ലോറന്‍സിന് മുന്നില്‍ 'തോട്ടി' കവിത ചൊല്ലി ചുള്ളിക്കാട്

കൊച്ചി: കുമാരാനാശാന്‍നഗര്‍ എന്നുപേരുള്ള പാര്‍പ്പിടമേഖലയിലെ ഒരു വീട്ടിലിരുന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു' എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലിയത് എം.എം.ലോറന്‍സിന് വേണ്ടിത്തന്നെയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മലയാളത്തിന്റെ പ്രിയ കവി എഴുതിയ 'തോട്ടി'എന്ന കവിത ആദ്യകാല തോട്ടിപ്പണിക്കാരുടെ യൂണിയന്‍ നേതാവ് എം.എം.ലോറന്‍സിനുള്ള സമര്‍പ്പണമാണ്.
സീനിയര്‍ ഗവ.പ്ലീഡറായ മകന്‍ അഡ്വ. സജി ലോറന്‍സിന്റെ വീട്ടില്‍ വാര്‍ധക്യത്തിന്റെ സഹജമായ ചില്ലറ അവശതകളോടെ കഴിയുന്ന ലോറന്‍സിനെ കാണാന്‍ ബുധനാഴ്ച രാവിലെയാണ് ചുള്ളിക്കാട് എത്തിയത്. സി.ഐ.സി.സി ജയചന്ദ്രനാണ് കൂടിക്കാഴ്ചയൊരുക്കാന്‍ മുന്നില്‍ നിന്നത്.
'ഞാന്‍..ബാലചന്ദ്രന്‍..'എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോള്‍ 'അറിയാം' എന്നായിരുന്നു വീല്‍ചെയറിലിരുന്ന് ലോറന്‍സിന്റെ മറുപടി. സി.ഐ.സി.സി.ബുക്സ് സ്റ്റാളില്‍വച്ച് ബാലചന്ദ്രനെ ആദ്യമായി കണ്ടത് അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നെ സംഭാഷണം കവിതയിലേക്കും കൊച്ചിയുടെ ഇന്നലെകളിലേക്കും തോട്ടിത്തൊഴിലാളികളുടെ കഥയിലേക്കും കടന്നു. പറയുന്ന കാര്യങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ലോറന്‍സിന്റെ ഓര്‍മകള്‍ക്കിപ്പോഴും സമരതീക്ഷ്ണത. അതില്‍ ഒരു കാലം മുദ്രാവാക്യം വിളിച്ചുനില്കുന്നു.
'തിരുവനന്തപുരത്തുനിന്ന് ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് കവിത വന്ന കാര്യം വിളിച്ചറിയിച്ചത്. അന്ന് ആഴ്ചപ്പതിപ്പിന്റെ കോപ്പി കിട്ടിയിരുന്നില്ല. പിന്നെ മകന്‍ വായിച്ചു കേള്‍പ്പിച്ചു.'-ലോറന്‍സ് പറഞ്ഞു. ഒതുക്കമുള്ള കവിത എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.
ഒടുവില്‍ ലോറന്‍സിന് മുന്നിലിരുന്ന് ബാലചന്ദ്രന്‍ കവിത ചൊല്ലിയപ്പോള്‍ കൊച്ചിയിലെ തോട്ടികളുടെ ഭൂതകാലം ഒരിക്കല്‍ക്കൂടി ഉയിര്‍ത്തു.