''അസ്തമിക്കാറായി...'' വിജയൻ മാഷ് മന്ത്രിച്ചു..

തൊണ്ണൂറുകളുടെ ഒടുവിലാണ് പ്രൊഫ. എം.എൻ വിജയൻ ധർമ്മടത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റുന്നത്. അലകടലിൽ രക്ഷാകേന്ദ്രമായി ഉയർന്നുനിൽക്കുന്ന ദ്വീപുപോലെ കൊടുങ്ങല്ലൂരിന്റെ പ്രക്ഷുബ്ധതയിൽ കരുണയെന്ന വീട് തെളിഞ്ഞു. എണ്ണമറ്റ മനുഷ്യർ കരുണയിലേക്ക് വന്നെത്തിക്കൊണ്ടേയിരുന്നു. അവർക്ക് മുൻപിൽ തീയായും നിലാവായും ജലമായും വിജയൻ മാഷ് നിലകൊണ്ടു. ഒരു ചാരുകസേരയിൽ തലവച്ചുകിടന്ന് ഒരു നാടിന്റെ സംവേദനഭൂമികയോട് മാഷ് സംസാരിച്ചുകൊണ്ടേയിരുന്നു. തീപോലെ വരുംകാലത്തിലേക്ക് പടർന്നുകൊണ്ടിരുന്ന വാക്കുകളുടെ അമൃതപ്രവാഹമാണ് 2007 ഒക്ടോബർ മൂന്നിന് തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ വച്ച് ചിറകൊതുക്കിയത്.
എനിക്ക് ആ ദിവസം നന്നേ ഓർമ്മയുണ്ട്. പ്രസ്സ് ക്ലബ്ബിൽ തന്റെ ഊഴംകാത്ത് പത്രസമ്മേളനത്തിനായി കാത്തിരിക്കുമ്പോൾ മാഷിന് ചുറ്റും പ്രസ്സ് ക്യാമറകൾ മിന്നിക്കൊണ്ടേയിരുന്നു.
“ഒരുപാട് ഫോട്ടോകളുണ്ടല്ലോ...“
ഞാൻ മാഷിനെ നോക്കി ചിരിച്ചു.
”ആവശ്യം വന്നേക്കും.“
മാഷ് ഒരു മറുചിരിയിൽ എന്നെ ഒതുക്കി.
മരണത്തെപ്പറ്റി ചില സൂചനകളിലൂടെ മാഷ് സംസാരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായെന്ന് കാർഡിയോളജിസ്റ്റ് ഡോ.രാജേഷ് ചുമലിൽ തട്ടുമ്പോഴും കാർഡിയാക് മയോപ്പതി ബാധിച്ച ഒരു ഹൃദയം എത്രനാൾ തുടിക്കുമെന്ന് മാഷ് തിരിച്ചറിഞ്ഞിരുന്നു.
ഒരുനാൾ പറഞ്ഞു: “കടപ്പുറത്ത് പോണം.”
ഞങ്ങൾ മാഷിന്റെ വീടിന് മൂന്നോ നാലോ കിലോമീറ്റർ അകലെയുള്ള കാര കടപ്പുറത്തെ പഞ്ചാരമണലിൽ ഇരുന്നു. മാഷ് കടൽ കണ്ടു. കരുണയിറ്റുന്ന ആ കണ്ണുകൾ ചക്രവാളത്തിലെവിടെയോ തറഞ്ഞുനിന്നു. ആരേയും കീഴടക്കുന്ന മാധുര്യംപൊടിയുന്ന ആ പുഞ്ചിരി ചുണ്ടുകളിൽ ഉറഞ്ഞുകിടന്നു.
“അസ്തമിക്കാറായി. നമുക്ക് പോവേണ്ടേ?”
ഞാൻ ചോദിച്ചു.
മാഷ് എന്റെ കയ്യിൽ പിടിച്ച് മണൽപ്പരപ്പിൽ നിന്നെഴുന്നേറ്റു. കാറിനടുത്തേക്ക് നടക്കുമ്പോൾ മാഷ് തിരിഞ്ഞ് ഒരിക്കൽ കൂടി അസ്തമയം കണ്ടു. ചുവന്നുതുടുത്ത കടൽ പതുക്കെപ്പതുക്കെ കറുപ്പിലേക്ക് ആണ്ടുതുടങ്ങിയിരുന്നു.
“അസ്തമിക്കാറായി...”
കടലിൽ താഴുന്ന സൂര്യനെ നോക്കി മാഷിന്റെ മന്ത്രണം.
എനിക്ക് വാക്കുകളിലെ നിഗൂഢമായ നാനാർത്ഥം തിരിഞ്ഞു. കരഞ്ഞുപോകുമെന്ന് ഭയന്നതുകൊണ്ട് വീടെത്തുന്നത് വരെ ഞാൻ ശബ്‌ദിച്ചില്ല.
ഒരു ജനതയുടെ വിശ്വാസത്തെ ഒറ്റിക്കൊടുക്കരുതെന്ന അവസാന വാചകം ചൊല്ലി ഭൂമിവിട്ടുപോയ മാഷിന്റെ മൃതദേഹവുമായി കൊടുങ്ങല്ലൂരിലേക്ക് എത്തുമ്പോൾ തെരുവുകളിലാകെ കറുത്ത കൊടികൾ. മങ്ങിയ വെയിൽ. കറുത്ത അക്ഷരങ്ങളിൽ ‘നാടിന്റെ ബുദ്ധന് വിട’ എന്ന പോസ്റ്ററുകൾ. തെരുവിൽ നിന്ന് മാഷ് പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
മാഷ് വിടപറഞ്ഞ് പത്തൊമ്പതാണ്ടുകൾ പോയിമറയുന്നു. ഓരോ ദിനവും ആ തീക്ഷ്‌ണസാന്നിധ്യത്തിന്റെ വേവിൽ നിന്ന് എനിക്ക് പൊള്ളലേൽക്കുന്നുണ്ട്. ഓർമ്മകൾ നിലാവല്ല, കനലുകളാണ് എന്നോർമ്മപ്പെടുത്തുന്ന ഒരാൾ. വാക്കുകൾ കാലത്തെ മുറിച്ച് നിരന്തരം മനുഷ്യനിലേക്ക് സഞ്ചരിക്കാനുള്ളതെന്ന് ഓർമ്മിപ്പിക്കുന്ന ഒരാൾ. ചരിത്രത്തിൽ എം.എൻ വിജയന്റെ സ്ഥാനം എവിടെയെന്ന് എപ്പോഴും ആലോചിക്കാറുണ്ട്. ചിലർക്ക് ദർശനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ജ്വലിക്കുന്ന യുദ്ധമുഖങ്ങളിൽ ശിരസ്സുയർത്തിപ്പിടിച്ചു നിന്ന മഹായോദ്ധാവ്. ചിലർക്കാകട്ടെ അദ്ദേഹം തങ്ങൾക്കായി സമരമുഖത്ത് പിടഞ്ഞുവീണ സൈന്യാധിപനാണ്. സൗമ്യമായ ഒരു വാക്കിൽ നിറച്ച കരുണയുടെ ശീതളിമയിൽ അദ്ദേഹം തങ്ങളെ ജീവിതത്തിലേക്ക് വിളിച്ചുണർത്തിയെന്ന് ചിലർ എഴുതിയിട്ടുണ്ട്. എനിക്കാകട്ടെ അദ്ദേഹം കരുണയുടെ കറുത്ത കടലാണ്. ചോദ്യങ്ങൾ അവസാനിച്ചാൽ നിങ്ങളവസാനിച്ചുവെന്ന സാരസാന്ദ്രമായ മുന്നറിയിപ്പ്.
മാഷിന്റെ മരണശേഷം എനിക്ക് ചുറ്റുംനിറഞ്ഞ അനാഥത്വം മറികടക്കാനാണ് ഞാൻ നാരായണ ഗുരുവിനെ തൊടുന്നത്. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേയറ്റംവരെ വേച്ചുവേച്ച് നടന്ന് കേരളത്തെ നിർമ്മിച്ചെടുത്ത ഒരാൾ എന്ന മാഷിന്റെ വാചകം അപ്പോൾ എന്റെ കൂടെയുണ്ട്. അപരത്വത്തിനെതിരായ ഗുരുവിന്റെ യുദ്ധങ്ങളിലെ പരിചയെക്കുറിച്ച് മാഷ് പറഞ്ഞിട്ടുണ്ട്. അത് പാർട്ടിയുമായുള്ള ഇടർച്ചയ്ക്ക് ശേഷമുള്ള കരുണയിലെ സായാഹ്നങ്ങളിലാണ്. അന്ന് മാഷിന്റെ പൊതുയോഗങ്ങൾ നന്നേ കുറഞ്ഞിരുന്നു. കരുണയുടെ പൂമുഖത്ത് എനിക്കും ‘നിശാഗന്ധി‘യിലെ സജീവനും മുൻപിൽ മാഷ് വാക്കുകളുടെ മാന്ത്രികനാകും. ‘കരുണ‘യുടെ ചുമരുകൾക്കപ്പുറത്തുള്ള ഇരുട്ടും കാലവും ആ മാന്ത്രികതയ്ക്ക് മുൻപിൽ സ്തംഭിക്കും. വാക്കും ദർശനവും കടൽപ്പോലെ ഇരമ്പിയാർക്കും. ഭക്ഷണത്തിന് വേണ്ടി മാത്രം മനുഷ്യർക്ക് ജീവിക്കാനാകില്ലെന്ന ക്രിസ്തുവാക്യം പൂപോലെ വിടരും. ഒരു യൂണിവേഴ്സിറ്റിയും പകരാത്ത ദർശനങ്ങളുടെ അനുഭൂതിദായകമായ രാസപ്രയോഗങ്ങളിലേക്കാണ് മാഷ് നയിച്ചത്. അപ്പോൾ നാരായണ ഗുരു ഉന്നയിച്ച നാം ആരാണ് എന്ന ചോദ്യത്തിന്റെ നിഗൂഢമായ ഉത്തരങ്ങളിലേക്ക് മാഷ് ഒരവധൂതനെപ്പോലെ സഞ്ചരിക്കുന്നത് ഞാൻ കണ്ടു. അപരത്വമുണ്ടാക്കുന്നത് ഒരു രാഷ്ട്രീയപ്രയോഗമാണ്. അതുകൊണ്ട് അപരത്വത്തിൽ നിന്ന് മനുഷ്യനിലേക്ക് മടങ്ങുകയെന്ന പ്രതിക്രിയയാണ് അതിനുള്ള മരുന്ന്. മരത്തിലെ ഇലയും പൂവും തണ്ടും ചൂണ്ടിക്കാട്ടി വർണ്ണത്തിന്റെ അർത്ഥരാഹിത്യം ഗാന്ധിയ്ക്ക് ചൊല്ലികൊടുത്ത ഗുരുവിനെ ഓർമ്മിപ്പിക്കുമ്പോൾ പുതിയ കാലത്തിന്റെ വാളും പരിചയും മാഷിന്റെ കയ്യിലിരുന്ന് വിറയ്ക്കുന്നത് നമുക്ക് കാണാനാവും.
മാഷിന്റെ വീടിനോട് ചേർന്ന് സന്ദർശകർക്കിരിക്കാനായി ഒരു നടപ്പുര തീർക്കുമ്പോൾ അതിനോട് ചാഞ്ഞുനിൽക്കുന്ന ഒരു മാവിന്റെ കൊമ്പ് വെട്ടേണ്ടതുണ്ടായിരുന്നു. നിത്യവും കൂടെയുള്ള നൂറുദ്ദീൻ അത് വെട്ടാനായി ആളുമായി എത്തിയപ്പോൾ മാഷ് വേണ്ടായെന്ന് വിലക്കി. ഒരു മരം വളർന്നു പടർന്ന് ഈ രൂപത്തിലെത്താൻ എത്ര കാലമെടുക്കുമെന്ന മാഷിന്റെ ചോദ്യം ധർമ്മപദത്തിലെ ബുദ്ധവാക്യത്തെ ഓർമ്മിപ്പിച്ചു. കരുണയിലെ ആത്മീയാന്വേഷണങ്ങളുടെ വ്യാപ്തി കൂടുന്നുവെന്ന് ഞാൻ നർമ്മം പറഞ്ഞപ്പോൾ ഹൃദ്യമായ ഒരു പുഞ്ചിരിയോടെ മാഷ് എന്നെ നേരിട്ടു.
കാലം കൊഴിഞ്ഞടരുമ്പോൾ എം.എൻ വിജയനെന്ന മഹാമനുഷ്യന്റെ ഉന്മാദത്തിന്റെ പിറവി ഞാൻ കണ്ടെത്തുന്നുണ്ട്. അതൊരു തുടർച്ചയാണ്. മുൻപേ നടന്ന് പിറകേ വരാനിരിക്കുന്നവർക്കായി സ്വയമെരിഞ്ഞുതീർന്ന മഹാമനുഷ്യരുടെ തുടർച്ച.
ബുദ്ധനിൽ, ജിനനിൽ, ക്രിസ്തുവിൽ, നബിയിൽ, നാരായണ ഗുരുവിൽ നിന്ന് തുടരുന്ന മനുഷ്യചേതനയുടെ വിസ്ഫോടനാത്മകമായ വികാസം. പ്രവഹിക്കപ്പെടുന്ന കൊടുങ്കാറ്റുകൾ.
ചിതയിലെരിയാത്ത വാക്കായി എം.എൻ വിജയൻ ചരിത്രത്തിന് മുൻപിൽ നിൽക്കുമ്പോൾ മനുഷ്യൻ എന്ന സത്തയുടെ വിസ്തൃതിയിൽ കാലം സ്തംഭിക്കുന്നത് നാമറിയുന്നു. ഗുരുപരമ്പരകളുടെ യാത്ര തുടരുകയാണ്. ഒരു സമരവും അവസാനിക്കുന്നില്ല...