പി വി ഷാജികുമാറിനും എൻ പ്രഭാകരനും പി എൻ ഗോപീകൃഷ്‌ണനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

#Literature desk
എൻ പ്രഭാകരൻ,പി.എൻ. ഗോപീകൃഷ്‌ണൻ,പി.വി. ഷാജികുമാർ | ഫോട്ടോ: mathrubhumi
എൻ പ്രഭാകരൻ,പി.എൻ. ഗോപീകൃഷ്‌ണൻ,പി.വി. ഷാജികുമാർ | ഫോട്ടോ: mathrubhumi

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ പി വി ഷാജികുമാർ (നോവൽ), പി എൻ ഗോപീകൃഷ്‌ണൻ (കവിത), എൻ പ്രഭാകരൻ (കഥ) എന്നിവർ അർഹരായി. ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം. 
യുവ സാഹിത്യകാരന്മാരിൽ ശ്രദ്ധേയനായ പി വി ഷാജികുമാറിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മരണവംശം എന്ന നോവലാണ്‌ പുരസ്‌കാരത്തിനർഹമായ കൃതി. ബെന്യാമിൻ, എൻ ശശിധരൻ, സന്തോഷ്‌ ഏച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. കാസർകോട്‌ മടിക്കൈ സ്വദേശിയായ ഷാജികുമാറിന്റെ ആദ്യ നോവലാണ്‌ മരണവംശം. നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഷാജികുമാർ കന്യക ടാക്കീസ്, ടേക്ക് ഓഫ്, ടീച്ചർ എന്നീ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തുമാണ്‌. മാതൃഭൂമി കൊച്ചി യൂണിറ്റിൽ ഡിജിറ്റൽ വിഭാഗത്തിൽ നരേറ്റീവ്‌ കണ്ടന്റ്‌ ഹെഡ്‌ ആയി ജോലി ചെയ്യുന്നു.
ഉണ്ണി ആർ, പി കെ ഹരികുമാർ, വി ഷിനിലാൽ എന്നിവരടങ്ങിയ സമിതിയാണ്‌ എൻ പ്രഭാകരന്റെ ഒരുപിടി ഉപ്പ്‌ മികച്ച കഥയായി തെരഞ്ഞെടുത്തത്‌. വടക്കൻ കേരളത്തിന്റെ നിറവും മണവും നിറയുന്ന സാങ്കൽപിക കഥാഭൂമികയാണ് എൻ പ്രഭാകരന്റെ രചനകളുടെ പ്രത്യേകത. കണ്ണൂർ ജില്ലയിലെ പറശിനിക്കടവ്‌ സ്വദേശിയായ അദ്ദേഹം ഏറെകാലമായി ധർമടത്താണ്‌ താമസം. കഥാസമാഹാരങ്ങളും നോവലുകളും ലഘുനോവലുകളും നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ, ആത്മകഥാകുറിപ്പുകൾ, യാത്രാവിവരണം തുടങ്ങി അമ്പതിലേറെ കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്‌. സാഹിത്യ അക്കാദമിയുടേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടി.

പി പി രാമചന്ദ്രൻ, ഡോ.മ്യൂസ്‌മേരി ജോർജ്‌, സജയ്‌ കെ വി എന്നിവരടങ്ങിയ സമിതിയാണ്‌ പി എൻ ഗോപീകൃഷ്ണന്റെ തകർന്ന പള്ളിയാണ്‌ വലിയ പള്ളി എന്ന കവിതാസമാഹരം തെരഞ്ഞെടുത്തത്‌. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം സ്വദേശിയായ ഗോപീകൃഷ്‌ണൻ കവിയും പ്രഭാഷകനുമാണ്‌. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുകൂടിയായ അദ്ദേഹം കെഎസ്‌എഫ്‌ഇയിൽ റിട്ട. ചീഫ്‌ മാനേജറാണ്‌.

Content Highlights: The prestigious Deshabhimani Literary Awards have been announced for writer P.V. Shajikumar (Novel), poet P.N. Gopikrishnan (Poetry), and N. Prabhakaran (Short Story), carrying a cash prize of Rs 1 lakh each along with a sculpture and citation.