അന്നു ഞാന്‍ ഡോക്ടറായിരുന്നല്ലോ- കോളറക്കാലത്തെ അനുഭവം ഓര്‍മിച്ച് തസ്ലിമ നസ്രീന്‍

-
-

ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയുണ്ടാക്കിയിരിക്കുന്ന ആഗോളസാഹചര്യം തൊണ്ണൂറുകളുടെ ആദ്യം ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കോളറയുടെ സമയത്ത് രോഗികളെ ചികിത്സിച്ച ദിവസങ്ങളെ ഓർമപ്പെടുത്തുന്നെന്ന് സാഹിത്യകാരി തസ്ലിമ നസ്രീൻ. എഴുത്തുകാരിയാകുംമുമ്പ് ഡോക്ടറായിരുന്ന തസ്ലിമ 1991-ൽ 8000 പേരുടെ ജീവനെടുത്ത കോളറയുടെ സമയത്ത് മൈമെൻസിങ്ങിലെ ആശുപത്രിയിൽ ഡോക്ടറായിരുന്നു. വിവാദ രചനകളുടെപേരിൽ ബംഗ്ലാദേശ് നാടുകടത്തിയ അവർ ഇപ്പോൾ സ്വീഡനിലാണു താമസം.

''അന്നു ഞാൻ ഡോക്ടറായിരുന്നു. അസ്വസ്ഥതയുണ്ടാക്കുമായിരുന്നതിനാൽ കൈയുറയിടാതെയാണ് ദിവസവും നൂറുകണക്കിനു രോഗികളെ നോക്കിയത്. ഭാഗ്യത്തിന് അണുബാധയുണ്ടായില്ല. ഈ കോവിഡ്-19 വളരെ അപകടകാരിയാണ്. അതിനാൽ, എല്ലാ മുൻകരുതലുമെടുക്കേണ്ടത് അത്യാവശ്യമാണ്''-വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് അവർ പറഞ്ഞു.

''ലോകമെങ്ങും മടുപ്പില്ലാതെ ജോലി ചെയ്യുന്ന ആതുരസേവക സമൂഹത്തെക്കുറിച്ച് എനിക്കഭിമാനമാണ്. മനുഷ്യകുലത്തെ രക്ഷിക്കാനാണല്ലോ അവർ സ്വന്തം ജീവനുകൾ അപകടത്തിലാക്കുന്നത്''- തസ്ലിമ പറഞ്ഞു.

1984-ൽ മൈമെൻസിങ് മെഡിക്കൽ കോളേജിൽ നിന്നാണ് തസ്ലിമ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയത്. രചനകൾ വിവാദമായതോടെ 1993-ൽ അവർക്ക് തൊഴിൽരംഗവും പിന്നീട് രാജ്യവും വിടേണ്ടിവന്നു. പ്രസിദ്ധീകരിക്കുംമുമ്പ് രചനകളെല്ലാം കാണിക്കണമെന്ന സർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണ് അവർ ഡോക്ടർജോലി രാജിവെച്ചത്.

മുസ്ലിം സമുദായത്തിന് ആധുനികവത്‌കരണവും പുരോഗമനവും ആവശ്യമായ സമയത്ത് അതിനെ പിന്നാക്കം വലിക്കുന്ന പ്രസ്ഥാനമായ തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് തസ്ലിമ പറഞ്ഞു.

ഇപ്പോൾ മുഴുവൻസമയ എഴുത്തുകാരിയായിക്കഴിയുന്ന തസ്ലിമയുടെ 'എന്റെ പെൺകുട്ടിക്കാല'വും 'ലജ്ജ'യുടെ മുന്നുരയായ 'ലജ്ജയില്ലാത്തവളും' ഈ സമയത്ത് വിൽപ്പനശാലകളിലെത്തേണ്ടതായിരുന്നു.

Content Highlights: Taslima Nasrin, Covid 19, Corona Virus

Content Highlights: