പത്രപരസ്യം വഴിത്തിരിവായി, ഡ്രാക്കുളയ്ക്ക് മുൻപ് ബ്രാം സ്റ്റോക്കർ എഴുതിയ പ്രേതകഥ വായനക്കാരിലേക്ക്

ബ്രാം സ്റ്റോക്കർ, 'ഗിബ്ബറ്റ് ഹില്ലി'ന്റെ അച്ചടിച്ച പതിപ്പുമായി ബ്രയാൻ ക്ലിയറി | photo: afp
ബ്രാം സ്റ്റോക്കർ, 'ഗിബ്ബറ്റ് ഹില്ലി'ന്റെ അച്ചടിച്ച പതിപ്പുമായി ബ്രയാൻ ക്ലിയറി | photo: afp

ഡബ്ലിൻ: തന്റെ പേനത്തുമ്പിലൂടെ ‘ഡ്രാക്കുള’യെ സൃഷ്ടിച്ച ഐറിഷ് സാഹിത്യകാരൻ ബ്രാം സ്റ്റോക്കറുടെ ‘ഗിബ്ബെറ്റ് ഹിൽ’ എന്ന പ്രേതകഥ 134 വർഷത്തിനുശേഷം വായനക്കാരിലെത്തുന്നു. അമാനുഷിക കഥാപാത്രത്തെ നായകനാക്കി സ്റ്റോക്കർ രചിച്ച ചെറുകഥ അയർലൻഡിലെ നാഷണൽ ലൈബ്രറിയുടെ ചരിത്രരേഖകളിൽനിന്നാണ് കിട്ടിയത്. ചരിത്രകാരനും സ്റ്റോക്കറുടെ കടുത്ത ആരാധകനുമായ ബ്രയാൻ ക്ലിയറിയാണ് അതു കണ്ടെത്തിയത്.

പിൽക്കാലത്ത് അച്ചടിനിർത്തിയ ഒരു ഐറിഷ് ദിനപത്രത്തിൽ, 1890-ൽ ‘ഗിബ്ബെറ്റ് ഹിൽ’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ കഥ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടതേയില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇതിന്റെ പേരില്ലായിരുന്നു.

1891-ലെ പുതുവത്സരത്തിൽ പുറത്തിറങ്ങിയ ഡബ്ലിൻ ഡെയ്‌ലി എക്സ്‌പ്രസിലെ പരസ്യത്തിൽനിന്നാണ് ‘ഗിബ്ബെറ്റ് ഹില്ലി’നെക്കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ അതിനു രണ്ടാഴ്ച മുൻപത്തെ പത്രത്തിൽ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി. ഡ്രാക്കുള എഴുതുന്നതിന് ഏഴുവർഷം മുൻപാണ് സ്റ്റോക്കർ ‘ഗിബ്ബെറ്റ് ഹിൽ’ എഴുതിയതെന്നുകരുതുന്നു. മൂന്ന് കുറ്റവാളികൾ ചേർന്ന് കൊലപ്പെടുത്തി കഴുമരത്തിൽ കെട്ടിത്തൂക്കിയ നാവികന്റെ കഥയാണ് ‘ഗിബ്ബെറ്റ് ഹില്ലി’ന്റെ പ്രമേയം. 1839-ൽ ചാൾസ് ഡിക്കൻസിന്റെ ‘നിക്കോളാസ് നിക്ക്‌ൽബി’ എന്ന നോവലിന് പശ്ചാത്തലമായ സറേയിലെ ഗിബ്ബെറ്റ് ഹില്ലാണ് ഈ കഥയുടെയും പശ്ചാത്തലം. 1912 ഏപ്രിൽ 20-നായിരുന്നു ബ്രാം സ്റ്റോക്കറുടെ മരണം. ഒക്ടോബർ 25-28 വരെ ഡബ്ലിനിൽ നടക്കുന്ന ബ്രാം സ്റ്റോക്കർ ഉത്സവത്തിൽ ‘ഗിബ്ബെറ്റ് ഹില്ലി’ന്റെ ഔദ്യോഗികപ്രകാശനം നടക്കും. 

Content Highlights: Fan Discovers bram stoker's story gibbet hill