മിണ്ടാതിരിക്കുക എന്നത് എഴുതാതിരിക്കുന്നതിനേക്കാള്‍ കഠിനമാവുമ്പോഴാണ് ഞാന്‍ എഴുതുന്നത്- അരുന്ധതി റോയ്

ന്യൂഡല്‍ഹി: 'സുരക്ഷിതത്വം എന്നെ ശ്വാസംമുട്ടിക്കുന്നു. മിണ്ടാതിരിക്കുക എന്നത് എഴുതാതിരിക്കുന്നതിനേക്കാള്‍ കഠിനമാവുമ്പോഴാണ് ഞാന്‍ എഴുതുന്നത്...' ഏറ്റവും പുതിയ പുസ്തകം 'Mother Mary comes to Me' യുടെ പ്രകാശനവേളയില്‍ അരുന്ധതി റോയി പറഞ്ഞു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
'ഞാന്‍ എന്തിനാണ് ഇത്രമാത്രം അസ്വസ്ഥയാകുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. ഞാന്‍ എന്തിനാണ് എഴുതുന്നത്? കാരണം അത് സ്നേഹത്തില്‍നിന്നും, എന്തിനോടെങ്കിലുമുള്ള കരുതലില്‍നിന്നുമാണ് ഉടലെടുക്കുന്നത്. അല്ലെങ്കില്‍ ഞാനെന്തിന് മെനക്കെടണം? എന്റെ ബുക്കര്‍ സമ്മാനമോ മറ്റു പുരസ്‌കാരങ്ങളോ ആസ്വദിച്ചിരുന്നാല്‍ പോരേ?.'- അരുന്ധതി റോയ് ചോദിച്ചു.
'നമ്മള്‍ രാജ്യദ്രോഹികളെന്നു വിളിക്കുന്ന മിക്കവാറും എല്ലാ ആളുകളും യഥാര്‍ത്ഥത്തില്‍ കരുതലുള്ളവരാണ്. അതേസമയം, ഞാന്‍ ബെറ്റ് വെയ്ക്കാം, സ്വയം മഹത്തായ ദേശീയവാദികളെന്നു വിശേഷിപ്പിക്കുന്ന ആളുകളില്ലേ, അവരില്‍ 99 ശതമാനം പേരും നികുതി വെട്ടിക്കുന്നവരോ മക്കളെ അമേരിക്കയിലേക്ക് അയച്ചവരോ അല്ലെങ്കില്‍ ഈ രാജ്യത്ത് എന്ത് നടന്നാലും അത് തങ്ങളുടെ വ്യക്തിപരമായ സമ്പത്തിനെയോ മറ്റ് അസംബന്ധങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ സാദ്ധ്യമായ എന്തും ചെയ്യുന്നവരോ ആയിരിക്കും.' - സ്വതസിദ്ധമായ കൂസലില്ലായ്മയോടെ അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
ഏറെ പ്രകീര്‍ത്തിക്കപ്പെട്ട തന്റെ പ്രഥമ നോവലായ 'ഗോഡ് ഓഫ് സ്മോള്‍ തിങ്‌സി'നെക്കുറിച്ചും പ്രകാശനവേദിയില്‍ അരുന്ധതി റോയ് പരാമര്‍ശിച്ചു.
Content Highlights: Arundhathi Roy newbook release Mother Mary Comes To Me