ശ്രീവാസ് പറയുന്നു, കവിത അതിജീവനത്തിന്റെ ഭാഷ

ചെറുതുരുത്തി: 'ഭാഷയില്ലാത്തൊരപ്പന്റെ പേച്ച്' അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷത്തെക്കാള്‍ ഏറെ അഭിമാനമാണ് തോന്നുന്നത്. അരികുവത്കരിക്കപ്പെടുന്ന ആളുകളുടെ ശബ്ദം രചനകളിലൂടെ ഉയര്‍ത്തുകയാണ് എന്റെ ലക്ഷ്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ് -കലാലയവിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കവിതാവിഭാഗത്തില്‍ മൂന്നാംസ്ഥാനം ലഭിച്ച ദേശമംഗലം കറ്റുവട്ടൂര്‍ ആലയ്ക്കല്‍ വീട്ടില്‍ എ.വി. ശ്രീവാസ് പറഞ്ഞു. തന്റെ രചനകള്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്നോടൊപ്പം അവരും അംഗീകരിക്കപ്പെടുകയാണ്. വായനയിലേക്കും എഴുത്തിലേക്കും സജീവമായ സമയത്തുതന്നെ മാതൃഭൂമിയുടേതുപോലെ വലിയ അംഗീകാരം ലഭിക്കുക എന്നത് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ എഴുതണമെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു.
വായിക്കാനോ എഴുതാനോ ഉള്ള കുടുംബസാഹചര്യം ഉണ്ടായിരുന്നില്ല. കാലടി സര്‍വകലാശാലയിലെത്തിയപ്പോഴാണ് അതിനുള്ള വഴി തുറന്നു കിട്ടിയത്. അതിജീവനത്തിന്റെ ഭാഷയാകണം കവിതകള്‍ എന്നാണ് തന്റെ അഭിപ്രായം. എഴുത്തിനെ രാഷ്ട്രീയമായി കാണാന്‍കൂടിയാണ് ആഗ്രഹിക്കുന്നത്. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശ്ശൂര്‍ കേരളവര്‍മകോളേജില്‍നിന്ന് ഹിസ്റ്ററിയില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കി എം.ജി സര്‍വകലാശാലയ്ക്കുകീഴില്‍ ലൈബ്രറി സയന്‍സ് പഠനത്തിനെത്തിയപ്പോഴാണ് പുസ്തകങ്ങള്‍ കൂട്ടാകുന്നതും വായനയില്‍ സജീവമാകുന്നതും. അവിടെനിന്ന് ബിരുദാനന്തര ബിരുദവും എം.ഫില്ലും നേടി. ഇപ്പോള്‍ സോഷ്യല്‍സയന്‍സില്‍ ബി.എഡ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ശ്രീവാസ്.
കാല്പനികസമൂഹത്തില്‍നിന്ന് താന്‍ തിരിച്ചറിഞ്ഞ പച്ചയായ ജീവിത സമൂഹത്തെ വളരെ ഗൗരവമായി കാണുന്ന ഈ യുവാവ് തന്റെ എഴുത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ അത്തരം രചനകളിലൂടെ ആദരിക്കപ്പെട്ടതിന്റെ സന്തോഷവും മറച്ചുവെക്കുന്നില്ല. അച്ഛനായ സി. വാസവും അമ്മ കുമുദാബായിയും സഹോദരിമാരായ സബിത, സുധ എന്നിവരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights: Award Winning Poet`s Journey