എതിര്‍പ്പില്ലാതെ മരണത്തോട് വിധേയപ്പെട്ട് ഡോ. കുഞ്ഞാമന്

തിരുവനന്തപുരം: സാമ്പത്തികവിദഗ്ധനും ദളിത് ആക്ടിവിസ്റ്റുമായിരുന്ന ഡോ. കുഞ്ഞാമന്റേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. 'താന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നതാണ് ഈ മരണമെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും' ശനിയാഴ്ചത്തെ തീയതിവെച്ച് ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ശനിയാഴ്ച ഇദ്ദേഹത്തിന്റെ പിറന്നാള്‍ ദിനവുമായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് കുഞ്ഞാമന്റെ മകള്‍ കുക്കു അസുഖബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. മകളുടെ അകാലമരണത്തെത്തുടര്‍ന്ന് വിഷാദത്തിനടിപ്പെട്ട കുഞ്ഞാമന്‍ ആയിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ ഡോ. രോഹിണി ചികിത്സ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം ശ്രീകാര്യത്തെ വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.
സുഹൃത്തായ കെ.എം. ഷാജഹാനോട് ശനിയാഴ്ച കാണണമെന്ന് കുഞ്ഞാമന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് ഷാജഹാനും സുഹൃത്ത് പ്രസാദ് സോമരാജനും വീട്ടിലെത്തിയപ്പോള്‍ പുറത്ത് ലൈറ്റും മുറിക്കുള്ളില്‍ ഫാനുമിട്ടിരുന്നു. താന്‍ ഫോണ്‍വിളിച്ചിട്ടും ഏറെനേരം കാത്തുനിന്നിട്ടും പ്രതികരണമുണ്ടാകാത്തതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഷാജഹാന്‍ പറഞ്ഞു. ശ്രീനഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളെയും വിവരമറിയിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ വീട്ടിനുള്ളില്‍ കയറിനോക്കുമ്പോഴാണ് അടുക്കളയില്‍ തറയില്‍ കിടക്കുന്നരീതിയില്‍ മൃതദേഹം കണ്ടത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് മരണമെന്നാണ് നിഗമനം.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബോര്‍ഡില്‍ കണക്ക് എഴുതിയശേഷം ചോദ്യത്തിന് ഉത്തരം പറയാന്‍ കുഞ്ഞാമനോട് കണക്കു മാഷ് ആവശ്യപ്പെട്ടത് പേരുവിളിച്ചായിരുന്നില്ല, പാണന്‍ പറയെടാ എന്നു പറഞ്ഞായിരുന്നു.
പാണനെന്നു വിളിക്കുമ്പോഴൊക്കെ ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങുമായിരുന്നു. ജാതിപ്പേര് വിളിക്കരുതെന്നും കുഞ്ഞാമനെന്നാണ് പേരെന്നും സഹികെട്ട് ആ കുട്ടിക്ക് ഒരിക്കല്‍ പറയേണ്ടിവന്നു. തീ പാറിയ കണ്ണുകളോടെ ചെകിട്ടത്ത് അടിയായിരുന്നു കുഞ്ഞാമന് മാഷില്‍നിന്നു കിട്ടിയ മറുപടി. സ്ലേറ്റും പുസ്തകവുമില്ലാതെ, കഞ്ഞികുടിക്കാന്‍ വരുന്നവനെന്നു കണക്കു മാഷ് പരിഹസിച്ചപ്പോള്‍ സ്‌കൂളില്‍നിന്ന് കഞ്ഞി കുടിക്കേണ്ടെന്നുവെച്ചു ആ കുഞ്ഞുമനസ്സ്.
ആരാണീ കുഞ്ഞാമനെന്നു പുതുതലമുറ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഇതാണ്-താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ സമൂഹത്തില്‍നിന്ന് വെറുപ്പും അവഗണനയും നേരിട്ട, കടുത്ത നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ പദവികള്‍ ഉപേക്ഷിക്കേണ്ടിവന്ന, പിന്നീട് സാമ്പത്തിക വിദഗ്ധനും ദീര്‍ഘകാലം അധ്യാപകനും ദളിത് ചിന്തകനുമൊക്കെയായ ഇടതു വിമര്‍ശകന്‍. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള പദവികള്‍ നിഷേധിക്കപ്പെട്ടപ്പോഴും നഷ്ടപ്പെടലിന്റെ ദുഃഖമൊന്നും ഈ മനുഷ്യനെ അലട്ടിയില്ല. യോഗ്യതയുള്ള ഒരുപാടുപേര്‍ വേറെയുണ്ടായിരുന്നല്ലോ എന്ന മറുപടിയില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി. ഡോ. കുഞ്ഞാമന്‍ ഒരിക്കല്‍ പറഞ്ഞു-''സ്‌കൂളില്‍ പോയത് പഠിക്കാനായിരുന്നില്ല, ഉച്ചക്കഞ്ഞി കുടിക്കാനായിരുന്നു.''
പാലക്കാട് വിക്ടോറിയ കോളേജില്‍ എം.എ. സാമ്പത്തികശാസ്ത്ര പഠനത്തിന് ചേരാനെത്തിയപ്പോഴുള്ള കഥയും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രവേശനനടപടികള്‍ തീര്‍ന്നപ്പോഴേക്കും വൈകി, വിശന്നു തളര്‍ന്നു. അയല്‍വാസിയായ കോണ്‍സ്റ്റബിളിനെത്തേടി ഒലവക്കോട് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അയാളില്ല. സ്റ്റേഷനില്‍ കണ്ട മറ്റൊരു പോലീസുകാരനോട്, പട്ടാമ്പിക്കടുത്ത് വാടാനക്കുറിശ്ശിക്കാരനായ വിദ്യാര്‍ഥി ക്ഷീണിച്ച ശബ്ദത്തില്‍ ചോദിച്ചു-''ഒന്നും കഴിച്ചിട്ടില്ല, ഒരു ചായ വാങ്ങിത്തരുമോ?'' പോലീസുകാരന്‍ ദയകാട്ടി; ചായയും പഴംപൊരിയും വാങ്ങിക്കൊടുത്തു.
മേല്‍ജാതിക്കാരായ സഹപാഠികളുടെ ഇലകളില്‍ ബാക്കിവന്നത് കഴിച്ചിട്ടുണ്ട് കുട്ടിയായ കുഞ്ഞാമന്‍-അവരത് കാണുന്നുണ്ടല്ലോ എന്ന സങ്കടത്തോടെ.
വിക്ടോറിയ കോളേജില്‍ പോകാന്‍ കൂട്ടുകാര്‍ നല്‍കിയ മുണ്ടും ഷര്‍ട്ടുമിട്ട് കന്നുപൂട്ടുകയായിരുന്ന അച്ഛനെകണ്ട് അനുഗ്രഹം വാങ്ങാനെത്തി. വീട്ടില്‍ സൂക്ഷിച്ച പണപ്പൊതി എടുത്തോളാന്‍ അദ്ദേഹം മകനോട് പറഞ്ഞു. ഓലക്കുടിലിലെ പൊതിയില്‍ ഉണ്ടായിരുന്നത് 37 പൈസ. എം.എ.യ്ക്ക് റാങ്ക് കിട്ടിയപ്പോള്‍ അനുമോദിക്കാന്‍ മന്ത്രിമാരായ എം.എന്‍.ഗോവിന്ദന്‍ നായരും ടി.കെ.ദിവാകരനുമൊക്കെ എത്തി. അതിനുകിട്ടിയ സ്വര്‍ണമെഡല്‍ പിറ്റേന്നുതന്നെ പണയം വെച്ചു. 10 ദിവസം കഴിഞ്ഞ് വിറ്റു. അത്രയ്ക്കായിരുന്നു വീട്ടിലെ പട്ടിണി.
റാങ്കോടെ ജയിച്ചിട്ടും ജോലികിട്ടാന്‍ പിന്നെയും വൈകി. കേരള സര്‍വകലാശാലയില്‍ ലക്ചററായി അപേക്ഷിച്ചവരില്‍ ഒന്നാമനായിരുന്ന കുഞ്ഞാമന് നിയമനം കിട്ടിയില്ല. ഇതേപ്പറ്റി എ.കെ.ആന്റണിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തട്ടിക്കയറി. നീലലോഹിതദാസന്‍ നാടാര്‍ നിയമനക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു. വിവാദം മുറുകിയപ്പോള്‍ സൂപ്പര്‍ന്യൂമററി തസ്തികയുണ്ടാക്കി സംവരണ വിഭാഗത്തില്‍ ഒന്നരക്കൊല്ലത്തിനുശേഷം കുഞ്ഞാമനെ നിയമിച്ചു. പിന്നീട് കുഞ്ഞാമന്‍ ചരിത്രമാവുകയായിരുന്നു. വേണ്ടെന്നുവെച്ച പദവികളില്‍ മായാവതിയുടെ പാര്‍ട്ടി വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം വരെ ഉള്‍പ്പെട്ടു.
വി.സി.യാക്കാമെന്ന് വി.എസ്. പറഞ്ഞു; മറുപടി പറയാതെ കുഞ്ഞാമനിറങ്ങി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന കുഞ്ഞാമനെ കേരളം വിടാന്‍ പ്രേരിപ്പിച്ചത് 2004-ല്‍ മകളുടെ മരണമായിരുന്നു. സുഹൃത്തുക്കളാണ് ഉപദേശിച്ചത് കേരളം വിട്ടാല്‍ അല്പം ആശ്വാസം ലഭിക്കുമെന്ന്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ ഒഴിവു വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അപേക്ഷ അയച്ചു. 2006-ല്‍ അവിടെ പ്രൊഫസറായി.
ഇക്കാര്യം അറിയിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെ കണ്ടു. കുഞ്ഞാമനെ ആസൂത്രണ ബോര്‍ഡില്‍ എടുക്കണം അല്ലെങ്കില്‍ വി.സി. ആക്കണം എന്ന് വിചാരിക്കുന്നുവെന്ന് വി.എസ്. പറഞ്ഞു. തിരിച്ചുവരാന്‍ കഴിയുമെങ്കില്‍ വരണമെന്ന് പറഞ്ഞ വി.എസിനോട് മറ്റൊന്നും പറയാതെ കുഞ്ഞാമന്‍ യാത്രപറഞ്ഞിറങ്ങി. പിന്നീടൊരിക്കല്‍ തന്നെ കേരള സര്‍വകലാശാലയുടെ വി.സി.യാക്കാന്‍ ആലോചിച്ചിരുന്നതായി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നതായും കുഞ്ഞാമന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
കോഴിക്കോട് സര്‍വകലാശാല തൃശ്ശൂരില്‍ ജോണ്‍ മത്തായി സെന്റര്‍ ആരംഭിച്ച സമയത്ത് അധ്യാപകനാവാന്‍ അപേക്ഷിച്ചതും തനിക്ക് നിയമനം കിട്ടാതിരുന്നതും അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
Content Highlights: Dr. Kujaman, Dalit Activist, Writer