ഗ്യാനേഷ് കുമാറിന്റെ രാജി: സി.ജെ.പിക്ക് പിന്തുണയുമായി അമിതാവ് ഘോഷ്

അമിതാവ് ഘോഷ് / ഫോട്ടോ: AFP
അമിതാവ് ഘോഷ് / ഫോട്ടോ: AFP

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി)യുടെ ആവശ്യത്ത പിന്തുണച്ച് മുതിർന്ന എഴുത്തുകാരനും നോവലിസ്റ്റുമായ അമിതാവ് ഘോഷ് രംഗത്ത്. രാജ്യത്തുടനീളമുള്ള വോട്ടർ പട്ടികയിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വഴി ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കപ്പെട്ട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സി.ജെ.പിയ്ക്ക് പരസ്യപിന്തുണ അദ്ദേഹം തന്റെ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്.

'ഇന്ത്യയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ലോകം മുഴുവൻ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വോട്ടർ പട്ടികയിൽനിന്ന് വലിയൊരു വിഭാഗം വോട്ടർമാരെ വ്യവസ്ഥാപിതമായി ഒഴിവാക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ, ഇന്ത്യയിലെ ജെൻ സീ (Gen Z) ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്, കാറ്റ് മാറി വീശുകയാണ്.' എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഘോഷ് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികൾക്കിടയിൽ 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടികയിൽനിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ട വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സി.ജെ.പി വ്യാഴാഴ്ച 'തിരഞ്ഞെടുപ്പ് കമ്മീഷൻ തിക്ക് കരോ' കാമ്പെയ്ൻ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷിയായ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപിച്ച സി.ജെ.പി, 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും മറിച്ച് ഒരു പ്രഷർ ഗ്രൂപ്പാണെന്നും അവകാശപ്പെടുന്ന യുവജന സംഘടന, ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധവും ജന്തർമന്തറിൽ അനിശ്ചിതകാല സത്യഗ്രഹവും നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.