എന്‍.വി. കൃഷ്ണവാര്യര്‍ ഗുരു, സാഹിത്യത്തില്‍ അമ്മയുടെ സ്ഥാനം ബാലാമണിയമ്മക്ക്- ഡോ. ടി.ആര്‍. ശങ്കുണ്ണി

തൃശ്ശൂര്‍: എഴുത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വാചാലനാകും ഡോ. ടി.ആര്‍. ശങ്കുണ്ണി. ശാസ്ത്രകാരന്‍, ബാലസാഹിത്യകാരന്‍, നോവലിസ്റ്റ്, അധ്യാപകന്‍ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാള്‍. കഷ്ടപ്പാട് നിറഞ്ഞ ബാല്യത്തില്‍ പുസ്തകങ്ങളായിരുന്നു ആത്മമിത്രങ്ങള്‍. പില്‍ക്കാലത്തെ എഴുത്തിന് വായന പ്രേരകമായി.
''ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂളില്‍ തേഡ് ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. സ്വാതന്ത്ര്യദിനം സ്‌കൂളില്‍ ആഘോഷിച്ചത് ഇന്നുമോര്‍മയുണ്ട്. ഭൂമിശാസ്ത്രത്തില്‍ അതുവരെ വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപം മാറിയത് ഓര്‍മയില്‍ തെളിയുന്നു'' -അദ്ദേഹം പറഞ്ഞു.
ഇന്റര്‍മീഡിയറ്റ് ജയിച്ചശേഷം സാമ്പത്തിക പരാധീനത കാരണം രണ്ടു വര്‍ഷം പഠനം മുടങ്ങി. അക്കാലത്ത് കൂടുതല്‍ സമയം ചെലവഴിച്ചത് ലൈബ്രറിയിലാണ്. പിന്നെ ഇംഗ്ലീഷീലും കമ്പമുണ്ടായി. ലോക ക്ലാസിക്കുകള്‍ വായിച്ചു. മലയാളസാഹിത്യത്തിലാണ് താത്പര്യമെങ്കിലും വെറ്ററിനറി കോളേജില്‍നിന്ന് ബിരുദം നേടി. അവിടെത്തന്നെ അധ്യാപകനുമായി. എന്‍.വി. കൃഷ്ണവാര്യര്‍ പത്രാധിപരായിരുന്നപ്പോള്‍ മാതൃഭൂമിയില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കൃഷ്ണവാര്യരെ ഗുരുവിന്റെ സ്ഥാനത്താണ് കരുതുന്നതെന്ന് ടി.ആര്‍. ശങ്കുണ്ണി പറയുന്നു.
തൃശ്ശൂര്‍ രാമവര്‍മപുരത്ത് 1969-ല്‍ നടന്ന മൂന്നുദിവസത്തെ എഴുത്തുകാരുടെ കൂട്ടായ്മയാണ് സാഹിത്യജീവിതത്തില്‍ വഴിത്തിരിവായത്. എസ്.കെ. പൊറ്റെക്കാട്ട്. എം.ടി. വാസുദേവന്‍ നായര്‍, പാറപ്പുറത്ത്, ഗുപ്തന്‍ നായര്‍ തുടങ്ങിയ മുന്‍നിര എഴുത്തുകാര്‍ പങ്കെടുത്തു. അവരുമായുള്ള ഇടപെടല്‍ വലിയ അനുഭവമായി.
സാഹിത്യത്തില്‍ അമ്മയുടെ സ്ഥാനം ബാലാമണിയമ്മയ്ക്കാണ്. 'യതിഭംഗം' എന്ന നോവലിന്റെ അവതാരിക എഴുതിയത് ബാലാമണിയമ്മയാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് 50 ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
''അതിന്റെ തുടക്കം എന്റെ ആദ്യ രചനയായ 'വായുവിന്റെ കഥ' ആയിരുന്നു. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അവതാരികയില്‍ ഇങ്ങനെ പറഞ്ഞു- സരളമായ ഭാഷാരീതിയും മോഹനങ്ങളായ ഭാവനകളും ഉപയോഗിച്ചുള്ള ഗ്രന്ഥം, മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. ആ വാക്കുകള്‍ സത്യമായി. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രപുരസ്‌കാരവും സ്വന്തമാക്കി''- ശങ്കുണ്ണി ഓര്‍ക്കുന്നു.
ഇരിങ്ങാലക്കുടയ്ക്കടുത്ത കാറളം ഗ്രാമത്തില്‍ തേവരുപറമ്പില്‍ രാവുണ്ണിയുടെയും ഈശ്വരിയമ്മയുടെയും മകനായാണ് ജനനം. രാധയാണ് ഭാര്യ. മക്കള്‍: എസ്. ജയശങ്കര്‍, ഡോ. മായാ ഗോപാലകൃഷ്ണന്‍, അഡ്വ. പ്രിയാ ഉണ്ണികൃഷ്ണന്‍.
Content Highlights: Dr. T. R. Sankunni author shares his literary life