സി. രാധാകൃഷ്ണന്റെ സമാധാനയാത്രയ്ക്ക് 40 വയസ്സ്; പുതിയ യാത്രയുമായി എഴുത്തുകാരന്‍

സി രാധാകൃഷ്ണന്‍/ ഫോട്ടോ: മധുരാജ്‌
സി രാധാകൃഷ്ണന്‍/ ഫോട്ടോ: മധുരാജ്‌

പുറത്തൂര്‍: 1984-ല്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന കാല്‍നടയാത്രയുടെ ഓര്‍മ്മകള്‍ പുതിയൊരു സ്‌നേഹയാത്രയിലൂടെ പുനര്‍ജനിക്കുന്നു. യുവകലാസാഹിതി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമാധാനയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചമ്രവട്ടത്ത് നടക്കും.

സി. രാധാകൃഷ്ണന്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന് പതാക കൈമാറും. നിളാനദിയില്‍ സമാധാനത്തിന്റെ ദീപം തെളിക്കലും നടക്കും. കാസര്‍കോട് മുതല്‍ കൊല്ലം ജില്ലയിലെ ഓച്ചിറ വരെയായിരുന്നു നാലുപതിറ്റാണ്ടു മുന്‍പത്തെ ആ ജനകീയയാത്ര. അന്ന് യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു സി. രാധാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ നിര്‍ദേശപ്രകാരമാണ് സി. രാധാകൃഷ്ണന്‍ ജാഥാക്യാപ്റ്റന്റെ ആ പദവി ഏറ്റെടുത്തിരുന്നത്. ഗാന്ധിജയന്തിദിനത്തില്‍ യാത്ര ആരംഭിച്ചു.

സമാധാനയാത്രയെക്കുറിച്ച് സി. രാധാകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: 'കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളേയും അണിനിരത്തിക്കൊണ്ടായിരുന്നു യാത്ര. മാടമ്പ് കുഞ്ഞുകുട്ടനെപ്പോലെയുള്ള എഴുത്തുകാരൊക്കെ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥയില്‍ അണിനിരന്നു. ദിവസവും 20 കിലോമീറ്റര്‍വരെ നടന്നിട്ടുണ്ട്. യുദ്ധം, പട്ടിണി, വര്‍ഗീയത, അതിദേശീയത തുടങ്ങിയവയൊക്കെയായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. തിരുവനന്തപുരം ലക്ഷ്യമാക്കിയായിരുന്നു യാത്ര. ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചതോടെ യാത്ര ഓച്ചിറയില്‍ അവസാനിപ്പിക്കേണ്ടിവന്നു. എഴുത്തും സിനിമയുമൊക്കെയായി നല്ല തിരക്കുള്ള കാലമായിരുന്നിട്ടും പദയാത്ര ഉയര്‍ത്തിപ്പിടിച്ച വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് ആവേശത്തോടെ കാല്‍നടയാത്രയുടെ ഭാഗമായത്.
 

Content Highlights: c radhakrishnan hiking 4oth anniversary