'അമ്മയോര്‍മകള്‍' മലയാളത്തിന് മാത്രം സ്വന്തം- സച്ചിദാനന്ദന്‍

അനുകുല്‍,  അഷ്ടമൂര്‍ത്തി, ഷബിത, സച്ചിദാനന്ദന്‍, ബീന എംസണ്‍, ഉമ ഹിരണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 'അമ്മയോര്‍മകള്‍' പ്രകാശനം ചെയ്യുന്നു.
അനുകുല്‍, അഷ്ടമൂര്‍ത്തി, ഷബിത, സച്ചിദാനന്ദന്‍, ബീന എംസണ്‍, ഉമ ഹിരണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 'അമ്മയോര്‍മകള്‍' പ്രകാശനം ചെയ്യുന്നു.

തൃശ്ശൂര്‍: ഒരു കൂട്ടം എഴുത്തുകാരെ അവരുടെ മക്കളിലൂടെ ഓര്‍മിപ്പിക്കുന്ന അമ്മയോര്‍മകള്‍ എന്ന പുസ്തകം തീര്‍ത്തും വ്യത്യസ്തമായ സമാഹാരമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെയ സച്ചിദാനന്ദന്‍. മറ്റൊരു ഭാഷയിലും ഇത്തരമൊരു സമാഹാരമുള്ളതായി അറിവില്ല. 

സ്ത്രീയെ സ്ത്രീയെന്ന നിലയില്‍ മൂര്‍ത്തമായ സാഹചര്യത്തില്‍ കണ്ടെത്താനും അവരുടെ എഴുത്ത് രൂപപ്പെട്ടതെങ്ങനെയെന്ന് സ്വന്തം ബന്ധുക്കളിലൂടെ കണ്ടെത്താനുമാണ് പുസ്തകം ഏകോപിപ്പിച്ച ഷബിത ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ എഴുത്തമ്മമാരെക്കുറിച്ച് മക്കള്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'അമ്മയോര്‍മകള്‍' പുസ്തകത്തിന്റെ പ്രകാശനത്തിനുശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

വെളിയന്നൂരിലെ മാതൃഭൂമി ബുക്‌സില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദനൊപ്പം വി.വി രുഗ്മിണിയുടെ മകന്‍ അനുകുല്‍, സുമംഗലയുടെ മകന്‍ അഷ്ടമൂര്‍ത്തി, റോസി തോമസ്സിന്റെ മകള്‍ ബീന എംസണ്‍, ഗീത ഹിരണ്യന്റെ മകള്‍ ഉമ ഹിരണ്യന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ഷബിത മറുപടി പ്രസംഗം നടത്തി. 

പുസ്തകോത്സവം രണ്ട് ദിവസം കൂടി
മാതൃഭൂമി ബുക്‌സ് വാര്‍ഷിക പുസ്തകോത്സവത്തില്‍ ബുധനാഴ്ച് വൈകിട്ട് അഞ്ചിന് മാധവ് ഗാഡ്ഗിലിന്റെ പുസ്തകത്തിന് വിനോദ് പയ്യട തയ്യാറാക്കിയ പരിഭാഷ 'പശ്ചിമഘട്ടം ഒരു പ്രണയകഥ' യുടെ പ്രകാശനവും പുസ്തകചര്‍ച്ചയും നടക്കും. സാറാ ജോസഫ്, വിനോദ് പയ്യട, ഡോ. ടി.വി സജീവ്, എസ്.പി രവി, കുസുമം ജോസഫ് എന്നിവര്‍ പങ്കെടുക്കും. 

ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം രണ്ടുദിവസം കൂടിയുണ്ടാകും ഏഴ് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ച് പുസ്തകത്തിന്റെ വില നല്‍കിയാല്‍ മതി. ഫോണ്‍: 85960602304
 

Content Highlights: Ammayormakal, Satchidanandan, Shabitha, Mathrubhumi Books