'കലാശം ചൊല്ലി ഞങ്ങള്‍ കൊടുത്ത പുരസ്കാരവും തലയില്‍ ചൂടി അദ്ദേഹം അവിടെ നൃത്തം ചെയ്തു'

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വര്‍ഷന്തോറുമുള്ള ആയുര്‍വേദ സുഖചികിത്സയ്ക്കായി കോയമ്പത്തൂരുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍ പോയപ്പോഴാണ് വാര്‍ധക്യം ചെന്ന ഒരാളുടെ ചിത്രത്തോടുകൂടിയ പുറംചട്ടയുള്ള ഒരു പുസ്തകം എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് ഒരു കലാകാരന്റേതു പോലെത്തെ തിളക്കമുണ്ടായിരുന്നു, ഒരു ദിവ്യത്വമുള്ള തേജസും ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് ചികിത്സാലയത്തിലെ ഡോക്ടറും എനിക്ക് സഹോദരതുല്യനുമായ ഡോ. കൃഷ്ണകുമാറിനോട് ഞാന്‍ അന്വേഷിച്ചു. 99-കാരനായ കഥകളി ആചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ എന്ന കലാകാരനെ ഞാന്‍ ആദ്യമായി അറിയുന്നത് അങ്ങനെയാണ്.
ഇപ്പോഴും കഥകളി വേദികളിലെ സജീവസാന്നിധ്യം. പുസ്തകം മലയാളത്തിലായിരുന്നതിനാല്‍ അത് വായിച്ചു തരാന്‍ ആരെയെങ്കിലും അനുവദിച്ചു തരണമെന്ന് ഞാന്‍ അദ്ദേഹത്തിനോട് അപേക്ഷിച്ചു. അദ്ദേഹം ഉടന്‍ തന്നെ അവിടുത്തെ മുതിര്‍ന്ന നഴ്സായ ബിന്ദുവിനെ ആ ജോലി ഏല്പിച്ചു. അങ്ങനെ എല്ലാ ദിവസവും ഉച്ചയൂണിന്റെ സമയത്ത് അരമണിക്കൂര്‍ അവര്‍ എനിക്ക് പുസ്തകത്തിലെ ഒരു ഭാഗം വായിച്ചു തരും. അനീഷ്കുട്ടന് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകമായിരുന്നു അത്. ഡോ. കൃഷ്ണകുമാറിനെ കുറിച്ചും അനീഷ് ഇതുപോലൊരു പുസ്തകം എഴുതിയിട്ടുണ്ട്. തന്റെ 99-ാം വയസിലും യുവത്വത്തിന്റെ നിറവില്‍ നില്ക്കുന്ന ഒരു നര്‍ത്തകന്റെ, ഇന്നും വേദികളില്‍ സജീവമായ ഒരു കലാകാരന്റെ, ഒരു ഗുരുവിന്റെ ജീവിതത്തിലേക്കാണ് ആ പുസ്തകം കൊണ്ടുപോകുന്നത്. തന്റെ ഉപാസന ജീവിതചര്യപോലെ കൊണ്ടുപോകുന്ന മഹത്തായ ഒരു കലാകാരനെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിച്ചതിന് മാതൃഭൂമിയോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
ഭരത ഇല്ലാംഗോ ഫൗണ്ടേഷന് ഫോര്‍ ഏഷ്യന്‍ കള്‍ചര്‍ (ബിഫാക്ക്) എന്ന ട്രസ്റ്റില്‍ ഞാന്‍ മാനേജിംഗ് ട്രസ്റ്റിയും ഡോ. കൃഷ്ണകുമാര്‍ സ്ഥാപക ട്രസ്റ്റിയുമാണ്. ചെന്നൈയിലെ ആദ്യ ഭരതമുനി സ്മാരകവും പിന്നെ ഒരു മ്യൂസിയം ഓഫ് പെര്‍ഫോമിംങ് ആര്‍ട്ട്സും ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ചേമഞ്ചേരി ആശാനെ 'ഭരത പുത്രഹ' എന്ന പദവിയും ചെറിയൊരു സമ്മാനതുകയും നല്കി ആദരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആശാന് ഇത്രയും ദൂരം യാത്ര ചെയ്ത് ചെന്നൈയില്‍ വരാനും ഈ അംഗീകാരം നേരിട്ട് സ്വീകരിക്കുവാനും സാധിക്കുമോ എന്ന് അനീഷ്കുട്ടന് മുഖേന ഞാന്‍ തിരക്കി. അതിന് സാധിച്ചില്ലെങ്കില്‍ കേരളത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി ഞങ്ങളുടെ ബിഫാക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ഈ ബഹുമതി നേരിട്ട് ഞാന്‍ തന്നെ അദ്ദേഹത്തിന് സമ്മാനിക്കാമെന്നും അനീഷിനോട് പറഞ്ഞു. അദ്ദേഹത്തെ ചെന്നൈയില്‍ സ്വീകരിക്കുന്നത് എനിക്ക് മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു. ഒരു സിംഹത്തെ പോലെ അദ്ദേഹം ആ ഹാളിലൂടെ നടന്നു വരുന്നത് വലിയ ആവേശത്തോടെയാണ് ഞങ്ങളെല്ലാവരും അന്ന് നോക്കി നിന്നത്. കലാശം ചൊല്ലി ഞങ്ങള്‍ നല്കിയ പുരസ്കാരം തലയില്‍ ചൂടി ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തികൊണ്ടാണ് അദ്ദേഹം അന്ന് അവിടെ നൃത്തം ചെയ്തത്. ഈ രീതിയില്‍ പുരസ്കാരം കൈപ്പറ്റുന്നത് പഴയ ആചാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അന്ന് വൈകുന്നേരം കലാക്ഷേത്രയിലെ ഒരു പരിപാടി കാണാനായി ഞങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അവിടുത്തെ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അദ്ദേഹത്തിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. അടുത്ത ദിവസം ശാസ്ത്ര യൂണിവേഴ്സിറ്റിയിലെ എം.എഫ്.എ. ഭരതനാട്യം വിദ്യാര്‍ഥികള്‍ക്കായി ഞാന്‍ സംഘടിപ്പിച്ച സെമിനാറില്‍ ആശാനെയും മുഖ്യാതിഥിയായി ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവിടുത്തെ നൃത്ത വിദ്യാര്‍ഥികള്‍ക്കെല്ലാം ആശാന്റെ വരവ് വലിയ അനുഗ്രഹമായി.
ആദിഗുരുവായിരുന്ന ഭരതന്റെ സ്മാരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം ആശാന് ലഭിച്ചതറിഞ്ഞ മുബൈയിലെ ശണ്മുഖാനന്ദ സഭയും അദ്ദേഹത്തെ അംഗീകാരം നല്കി ആദരിച്ചു. ഇതിനുശേഷം രാജ്യത്തെ ഉയര്‍ന്ന ബഹുമതികളിലൊന്നായ പത്മശ്രീയും രാജ്യത്തെ രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും വാങ്ങിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.
നടനും നര്‍ത്തകനുമായ വിനീത് ഇരുപതുവര്‍ഷത്തോളം എന്റെ ശിഷ്യനായി നൃത്തം അഭ്യസിച്ചിരുന്നു. വിനീതിന്റെ നൃത്ത പഠനത്തിന്റെ ആദ്യ ഘട്ടങ്ങള്‍ ആശാനൊപ്പമായിരുന്നു എന്ന് അഭിമാനത്തോടെ എനിക്ക് പറയാം.
104-ാം വയസിലേക്ക് കടക്കുന്ന നിത്യഹരിതയൗവനത്തിന് ഉടമയായ ചേമഞ്ചേരി ആശാന് നൃത്ത്യോധയയിലും ബിഫാക്കിലുമുള്ള ഏവരുടെയും സ്നേഹവും ആദരവും അറിയിക്കുന്നു. എനിക്കും എന്നേപോലുള്ള മറ്റ് കലാകാരന്മാര്ക്കും അദ്ദേഹം എപ്പോഴും ഒരു പ്രചോദനമാണ്. യഥാര്‍ഥ കലയ്ക്ക് പ്രായമില്ലെന്ന തിരിച്ചറിവ് ഞങ്ങളിലുണ്ടാക്കിയത് അദ്ദേഹമാണ്. രാമാനുജാചാര്യരെ പോലെ ആശാനും ഒരു 120 കൊല്ലം ഇതേ ഊര്‍ജ്ജസ്വലതയോടെ ജീവിക്കട്ടെ. അദ്ദേഹത്തിന് കലയോടുള്ള ഭക്തിയും ചിട്ടയായ ജീവിതചര്യയും നമ്മളേവരും കണ്ട് പഠിക്കേണ്ട ജീവിതമൂല്യങ്ങളാണ്.
Content Highlights: Popular dancer Padma Subrahmanyam reminisces times with kathakali maestro Chemancheri Kunhiraman Nair
Content Highlights: