ്പക്കാരൻ. ഇനിയാണ് ട്വിസ്റ്റ്. അയാളുടെ ജീവിതത്തിലേക്ക്

ഒരു പെൺകുട്ടി കടന്നു വരുന്നു. സ്വാഭാവികം! അവളുടെ പേരാണ് നസ്തെങ്ക.

അവളുമായി ചെലവഴിക്കുന്ന സമയങ്ങൾ അയാളുടെ ജീവിതത്തിന് പുതിയൊരു അർത്ഥമുണ്ടാക്കുന്നു. അവർ തമ്മിൽ കാണുന്ന രണ്ടാമത്തെ രാത്രിയിൽ അവർ പരസ്പരം അവരുടെ ജീവിതകഥ പങ്കുവെയ്ക്കുന്നു. അപ്പോഴാണ് അയാൾ അറിയുന്നത് അവൾ ഒരാളെ കാത്തിരിക്കുകയാണെന്ന്. അയാളെ കണ്ടെത്താൻ കഥാനായകൻ അവളെ സഹായിക്കുന്നു. എന്നാൽ,  കണ്ടെത്താനാവുന്നില്ല. അതിനിടയിൽ നായകന് അവളോട് പ്രണയം തോന്നുന്നു. നാലാമത്തെ രാത്രിയിൽ അയാളത് പറയുകയും അവൾ സമ്മതം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അവൾ കാത്തിരുന്നയാൾ തിരികെയെത്തുന്നു. അവളെ നായകന് നഷ്ടമാകുന്നു. ആ നല്ല നാല് രാവുകളുടെ ഓർമ്മയിൽ അയാൾ പഴയ ജീവിതത്തിലേക്ക് തിരികെപോകുന്നു. ഇതാണ് വൈറ്റ് നൈറ്സിന്റെ ഏകദേശകഥ.

ഒരു പ്രണയം ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമേൽ ഭംഗിയുള്ളതാക്കുമെന്നതിന്റെ ഉദാഹരണമായും ഒന്നും ശാശ്വതമല്ലെന്ന് സത്യത്തിന്റെ സ്ഥിരീകരണമായുമൊക്കെ നോവലിനെ നോക്കിക്കാണാം മില്യൺ കണക്കിന് മനുഷ്യർ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് നമുക്ക് ചുറ്റും ഉള്ളപ്പോഴും പലരും അനുഭവിക്കുന്ന ഏകാന്തതയാകാം ജെൻസീയെ ഏതാണ്ട് രണ്ട് 

നൂറ്റാണ്ട് പഴക്കമുള്ള ഈ പുസ്തകത്തിലേക്ക് ആകർഷിച്ചിരിക്കുക. ഏതായാലും ഫയദോർ ദസ്തയോവ്സ്കി എന്ന എക്കാലത്തെയും വലിയ എഴുത്തുകാരനെ പുതിയ തലമുറ ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്.

Content Highlights: Fyodor Dostoevsky's 1848 novella 'White Nights' is trending massively on TikTok in Brazil, Spain, and beyond., The 180-year-old book explores themes of loneliness, unrequited love, and human isolation., Gen Z and modern readers are connecting with the classic literature due to relatable themes of modern alienation., The book has achieved record-breaking sales through viral social media engagement.