മോനിഷ ഇന്നുണ്ടായിരുന്നെങ്കിൽ 54 വയസ്സ്... ഓർമ്മകൾ പങ്കുവെച്ച് അമ്മ ശ്രീദേവി ഉണ്ണി

കോഴിക്കോട്: നടി മോനിഷ വിട പറഞ്ഞിട്ട് 33 വർഷം കഴിഞ്ഞു. 1971-ൽ ജനിച്ച മോനിഷ ഇന്നുണ്ടായിരുന്നെങ്കിൽ അവൾക്ക് 54 വയസ്സുണ്ടാവുമായിരുന്നു – എന്റെ മകൾ മോനിഷ എന്ന പുസ്തകത്തെക്കുറിച്ച് 'മീറ്റ് ദി ഓഥർ' പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ ശ്രീദേവി ഉണ്ണി പറഞ്ഞു. മാതൃഭൂമി ബുക്സാണ് മൂന്നാം പതിപ്പ് പുറത്തിറക്കിയത്.
1992-ൽ 21-ാം വയസ്സിലാണ് ചേർത്തലക്കടുത്ത് വെച്ചൊരു കാറപകടത്തിൽ അമ്മയോടൊപ്പം സഞ്ചരിക്കുമ്പോൾ മോനിഷയെ നഷ്ടമാകുന്നത്. മകളുടെ വിയോഗം തീർത്ത വേദനയും പങ്കിട്ട ആത്മഹർഷങ്ങളുമാണ് മകളെക്കുറിച്ചുള്ള പുസ്തകത്തിൽ ശ്രീദേവി ഉണ്ണി പങ്കുവെക്കുന്നത്.
"ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. പക്ഷെ, മകളെ കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ എഴുതാനേ എനിക്ക് കഴിയൂ. മോനിഷയുടെ കൺമഷിയെ കുറിച്ചു പോലും അവരതിൽ പറയുന്നുണ്ട്. കോട്ടക്കലിൽ വന്നപ്പോൾ കൈയെഴുത്ത് പ്രതി ആദ്യം കാണിച്ചത് ഡോ. എൻ. പി. വിജയകൃഷ്ണനെയായിരുന്നു. തിരുത്താനൊന്നുമില്ല, ഒരു എം. ടി. യുടെ പുസ്തകം വായിക്കും പോലെയുണ്ടെന്ന് ഒറ്റവായനയിൽ അദ്ദേഹം പറഞ്ഞപ്പോൾ പുറത്തിറക്കാനുള്ളൊരു ആത്മവിശ്വാസമായി. അങ്ങനെയാണ് വളരെ പെട്ടെന്ന് മാതൃഭൂമിയുടെ കാ ഫെസ്റ്റിവലിൽ വെച്ച് ആ പുസ്തകം പ്രകാശനം ചെയ്യുന്നത്. അന്നേ അത് എവിടെയൊക്കെ സമർപ്പിക്കണമെന്ന് എഴുതി വെച്ചിരുന്നു. ഗുരുവായൂരിൽ ആദ്യം സമർപ്പിച്ചു. ഞങ്ങളുടെ തട്ടകത്തെ ഭഗവതിയായ പന്നിയങ്കര ദുർഗാദേവിക്കും ഈ വരവിൽ സമർപ്പിക്കുകയാണ്. ഈ പുസ്തകം എഴുത്തുകാരി ബിന്ദു ആമാട്ട് ഇംഗ്ലീഷിലാക്കുന്നുണ്ട്. കോഴിക്കോട്ട് വരുമ്പോൾ എം. ടി.യും മോനിഷയും തമ്മിലുള്ള അടുപ്പവും അവളുടെ സിനിമയിലേക്കുള്ള വരവും ബന്ധങ്ങളുമാണ് മനസ്സിനെ മഥിക്കുന്നത്. 'നഖക്ഷതങ്ങൾ' എന്ന എം. ടി.യുടെ സിനിമയിലെ അഭിനയത്തിന് 15-ാം വയസ്സിലാണ് മോനിഷക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. 'ചിത്രത്തെരുവുകൾ' എന്ന പുസ്തകത്തിൽ വാസുവേട്ടൻ മോനിഷയെക്കുറിച്ച് എഴുതിയ കുറിപ്പും സമ്മതം വാങ്ങി ഞാൻ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. എം. ടി. മോനിഷയെക്കുറിച്ച് നടത്തിയ ഹൃദയത്തിൽ തൊട്ടൊരു പ്രസംഗവും അതിന്റെ ഓഡിയോ കയ്യിലുള്ളത് കൊണ്ട് അതേ പോലെ ഞാൻ പകർത്തിയിട്ടുണ്ട്. എവിടെ ചെന്നാലും മോനിഷയുടെ പേരിലാണ് ഇപ്പോഴും ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നത്" – മോനിഷയുടെ ഓർമകൾ അവർ പങ്കുവെക്കുന്നു.
ആ ഓർമ്മകൾ നിലനിർത്താനാണ് നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി വീണ്ടും ചിലങ്കകൾ അണിഞ്ഞത്. ബെംഗളൂരുവിൽ 'മോനിഷ ആർട്സ്' എന്ന പേരിൽ അവർ നൃത്ത ക്ലാസ് നടത്തുന്നുണ്ട്.
Content Highlights: At a 'Meet the Author' event in Kozhikode, veteran dancer Sridevi Unni emotionally reminisced about her late daughter, National Award-winning actress Monisha, while discussing the third edition of her book Ente Makal Monisha.