ഇത് അഭിമാന നിമിഷം; വയലാര്‍ പുരസ്‌കാരം വീണ്ടും തൃശ്ശൂരിലേക്ക്

തൃശ്ശൂര്‍: തൃശ്ശൂരിലെ മലയോരഗ്രാമമായ പട്ടിക്കാടിനിത് അഭിമാനനിമിഷം. ഇ. സന്തോഷ് കുമാറിലൂടെ മലയാള സാഹിത്യത്തിലെ അത്യുന്നത അംഗീകാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ് ഈ ഗ്രാമത്തിലേയ്ക്കെത്തിയിരിക്കുന്നു. 'കഥയില്‍ തുടങ്ങിയെങ്കിലും ഇപ്പോള്‍ സുഖകരം നോവലാണ്. എഴുത്തിന്റെ വഴിയില്‍ ഏറ്റവും പ്രിയപ്പെട്ടത് അന്ധകാരനഴിയെങ്കിലും തപോമയിയുടെ അച്ഛന് വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അഭിമാനകരമാണീ സന്ദര്‍ഭം' -ഇ. സന്തോഷ് കുമാര്‍ പ്രതികരിച്ചു. കുറ്റബോധം മുഖ്യപ്രമേയമാക്കിയ ഈ കൃതിയിലൂടെ സമീപകാലത്ത് ഏറ്റവും പ്രസക്തമായ അഭയാര്‍ഥിപ്രശ്നങ്ങളും ചര്‍ച്ചയാകുന്നു.
'തപോമയിയുടെ അച്ഛനി' ലൂടെ ഇ. സന്തോഷ് കുമാര്‍ കിഴക്കന്‍ ബംഗാളില്‍നിന്നുള്ള അഭയാര്‍ഥി കുടുംബത്തിലെ അംഗമായ ഗോപാല്‍ ബറുവയുടെ ജീവിതകഥയാണ് പറയുന്നത്. കോര്‍പ്പറേറ്റ് ഉദ്യോഗമൊഴിവാക്കി അഭയാര്‍ഥികുടുംബങ്ങളുടെ വേദനയൊപ്പാന്‍ പ്രവര്‍ത്തിക്കുന്ന തപോമയി എന്ന സന്നദ്ധപ്രവര്‍ത്തകനില്‍ക്കൂടിത്തന്നെയാണ് അയാളുടെ അച്ഛനായ ഗോപാല്‍ ബറുവയുടെ ജീവിതം എഴുത്തുകാരന്‍ ആവിഷ്‌കരിച്ചത്.
1969-ല്‍ ഗോവിന്ദന്‍കുട്ടിയുടേയും വിജയലക്ഷ്മിയുടേയും മകനായി ജനിച്ച ഇ. സന്തോഷ് കുമാര്‍ പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലം മുതല്‍ വായനയേയും എഴുത്തിനേയും സ്നേഹിച്ചിരുന്നു. കഥയെഴുത്തിലൂടെ തുടക്കം കുറിച്ച തനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കിയ ഉടനെ ലഭിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗം എഴുത്തിന് ഏറെ തുണയായെന്ന് സന്തോഷ് പറയുന്നു.