അക്ഷരപ്രകൃതി 2026; സാഹിത്യക്യാമ്പ്‌ ജനുവരി 9 മുതല്‍ നെയ്യാറില്‍

#Literature desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോഴിക്കോട്: സാഹിത്യതത്പരരായ കലാലയ വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പും സംസ്ഥാന വനം-വന്യജീവി വകുപ്പും ചേര്‍ന്ന് നടത്തുന്ന 'അക്ഷരപ്രകൃതി സീസണ്‍-2' ദക്ഷിണ മേഖലാ സാഹിത്യക്യാമ്പില്‍ പ്രമുഖ എഴുത്തുകാര്‍ പുതുതലമുറയോട് സംവദിക്കാനെത്തും. 

ജനുവരി 9, 10, 11 തിയതികളില്‍ തിരുവനന്തപുരത്തെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലാണ് ക്യാമ്പ്. വിവിധ ദിവസങ്ങളിലായി വി.ജെ. ജെയിംസ്, ജി.ആര്‍. ഇന്ദുഗോപന്‍, പി.കെ. രാജശേഖരന്‍, കെ.എസ്. രവികുമാര്‍, വീരാന്‍കുട്ടി, ലോപാമുദ്ര, അനിത തമ്പി, പ്രമീളാദേവി, അനന്തപത്മനാഭന്‍, എന്‍.എസ്. സുമേഷ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാം.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ തങ്ങള്‍ എഴുതിയ കഥയോ കവിതയോ പത്രാധിപര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, രാമനാട്ടുകര, കോഴിക്കോട്- 673633 എന്ന വിലാസത്തില്‍ അയയ്ക്കണം. weekly@mpp.co.in എന്ന മെയിലിലേക്കും രചനകള്‍ അയയ്ക്കാം.

രചനകള്‍ മുമ്പ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാവരുത്. അതിനൊപ്പം സ്വന്തം വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇങ്ങനെ ലഭിക്കുന്ന രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേര്‍ക്കായിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഈ വര്‍ഷം മേയില്‍ ഇടുക്കിയിലെ പാമ്പാടും ഷോലൈ ദേശീയോദ്യാനത്തില്‍ നടന്ന അക്ഷരപ്രകൃതി സീസണ്‍ ഒന്നില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.

രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846720999, 9995110047.

Content Highlights: Join Akshara Prakruti Season 2, a literary camp for college students in Kerala, from Jan 9-11 at Neyyar Wildlife Sanctuary.