എഴുത്ത് ഒരു ജൈവപ്രക്രിയയാണ്; പിറവിയും മരണവും പോലെയാണത് - വിനോദ് കുമാര്‍ ശുക്ല

2020- ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയവേളയില്‍ മാതൃഭൂമി പ്രതിനിധി കെ.എ.ജോണി വിനോദ് കുമാര്‍ ശുക്ലയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍;
എഴുത്തിന്റെ ലോകം വ്യത്യസ്തവും വിചിത്രവുമാണ്. ജീവിതത്തിന്റെ സവിശേഷമായ പ്രകാശനമാണ് എഴുത്തെന്ന് നിരീക്ഷണമുണ്ട്. അനശ്വരതയ്ക്കായുള്ള ഒരു വെമ്പല്‍ എഴുത്തിനു പിന്നിലുണ്ടെന്നും പറയാറുണ്ട്. താങ്കള്‍ എന്തുകൊണ്ടാണ് എഴുതുന്നത്
ജനങ്ങളോട് സംവദിക്കാനാണ് ഞാന്‍ എഴുതുന്നത്. എന്റെ സംസാരം എന്റെ എഴുത്താണ്. മരണം ഒരു നിതാന്ത സാന്നിധ്യമാണ്. മാംസവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം മനുഷ്യജീവിതത്തെ തീര്‍ച്ചയായും നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അനശ്വരതയെക്കുറിച്ച് ഞാന്‍ ആകുലപ്പെടാറില്ല. എഴുത്തിലൂടെ അനശ്വരനാവുക എന്റെ ലക്ഷ്യമല്ല. എഴുത്തിന് ഒരാളെ അനശ്വരനാക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ല. എഴുതാനുള്ള ത്വര ഉള്ളില്‍നിന്ന് വരുന്നതാണ്. നമ്മള്‍ എഴുതിപ്പോവുകയാണ്. ചില സവിശേഷ ജീവിതാനുഭവങ്ങള്‍ എഴുത്തിന് മൂര്‍ച്ച നല്‍കും. ഏതെങ്കിലുമൊരു തലത്തില്‍ നമ്മള്‍ അനുഭവിക്കാത്തതൊന്നുംതന്നെ നമ്മള്‍ എഴുതുന്നില്ല. എഴുത്ത് ഒരു ജൈവപ്രക്രിയയാണ്. പിറവിയും മരണവും പോലെയാണത്.
ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരന്‍
ഗജാനന്‍ മാധവ് മുക്തിബോധ്. മധ്യപ്രദേശുകാരനായ ഈ കവിയാണ് എന്റെ രചനാജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തെ പരിചയപ്പെട്ടതോടെ എന്റെ എഴുത്ത് കീഴ്മേല്‍ മറിഞ്ഞു. വിദ്യുത് പ്രവാഹത്താലെന്നപോലെ ഞാന്‍ പ്രകമ്പിതനായി. രചനയുടെ വ്യത്യസ്തവും വിഭിന്നവുമായ ചില തുറസ്സുകളിലൂടെ അദ്ദേഹം എന്നെ കൈപിടിച്ചു നടത്തി. മുക്തിബോധിനെ അറിഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ എഴുത്ത് ഇതുപോലെയാവില്ലായിരുന്നു.
അധികാരം ജനനന്മയ്‌ക്കെതിരാവുമ്പോള്‍ എഴുത്തുകാരന്റെ ദൗത്യമെന്താണ്
അധികാരവുമായി എഴുത്തുകാര്‍ക്ക് സന്ധിയില്ല. എല്ലാത്തരം അധികാരത്തിനുമെതിരാണ് ഞാന്‍. മാനവിതകയാണ് എന്റെ മതം.
Content Highlights: Writer Vinod Kumar Shukla's interview