‘കുഞ്ഞുങ്ങൾ കരച്ചിലടക്കാതാവുന്ന ലോകത്ത് സമാധാനം അകലെ, അക്രമത്തിലൂടെ നേടിയെടുക്കാമെന്ന ചിന്ത അപകടം’

#അശ്വതി രാജേന്ദ്രൻ
വിദിദ് ബുഷാമായി| ഫോട്ടോ: കെ. കെ. സന്തോഷ്‌
വിദിദ് ബുഷാമായി| ഫോട്ടോ: കെ. കെ. സന്തോഷ്‌

കാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലെത്താനുള്ള  ടുണീഷ്യയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ടുണീഷ്യൻ നാഷണൽ ഡയലോഗ് കോർട്ടറ്റ് എന്ന സംഘടനയാണ്. അതിന്റെ അമരത്തുണ്ടായിരുന്ന ഏക വനിതാ പ്രതിനിധിയാണ് 2015-ലെ സമാധാന നൊബേൽ പുരസ്കാര ജേതാവ് വിദിദ് ബുഷാമായി. കോഴിക്കോട് തുല വെൽനെസ് സെന്ററിലെ ചികിത്സയ്ക്കിടെ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു

കേരളത്തിലേക്കുള്ള യാത്ര?

കേരളം നല്ല സ്ഥലമാണ്. വൈവിധ്യങ്ങളുള്ള സ്ഥലം. ചികിത്സയുടെ ഭാഗമായാണ് തുലയിലെത്തിയത്. നടക്കാവ് സ്കൂൾ സന്ദർശിച്ചു. നല്ലൊരിടമായി മനസിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പൂ വിപ്ലവവും ടുണീഷ്യയും; എങ്ങനെ വിലയിരുത്തുന്നു?

23 വർഷത്തെ ഏകാധിപത്യത്തിന് അവസാനമിട്ടാണ് 2011-ൽ ടുണീഷ്യയിൽ ‘മുല്ലപ്പൂ വിപ്ലവ’വും ജനാധിപത്യം  ശ്രമങ്ങളും നടന്നത്. അന്ന് ജനങ്ങൾ സ്വാതന്ത്രത്തിനും ഭരണകൂടത്തിനും തൊഴിലിനും വേണ്ടി നിരന്തരം ശബ്ദമുയർത്തി. ഞങ്ങളുടെ കൂട്ടായ്മ അവരുടെ ശബ്ദത്തിന് ശക്തി നൽകി. ഇന്ന് ടുണീഷ്യ ജനാധിപത്യ രാജ്യമാണ്. ഭരണഘടനാനുസൃതമാണ്. സമ്പദ്ഘടന വികസിക്കുന്നു. ടൂറിസം വളർന്നു. ജനങ്ങൾക്ക് പ്രതീക്ഷ വർധിച്ചു. 100 ശതമാനം ജനാധിപത്യമെന്ന അവകാശവാദമില്ല, ജനാധിപത്യം വളർന്നുവികസിച്ചുകൊണ്ടിരിക്കുന്നു

സാമൂഹിക മാറ്റങ്ങൾക്ക് നേതൃത്വം നൽകാനുള്ള പ്രചോദനം എന്താണ്?

നമുക്കൊരോരുത്തർക്കും ജീവിതത്തിൽ ദൗത്യങ്ങളുണ്ട്. ഞാൻ ജനിച്ചുവളർന്ന നാട്ടിൽ സമാധാനത്തിലൂടെ ജനാധിപത്യം പുനസ്ഥാപിക്കാൻ പങ്ക് വഹിക്കുകയായിരുന്നു എന്റെ ദൗത്യം. അവകാശങ്ങൾ ചോദിക്കാൻ മടിക്കരുത്. അത് നിങ്ങളെ ദുർബലമാക്കും. ഉത്തരവാദിത്വം തിരിച്ചറിയുന്നതാണ് നമ്മുടെ പ്രചോദനം. 

നിലവിലെ സാഹചര്യത്തിൽ സമാധാനത്തെയും സ്വാതന്ത്ര്യത്തെയും എങ്ങനെ നിർവചിക്കാം?

എന്നെ സംബന്ധിച്ച് സമാധാനം ഒന്നിച്ചു ജീവിക്കാനാവുകയെന്നാണ്. അപ്പോൾ മാത്രമേ നമുക്ക് വൈവിധ്യങ്ങളെ സ്വീകരിക്കാൻ കഴിയൂ. അതാണ് നിലവിൽ സമൂഹത്തിനാവശ്യം. മറ്റുള്ളവരെ ബഹുമാനിക്കുന്നതാണ് സ്വാതന്ത്ര്യം.

ജെൻ-സീ വിപ്ലവത്തെ എങ്ങനെ വിലയിരുത്തുന്നു?

ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെയും അതിന്റെ ഭാഗമാകുന്നവരെയും നമ്മൾ ബഹുമാനിക്കണം. അവരുടെ ശബ്ദത്തിനും പ്രാതിനിധ്യത്തിനും സമൂഹത്തിൽ സ്ഥാനമുണ്ട്. ജെൻ സീക്കാർ (1997-നും 2004-നും ഇടയിൽ ജനിച്ചവർ) വിപ്ലവം നടത്തുന്നത് അവകാശങ്ങൾക്കുവേണ്ടിയാണ്, എന്നാൽ അക്രമത്തിലൂടെ നേടിയെടുക്കാമെന്ന ചിന്ത അപകടമാണ്. സമാധാനത്തിലൂടെ ആർക്കും പ്രതിഷേധിക്കാം, പോരാടാം.

2025-ലെ സമാധാന നൊബേൽ ജേതാവായ മരിയ മചാഡോയിനെക്കുറിച്ച് ട്രംപ് അനുകൂലിയാണെന്നും ഇസ്രയേലിനായി ശബ്ദിച്ചുവെന്നതടക്കമുള്ള വലിയ വിമർശനങ്ങളുയർന്നിരുന്നു. അതിനെ എങ്ങനെ കാണുന്നു?

ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു. അവർ ചെയ്ത നല്ല കാര്യങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. അതിനെ അംഗീകരിക്കണം. ആരും പൂർണരല്ല, പൂർണമായും ശരിയായിരിക്കാനും കഴിയില്ല. വിമർശനങ്ങളെ അങ്ങനെ കണ്ടാൽ മതിയാകും.

ഗാസയിലെ കുഞ്ഞുങ്ങളുടെ കരച്ചിലടങ്ങാതിരിക്കുമ്പോൾ, ലോകത്ത് സമാധാനത്തിന്റെ നിർവചനം തിരുത്തപ്പെടണ്ടേ?

തീർച്ചയായും, ഗാസയിൽ നടക്കുന്ന വംശഹത്യക്ക് കാരണം മനുഷ്യരാണ്. യുദ്ധം നടക്കുന്നിടങ്ങളിലെ യഥാർഥ പ്രശ്നവും പരിഹാരവും നമ്മൾ ചർച്ചചെയ്യുന്നുണ്ടോ? സമാധാനം അകലെയെങ്കിൽ, ഞാനും നിങ്ങളും അതിനുത്തരവാദിയാണ്. നമ്മൾ സ്വാർഥരായതുകൊണ്ടാണങ്ങനെ. കുഞ്ഞുങ്ങൾ കരച്ചിലടക്കാതാവുന്ന ലോകത്ത് സമാധാനം അകലെയാണ്.

സ്ത്രീപ്രാതിനിധ്യത്തിൽ തൃപ്തയാണോ? നൊബൽ സമ്മാനം എന്തുമാറ്റമുണ്ടാക്കി?

സ്ത്രീകൾ പോരാടണം, അവകാശങ്ങൾ നേടിയെടുക്കണം. സമൂഹത്തിലെ സ്ത്രീപ്രാതിനിധ്യം പൂർണമല്ല. പ്രതിസന്ധികൾക്കിടയിലും സ്ത്രീകൾ മുന്നേറുന്നത് പ്രതീക്ഷയാണ്. ഉയർന്ന സ്ഥാനങ്ങളിൽ വളരെ ചെറിയ ശതമാനം മാത്രമേ എത്തുന്നുള്ളു. ആ വിടവ് പരിഹരിക്കപ്പെടണം. നൊബൽ സമ്മാനം എന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ്. നമ്മുടെ പ്രവൃത്തികൾ അടയാളപ്പെടുന്നുണ്ടെന്നറിയുന്നതിൽ അഭിമാനം. നടക്കാവ് സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.

കേരളത്തിലെ വിദ്യാഭ്യാസസംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളം നല്ല മാതൃകയാണ്. പെൺകുട്ടികൾ മാത്രവും ആൺകുട്ടികൾ മാത്രവുമുള്ള സ്കൂളുകൾ കേരളത്തിലുണ്ട്. അതിനൊരു മാറ്റം കൊണ്ടുവരുന്നത് ആൺ-പെൺ സാമൂഹികബന്ധത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കും. ആൺ-പെൺ സ്കൂളുകൾ വേണ്ടെന്നാണ് അഭിപ്രായം. കൂടാതെ, സമാധാനം എന്ന വിഷയം പാഠ്യപദ്ധതിയിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്താം.

Content Highlights: Nobel Peace Prize winner Wided Bouchamaoui, instrumental in Tunisia`s democratic transition, shares her insights on peace, freedom, and social change.