രാമചന്ദ്രന്‍ ആര്‍ട്ട് ഗാലറി ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

ചിത്രകാരന്‍ എ. രാമചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി
ചിത്രകാരന്‍ എ. രാമചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ മുന്നൂറു കോടി രൂപയിലേറെ മൂല്യമുള്ള ചിത്രങ്ങളും ശില്‍പങ്ങളും ഉള്‍ക്കൊള്ളുന്ന ആര്‍ട്ട് ഗാലറി ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 'ധ്യാനചിത്ര: എ. രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്' എന്ന പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക കേന്ദ്രത്തില്‍ ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. അത് പൂര്‍ത്തിയാക്കുന്നതോടെ ചിത്രങ്ങളും ശില്‍പങ്ങളും നല്ല രീതിയില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എ. രാമചന്ദ്രന്റെ കുടുംബം ഇക്കാര്യത്തില്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സമ്മതപത്രം കൈമാറിക്കഴിഞ്ഞു. ഇനി ധാരണാപത്രം ഒപ്പിടാനുണ്ട്.

എ. രാമചന്ദ്രന്റെ ചിത്രങ്ങളും പ്രാധാന്യത്തോടെ പുറംനാടുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. വിശാലമായ ഒരു പാരമ്പര്യത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു എ. രാമചന്ദ്രന്‍.

രാമചന്ദ്രനെ പോലുള്ള ചിത്രകാരന്‍മാര്‍ മുന്നോട്ടുവെച്ച, മാനവികതയിലും പാരിസ്ഥിതിക സന്തുലിതാവസ്ഥയിലുമൂന്നിയ കലാദര്‍ശനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള കലാസൃഷ്ടികളും പുസ്തകങ്ങളുമുള്‍പ്പെടെ ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന വെബ്സൈറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു.

ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ് എം.എല്‍.എ., മേയര്‍ എം. അനില്‍കുമാര്‍, മുന്‍ സാംസ്‌കാരിക മന്ത്രി എം.എ. ബേബി, കേരള ലളിതകലാ അക്കാദമി അധ്യക്ഷന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Renowned artist A. Ramachandran art gallery will be opened soon