'അച്ഛനും ചേട്ടനുമിടയിലെ പാവം ഞാന്‍'; മാതൃഭൂമി അക്ഷരോത്സവത്തില്‍ സെലിബ്രിറ്റി കഥകളുമായി ധ്യാന്‍

ധ്യാൻ ശ്രീനിവാസൻ, സി. അനൂപ് | Mathrubhumi
ധ്യാൻ ശ്രീനിവാസൻ, സി. അനൂപ് | Mathrubhumi

തിരുവനന്തപുരം: അപൂര്‍വമായി മാത്രം ഫോണ്‍ വിളിച്ച് വിശേഷം ചോദിക്കാറുള്ള അമ്മയുടെ കോള്‍ ഈ പുതുവര്‍ഷദിനത്തില്‍ ധ്യാന്‍ ശ്രീനിവാസനെ തേടിയെത്തി. ദയനീയസ്വരത്തില്‍ അമ്മ ആവശ്യപ്പെട്ടു- 'ദയവായി ഈ വര്‍ഷം മുതല്‍ക്കെങ്കിലും ഇന്റര്‍വ്യൂകളില്‍ എന്നെക്കുറിച്ചുള്ള കഥകള്‍ പറയരുത്. ഒരമ്മയുടെ അപേക്ഷയാണ്...'. ഈ സംഭവം തൊട്ടടുത്ത ഇന്റര്‍വ്യൂവില്‍ത്തന്നെ വിശദമായി പറഞ്ഞ് ധ്യാന്‍ ലൈക്കുകളും കൈയടിയും വാരിക്കൂട്ടി.

'ധ്യാന്‍ എന്ന ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന മട്ടിലാണ് ഏത് സദസ്സിലും ഇന്റര്‍വ്യൂകളിലും ധ്യാനിന്റെയൊരു ലൈന്‍. അതില്‍ ജീവിതത്തിലെയും സിനിമയിലെയും അമളികളും തമാശകളും മുതല്‍ സെലിബ്രിറ്റി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വരെ വീണുപൊട്ടും. സിനിമകളെക്കാള്‍ ഹിറ്റാകുന്ന ഇന്റര്‍വ്യൂകളുമായി സിനിമാപ്രേമികളെ പിടിച്ചിരുത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ എത്തുമ്പോള്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദി അല്‍പം സരസമാകും. ഫെബ്രുവരി എട്ടു മുതല്‍ 11 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലാണ് ആരാധകരുടെ പ്രിയങ്കരനായ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ എത്തുന്നത്.

നവ്യാ നായരെ കല്യാണം കഴിക്കണമെന്ന സ്വപ്നമുള്‍പ്പെടെ പങ്കുവെച്ച ധ്യാനിന്റെ കുട്ടിക്കാല ഇന്റര്‍വ്യൂ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 20 വര്‍ഷം മുമ്പ് ആ ഇന്റര്‍വ്യൂ നടത്തിയ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സി. അനൂപ് തന്നെയാണ് രണ്ട് പതിറ്റാണ്ടിനിപ്പുറം മാതൃഭൂമി അക്ഷരോത്സവവേദിയിലും ധ്യാനിന്റെ മുന്നിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

'അച്ഛനും ചേട്ടനുമിടയിലെ പാവം ഞാന്‍' എന്ന പരിപാടി ഒരു മണിക്കൂറിലേറെ നീളുമ്പോള്‍ സെലിബ്രിറ്റി കഥകള്‍ മാത്രമാവില്ല, മലയാള സിനിമയുടെ പുതുതലമുറ നിലപാടുകള്‍കൂടി കാണികള്‍ക്ക് മുന്നിലെത്തും. അച്ഛന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയും അവര്‍ക്കിടയിലെ ഫലിതങ്ങളും ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമൊക്കെ കേട്ടിരിക്കാം. നര്‍മവും പുത്തന്‍ ചിന്തകളും നിറയുന്ന ന്യൂജെന്‍ ഇടമാകും അത്.

സെലിബ്രിറ്റി വെട്ടത്തില്‍ തിളങ്ങിനില്‍കുന്ന ഹണി റോസ്, തന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ പങ്കുവെക്കാനാണ് അക്ഷരോത്സവവേദിയിലെത്തുന്നത്. താരജീവിതത്തിനപ്പുറം ഒരു സിനിമാജീവിതമുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങനെ? ഹണി റോസില്‍നിന്നുതന്നെ ആ ഉത്തരങ്ങള്‍ കേട്ടറിയാം. സത്യന്‍ അന്തിക്കാട്, ബ്ലസി, ബേസില്‍ ജോസഫ്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങി മലയാള സിനിമയിലെ പ്രതിഭകള്‍ അക്ഷരോത്സവവേദിയെ സമ്പന്നമാക്കും. മാതൃഭൂമി അക്ഷരോത്സവത്തിലെ ഗൗരവ സാഹിത്യ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം ജനപ്രിയകലകളുടെ ഊഷ്മളമായ ഇടമാകും അത്.


 

Content Highlights: mbifl2024, Actor Dhyan Sreenivasan, Session at Mathrubhumi International Festival of Letters