മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ജമാല്‍ പ്രണയകാവ്യത്തിന്റെ 150-ാം വാര്‍ഷികാഘോഷം

കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദറുല്‍ മുനീര്‍ ഹുസ്നുല്‍ജമാല്‍ എന്ന പ്രണയകാവ്യത്തിന്റെ 150-ാം വാര്‍ഷികാഘോഷം തിങ്കളാഴ്ച കോഴിക്കോട്ട് നടത്തും. ടാഗോര്‍സെന്റിനറി ഹാളില്‍ ഉച്ചയ്ക്ക് 2.30-ന് സാംസ്‌കാരികവകുപ്പ് മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പരിപാടിയില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. തുടര്‍ന്ന് മോയിന്‍കുട്ടിവൈദ്യരുടെ പാട്ടുകളെ ആധാരമാക്കി 'പാട്ടിന്റെ വിഭാവനങ്ങളും തുടര്‍സഞ്ചാരങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധങ്ങളവതരിപ്പിക്കും. കെ.ടി. കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരിക്കും. ഏഴുമണിക്ക് ദൃശാവിഷ്‌കാരത്തോടെ ഇശലിമ്പം സംഗീതവിരുന്നുണ്ടാവും. സാംസ്‌കാരിക വകുപ്പിന് കീഴില്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാഅക്കാദമിയും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. എട്ടുജില്ലകളിലും ലക്ഷദ്വീപിലും ഗള്‍ഫിലും പരിപാടി നടത്തുന്നുണ്ട്. പ്രാദേശികഭാഷാസാഹിത്യങ്ങളെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കോഴിക്കോട് നടത്തുന്നതെന്ന് മാപ്പിളകലാ അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുസാഫര്‍അഹമ്മദ്, മോയിന്‍കുട്ടിവൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അബ്ദുല്‍ഹക്കിം, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlights: badarul muneer husnul jamal, moyinkutty vaidyar